അല്ലു അര്‍ജുനും ജനതാ ഗാരേജ് സംവിധായകനും ഒന്നിക്കുന്നു! സിനിമ പ്രഖ്യാപിച്ചു
അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിന്റെ വിജത്തിന് പിന്നാലെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് അല്ലു അര്‍ജുന്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനായി ഇരുനൂറ് കോടിയിലധികമാണ് ചിത്രം നേടിയത്. അല വൈകുന്ദപുരംലോയ്ക്ക് പിന്നാലെ അല്ലുവിന്റെ പുതിയൊരു സിനിമ കൂടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ജനതാ ഗാരേജ് ഒരുക്കിയ കൊരട്ടല ശിവയാണ് തെലുങ്ക് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ബഹുഭാഷാ ചിത്രം അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. 2022ലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സുധാകര്‍ മിക്കില്ലേനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനതാ ഗാരേജിനൊപ്പം മിര്‍ച്ചി, ആചാര്യ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് കൊരട്ടല ശിവ.
അതേസമയം പുഷ്പയാണ് അല്ലു അര്‍ജുന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയുടെ പോസ്റ്റര്‍ അടുത്തിടെ അല്ലു അര്‍ജുന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. ലോക് ഡൗണിന് പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അഞ്ച് ഭാഷകളിലാണ് അല്ലു അര്‍ജുന്‍ ചിത്രം ഒരുങ്ങുന്നത്.
ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുഷ്പ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. രാഷ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും.
ദേവി ശ്രീ പ്രസാദാണ് ഇത്തവണ അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു ചിത്രമായിരിക്കും പുഷ്പ. അതേസമയം രാംചരണിനെ നായകനാക്കിയുളള രംഗസ്ഥലത്തിന് ശേഷമാണ് സുകുമാര്‍ പുതിയ സിനിമയുമായി എത്തുന്നത്. ആര്യയുടെ വിജയത്തിന് പിന്നാലെയാണ് അല്ലു അര്‍ജുന് കേരളത്തിലും ആരാധകരുണ്ടായത്. തുടര്‍ന്ന് നടന്റെ മിക്ക ചിത്രങ്ങള്‍ക്കും കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.


Click it and Unblock the Notifications