'മുത്തച്ഛൻ മുൻകൂട്ടി കണ്ടു; അല്ലുവിന്റെ വളർച്ചയിൽ കുടുംബത്തിൽ അസ്വസ്ഥത; രാം ചരൺ എതിരാളിയായി വന്നു'
തെലുങ്ക് സിനിമാ ലോകത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ചരിത്രത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന തെലുങ്ക് നടനെന്ന ഖ്യാതിയാണ് അല്ലു അർജുന് ലഭിച്ചത്. 41 കാരനായ അല്ലുവിന്റെ കരിയറിലെ പൊൻതൂവലായി ദേശീയ പുരസ്കാരം മാറി. പുഷ്പ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടന് പുരസ്കാരം ലഭിച്ചത്. ജൂറിയുടെ അവാർഡ് നിർണയത്തിൽ എതിർപ്പും ഉയരുന്നുണ്ട്.
ദേശീയ പുരസകാരം ലഭിക്കാൻ മാത്രമുള്ള മികവ് പുഷ്പ എന്ന സിനിമയ്ക്കോ അല്ലു അർജുന്റെ പ്രകടനത്തിനോ ഇല്ലെന്ന് വിമർശകർ പറയുന്നു. പുരസ്കാരത്തിന് അർഹരായ നിരവധി അഭിനേതാക്കളുടെ പേരും ഉയർന്ന് വരുന്നുണ്ട്. എന്നാൽ അല്ലു അർജുൻ പുരസ്കാരത്തിന് അർഹനാണെന്ന വാദവും ശക്തമാണ്. അല്ലു അർജുനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ചന്ദനക്കടത്തുകാരനെക്കുറിച്ചുള്ള കഥ പറയുന്ന പുഷ്പ അവാർഡിന് അർഹമല്ലെന്ന് ഇദ്ദേഹം പറയുന്നു. കാന്തര, ചാർളി എന്നീ കന്നഡ സിനിമകൾ പുരസ്കാരത്തിന് അർഹമായിരുന്നു. പക്ഷെ ഇവയ്ക്ക് പുരസ്കാരം ലഭിക്കാത്തത് നിരാശാജനകമാണെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. അല്ലുവിന്റെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.
അല്ലു അർജുന്റെ അച്ഛന്റെ സഹോദരിയാണ് ചിരഞ്ജീവിയുടെ ഭാര്യ സുരേഖ. ഈ രണ്ട് കുടുംബങ്ങൾ ഒന്നിച്ചതിന് പിന്നിലെ കഥയും ഇദ്ദേഹം പങ്കുവെച്ചു. സിനിമാ പാരമ്പര്യമുള്ള കുടുംബമാണ് അല്ലുവിന്റേത്. അല്ലു, ചിരഞ്ജീവി കുടുംബം ഒന്നിക്കാൻ കാരണം അല്ലു സീതരാമയ്യ ( അല്ലു അർജുന്റെ അപ്പൂപ്പൻ ) ആണ്. അക്കാലത്ത് തെലുങ്കിൽ രണ്ട് കമ്മ്യൂണിറ്റികളാണ് സിനിമാ ലോകം അടക്കി വാണത്.

ഈ കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ആളാണ് ചിരഞ്ജീവി. സിനിമാ പശ്ചാത്തലവും ഇല്ലായിരുന്നു. എൺപതുകളിൽ ചിരഞ്ജീവി ശ്രദ്ധിക്കപ്പെട്ട് വന്നു. എന്നാൽ സിനിമാ ലോകത്തെ പൊളിറ്റിക്സ് മനസ്സിലാക്കിയ ചിരഞ്ജീവി പിൻബലമില്ലാതെ കരിയറിൽ വളരാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. അതിനിടെയാണ് സിനിമാ പശ്ചാത്തലമുള്ള അല്ലു സീതരാമയ്യയുടെ മകൾ സുരേഖയെ നടൻ വിവാഹം ചെയ്യുന്നത്.
ചിരഞ്ജീവി സൂപ്പർസ്റ്റാറായി വരുമെന്ന് അല്ലു സീതരാമയ്യ മുൻകൂട്ടി കണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ചിരഞ്ജീവിയുടെ വീട്ടു കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. താരമായ ചിരഞ്ജീവിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇങ്ങനെ മുന്നോട്ട് പോകവെയാണ് അല്ലു അർജുൻ നായകനായി അരങ്ങേറുന്നതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
നടൻ ഹീറോയായി വന്ന ആദ്യം സിനിമ തന്നെ ഹിറ്റായി. ഇത് കുടുംബത്തിൽ സംസാരമായി. ഏത് കുടുംബമാണെങ്കിലും ഉള്ളിൽ ചില പൊളിറ്റിക്സ് ഉണ്ടാകും. പക്ഷെ ചിരഞ്ജീവി ഇത് പക്വതയോടെ കൈകാര്യം ചെയ്തു. പുറത്തറിഞ്ഞാൽ മോശമാകുമെന്ന് അദ്ദേഹത്തിന് തോന്നി. അല്ലു അർജുന്റെ കരിയർ പടി പടിയായി വളർന്നു. ഇതിനിടെയാണ് ചിരഞ്ജീവിയുടെ മകൻ രാം ചരണിന്റെ കടന്ന് വരവ്. ഏറെക്കുറെ അല്ലുവിന്റെ എതിരാളിയായാണ് രാം ചരണെത്തിയതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
തെലുങ്കിൽ ഇന്ന് ഒരുപോലെ താരമൂല്യം ഉള്ളവരാണ് അല്ലു അർജുനും രാം ചരണും. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. സിനിമാ ലോകത്ത് ഇന്ന് ചിരഞ്ജീവി കുടുംബം പ്രബലരാണ്. അല്ലുവിനും രാം ചരണിനും പുറമെ നിഹാരിക, വരുൺ തേജ് തുടങ്ങിയവരെല്ലാം ഈ കുടുംബത്തിൽ നിന്നാണ്. കുടുംബാധിപത്യം ഏറ്റവും കൂടുതൽ പ്രകടമായി നിലനിൽക്കുന്ന ഇൻഡസ്ട്രികളിലൊന്നാണ് ടോളിവുഡ്.


Click it and Unblock the Notifications