അമ്മാവൻമാരുടെ പട ഒരുവശത്ത്, ഇടയിൽ ഭാര്യയുടെ പശ്ചാത്തലം; സ്നേഹ ചില്ലറക്കാരിയല്ല; താരകുടുംബത്തിനുള്ളിൽ
പുഷ്പ 2 ദ റൂൾ സിനിമാ ലോകത്ത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. അല്ലു അർജുന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. റെക്കോഡ് കലക്ഷൻ, പാൻ ഇന്ത്യൻ തലത്തിൽ പ്രശ്സതി, മികച്ച നടനുള്ള ദേശീയ പുരസ്കാരം തുടങ്ങി പുഷ്പയുടെ ആദ്യ ഭാഗം അല്ലു അർജുനുണ്ടാക്കിയ ഖ്യാതി ഏറെയാണ്. എന്നാൽ രണ്ടാം ഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏറെനാളം ഷൂട്ടിംഗ് നീണ്ട് പോയ സിനിമയാണ് പുഷ്പ 2.
രണ്ട് ഭാഗങ്ങൾക്കുമായി കരിയറിലെ നാല് വർഷത്തോളം നടൻ മാറ്റി വെച്ചു. രണ്ടാം ഭാഗത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുമ്പോൾ താരത്തിനും ആരാധകർക്കുമുള്ള നിരാശയിൽ ഇതെല്ലാം പ്രധാന ഘടകമാണ്. പുഷ്പ 2 വിന്റെ റിലീസിനോടനുബന്ധിച്ച് അല്ലു അർജുൻ നേരിട്ട വിവാദങ്ങളും ചെറുതല്ല. ചിത്രത്തിന്റെ പ്രീമിയറിനിടെ ഹൈദരബാദിലെ ഒരു തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ചു.

ഇതിന്റെ പേരിൽ അല്ലു അർജുനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമെതിരെ കേസ് വന്നിട്ടുണ്ട്. പുഷ്പ 2 വിന്റെ റിലീസിന് മുമ്പ് ചർച്ചയായ മറ്റൊരു കാര്യം അല്ലു അർജുനും അമ്മാവൻമാരുടെ കൊനിഡേല കുടുംബവും തമ്മിൽ അകൽച്ചയെന്ന അഭ്യൂഹങ്ങളാണ്. അല്ലു അർജുന്റെ അമ്മാവൻമാരാണ് ഇന്നത്തെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും മെഗാ സ്റ്റാർ ചിരഞ്ജീവിയും. അല്ലു-കൊനിഡേല കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പം നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ പുഷ്പ 2 വിന് ചിരഞ്ജീവി ആശംസകളിറിയില്ല. സിനിമയും രാഷ്ട്രീയവും ഇടകലർന്ന താര കുടുംബത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ ഇതോടെ പുറത്ത് വന്നു. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷമാദ്യം നടന്ന ലോക്സഭാ ഇലക്ഷനാണ് അസ്വാരസ്യങ്ങൾക്ക് കാരണമായത്. പവൻ കല്യാണിനെ ജന സേവ പാർട്ടിയുടെ എതിരാളികളായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി ശിൽപ്പ രവിചന്ദ്ര റെഡ്ഡിയുടെ വസതിയിൽ അല്ലു അർജുൻ കൂടിക്കാഴ്ച നടത്തി.

പവൻ കല്യാണിന്റെ പാർട്ടിക്കെതിരെ എന്ന തരത്തിൽ ആന്ധ്രപ്രദേശിൽ സംസാരം വന്നു. അല്ലു അർജുൻ വന്നെന്നറിഞ്ഞ് വസതിക്ക് മുന്നിൽ വൻ ജനക്കൂട്ടമെത്തി. ഇതോടെ ആന്ധ്ര പ്രൊലീസ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു. എന്നാൽ ഹൈക്കോടതി ഈ കേസ് തള്ളി. സന്ദർശനം വ്യക്തിപരമായിരുന്നെന്നാണ് ശിൽപ്പ രവിചന്ദ്ര റെഡ്ഡി വ്യക്തമാക്കിയത്. എന്നാൽ അധികാരത്തിലിരിക്കുന്ന പവൻ കല്യാണിന്റെ സർക്കാർ അല്ലു അർജുനെതിരെ കേസെടുത്തത് വലിയ തോതിൽ ചർച്ചയായി.
പുഷ്പ 2വിന്റെ പ്രി റിലീസ് ഇവന്റിൽ ചിരഞ്ജീവിയുടെയോ കൊനിഡേല കുടുംബത്തിന്റെയോ പേര് അല്ലു അർജുൻ പറയാത്തതും ചർച്ചയായി. മുമ്പ് കൊനിഡേല കുടുംബത്തിന്റെ പേരിലാണ് അല്ലു അർജുൻ സിനിമാ ലോകത്ത് ശ്രദ്ധ നേടിയതെങ്കിൽ ഇന്ന് അല്ലു കുടുംബം ടോളിവുഡിലെ പ്രബലരാണ്. ഇതും കൊനിഡേല കുടുംബത്തിന്റെ ഈഗോയ്ക്ക് കാരണമാണെന്ന് സംസാരമുണ്ട്.
ഇതിനൊക്കെ പുറമെ അല്ലു അർജുന്റെ ഭാര്യയുടെ കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഇപ്പോഴത്തെ സാഹചര്യത്തെ സങ്കീർണമാക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. പ്രമുഖ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡിയാണ് സ്നേഗഹ റെഡ്ഡുയുടെ പിതാവ്. കോൺഗ്രസ് പാർട്ടിയെയാണ് ഇദ്ദേഹം പിന്തുണയ്ക്കുന്നത്. നേരത്തെ ബിആർഎസ് പാർട്ടിയിലായിരുന്നു ഇദ്ദേഹം. രാഷ്ട്രീയത്തിൽ തനിക്ക് പക്ഷപാതിത്വം ഇല്ലെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം സുഹൃത്തുക്കളെയാണ് താൻ പിന്തുണയ്ക്കാറെന്നുമാണ് അല്ലു അർജുൻ നേരത്തെ വ്യക്തമാക്കിയത്.


Click it and Unblock the Notifications