ആ സ്ഥാനം ഇന്നും സമാന്തയ്ക്ക് മാത്രം, ശോഭിതയെ ഇഷ്ടമല്ലേ? ചേട്ടൻ മറന്നെങ്കിലും അഖിൽ അങ്ങനെയല്ലെന്ന് ആരാധകർ
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവങ്ങളിലൊന്നാണ് സമാന്ത-നാഗ ചെെതന്യ ഡിവോഴ്സ്. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ സന്തോഷിച്ചു. ഒരുമിച്ച് സിനിമകൾ ചെയ്യവെ പ്രണയത്തിലായി വിവാഹം ചെയ്ത താരങ്ങൾ പക്ഷെ നാല് വർഷത്തിനുള്ളിൽ ബന്ധം പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ പരസ്പരം ആലോചിച്ച് പിരിയുകയായിരുന്നു എന്നാണ് നാഗ ചെെതന്യ പറഞ്ഞത്. വേർപിരിയൽ തന്റെ ലോകം കീഴ്മേൽ മറിഞ്ഞത് പോലെയായിരുന്നെന്ന് ഒരിക്കൽ സമാന്തയും പറയുകയുണ്ടായി. പിരിഞ്ഞ ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു.
ഇരുവരും കഴിഞ്ഞ വർഷം വിവാഹിതരുമായി. സമാന്ത സംവിധായകൻ രാജ് നിഡിമാെരുവുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. നാഗ ചൈതന്യ-സമാന്ത വേർപിരിയലിൽ ഇരുവരുടെയും കുടുംബവും നിരാശരായിരുന്നു. എന്താണ് ഇരുവർക്കുമിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. നാഗ ചെെതന്യയുടെ കുടുംബവുമായി വലിയ അടുപ്പം സമാന്തയ്ക്കുണ്ടായിരുന്നു.
പ്രത്യേകിച്ചും ചെെതന്യയുടെ സഹോദരൻ അഖിൽ അക്കിനേനിയുമായി. അഖിലുമായുള്ള സൗഹൃദം സമാന്ത ഇന്നും തുടരുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ അഖിലിന് സമാന്ത പിറന്നാൾ ആശംസകൾ അറിയിച്ചത് ആരാധക ശ്രദ്ധ നേടിയിരുന്നു. സമാന്തയെ ഇപ്പോഴും സ്വന്തം കുടുംബാംഗം പോലെയാണോ അഖിൽ അക്കിനേനി കാണുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്.
അഖിലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പഴയ പോസ്റ്റാണ് അതിന് കാരണം. സമാന്ത, നാഗ ചെെതന്യ, മാതാപിതാക്കളായ നാഗാർജുന, അമല അക്കിനേനി എന്നിവർക്കൊപ്പം അഖിൽ നിൽക്കുന്ന ഫോട്ടോയാണിത്. ദീപാവലി ആഘോഷത്തിനെടുത്ത ഫോട്ടോയാണിത്. ഇവർ എന്റെയൊപ്പമുള്ളത് അനുഗ്രഹമാണ് എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരുന്ന ക്യാപ്ഷൻ.

പഴയ പോസ്റ്റ് കണ്ടെത്തിയ സമാന്തയുടെ ആരാധകർ കമന്റുകളിടുന്നുണ്ട്. എന്തുകൊണ്ടാണ് ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതെന്ന് ചിലർ ചോദിക്കുന്നു. അഖിലിന്റെ മനസിൽ ചേട്ടന്റെ ഭാര്യയായി ഇപ്പോഴും സമാന്തയാണ്, ശോഭിതയെ ഇഷ്ടമല്ലെന്നും കമന്റുണ്ട്. സമാന്തയും അഖിലും തമ്മിലുണ്ടായിരുന്ന അടുപ്പം ശോഭിതയും അഖിലും തമ്മിൽ ഇല്ലെന്നും വാദമുണ്ട്. സോഷ്യൽ മീഡിയയിൽ അഖിലിനൊപ്പമുള്ള ഫോട്ടോകളൊന്നും ശോഭിത പങ്കുവെക്കാറില്ല. എന്നാൽ സമാന്ത മിക്കപ്പോഴും അഖിലിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ടായിരുന്നു.
നാഗ ചെെതന്യയുടെ അമ്മയുടെ കുടുംബത്തിലെ ചിലർക്കും സമാന്ത ഇന്നും പ്രിയങ്കരിയാണ്. നാഗ ചെെതന്യയുടെ കസിനാണ് നടൻ റാണ ദഗുബതി. ഡിവോഴ്സിന് ശേഷവും സമാന്ത-റാണ സൗഹൃദം തുടർന്നു. സഹോദരിയെ പോലെയാണ് തനിക്ക് സമാന്തയെന്ന് റാണ ദഗുബതി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
വിവാഹ മോചനത്തിന് ശേഷം സമാന്ത കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. ഇപ്പോഴും ഇതിന്റെ ചികിത്സ തുടരുകയാണ്. രാജ് നിഡിമാെരുവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടെങ്കിലും സമാന്ത ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഫാമിലി മാൻ സീസൺ 2, സിതാഡെൽ എന്നീ പ്രൊജക്ടുകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം രാജ് നിഡിമാെരു വിവാഹിതനാണ്. ശ്യാമളി ഡെ എന്നാണ് ഭാര്യയുടെ പേര്. ഇരുവരും വിവാഹമോചിതരാണോ എന്ന് വ്യക്തമല്ല. അഭ്യൂഹങ്ങളോട് സമാന്ത വെെകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് നാഗ ചെെതന്യയും ശോഭിതയും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്നു. 2024 ഡിസംബർ നാലിനായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications











