കോടികൾ പൊട്ടിച്ചിട്ടും ഫലമില്ല; ആ സ്ഥാനം അല്ലുവിനല്ലാതെ മറ്റാർക്കും മലയാളികൾ നൽകില്ല; ചർച്ചയാക്കി ടോളിവുഡ്
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുടെ പാൻ ഇന്ത്യൻ തലത്തിലുള്ള വളർച്ച സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കുന്നത്. ഒരു കാലത്ത് സ്ത്രീ വിരുദ്ധതയുടെയും യഥാർത്ഥ്യത്തിന് നിരക്കാത്ത കഥകളുടെയും പേരിൽ ഏറ്റവും കൂടുതൽ പഴി കേട്ടതാണ് ടോളിവുഡും ടോളിവുഡിലെ താരങ്ങളും. ഇന്നും ഈ വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരുന്ന സിനിമകളുടെ പണിപ്പുരയായി തെലുങ്ക് സിനിമാ ലോകം മാറി.
ജൂനിയർ എൻടിആർ, പ്രഭാസ്, രാം ചരൺ, അല്ലു അർജുൻ എന്നീ താരങ്ങൾക്കാണ് പാൻ ഇന്ത്യൻ തലത്തിൽ വലിയ സ്വാധീനമുള്ളത്. ഏറെക്കുറെ ഒരേ കാലഘട്ടത്തിൽ സിനിമാ ലോകത്തേക്ക് കടന്ന് വന്നവരാണ് ഇവർ നാല് പേരും. ബാഹുബലിയിലൂടെ പ്രഭാസ് ആണ് ഇന്ത്യയൊട്ടുക്കും വൻ തരംഗം ആദ്യം സൃഷ്ടിച്ചത്. ആർആർആറിലൂടെ ജൂനിയർ എൻടിആറും രാം ചരണും ഇതേ ലീഗിലെത്തി. പുഷ്പയിലൂടെ ഈ ഖ്യാതി അല്ലു അർജുനും ലഭിച്ചു.

എന്നാൽ പാൻ ഇന്ത്യൻ താരമാകുന്നതിന് മുമ്പേ അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനാണ്. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഒരു കാലത്ത് തരംഗമായിരുന്നു. ആര്യ എന്ന സിനിമയിലൂടെയാണ് ഈ ട്രെൻഡ് തുടങ്ങിയത്. പിന്നീട് വന്ന ബണ്ണി, കൃഷ്ണ, ഹാപ്പി തുടങ്ങിയ സിനിമകളെല്ലാം വൻ ഹിറ്റായി. മല്ലു അർജുൻ എന്ന് ആരാധകർ നടനെ വിളിക്കാൻ തുടങ്ങി. കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലു അർജുനും മുമ്പ് സംസാരിച്ചിട്ടുണ്ട്.
ടോളിവുഡിലെ മറ്റാർക്കും കേരളത്തിൽ ഇത്രമാത്രം സ്വാധീനമുണ്ടാക്കാനായിട്ടില്ല. നടൻ ജൂനിയർ എൻടിആറിന്റെ ദേവര എന്ന സിനിമയുടെ കലക്ഷൻ ഇതിന് തെളിവാണ്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നും സിനിമയ്ക്ക് ലഭിച്ച കലക്ഷൻ 1.23 കോടി രൂപയാണ്. ഏഴാമത്തെ ദിവസം സിനിമയ്ക്ക് ആകെ കേരളത്തിൽ നിന്നും ലഭിച്ചത് 3 ലക്ഷം രൂപ മാത്രമായിരുന്നു.

16 കോടിക്ക് മുകളിലാണ് സിനിമയുടെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ റൈറ്റ്സിന് കൊടുത്ത തുക. അതേസമയം കേരളത്തിന് പുറത്ത് മറ്റിടങ്ങളിൽ ദേവരയ്ക്ക് താരതമ്യേന മികച്ച കലക്ഷൻ ലഭിച്ചിട്ടുണ്ട്. ആർആർആറിന് ശേഷം ആഗോള തലത്തിൽ പ്രശസ്തി ലഭിച്ച താരമാണ് ജൂനിയർ എൻടിആർ. എന്നാൽ കേരളത്തെ സംബന്ധിച്ച് ഇന്നും ജനപ്രിയ തെലുങ്ക് താരം അല്ലു അർജുനാണ്.
താരങ്ങളുടെ ആരാധകരും തെലുങ്ക് സിനിമാ ലോകവും ഇതിനോടകം ഇക്കാര്യം ചർച്ചയാക്കിയിട്ടുണ്ട്. ജൂനിയർ എൻടിആറിനോ, രാം ചരണിനോ ഒരിക്കലും കേരളത്തിൽ അല്ലുവിനുള്ള സ്ഥാനം ലഭിക്കാനിടയില്ലെന്ന് ശക്തമായ വാദമുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലു അർജുന്റെ വരാനിക്കുന്ന സിനിമ. ചിത്രം കേരളത്തിൽ നേടുന്ന കലക്ഷൻ എത്രയെന്ന് അറിയാൻ കാത്തിരിക്കുകയാണ് ടോളിവുഡ്. ഏറെനാളായി പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് നീണ്ട് പോകുകയാണ്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











