അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം, രേവതിക്ക് നീതി ലഭിക്കണമെന്ന് ആവശ്യം; പത്തോളം പേർ അറസ്റ്റിൽ
അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം, പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് വീട് ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി. ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. രേവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. രേവതിയുടെ എട്ട് വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ നാലിനാണ് സംഭവം നടക്കുന്നത്. ഹെെദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 വിന്റെ റിലീസിനോടനുബന്ധിച്ച് എത്തിയതായിരുന്നു അല്ലു അർജുൻ.

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. പൊലീസ് മുന്നറിയിപ്പ് അല്ലു അർജുൻ അവഗണിച്ചെന്നാണ് തെലങ്കാന സർക്കാർ ആരോപിക്കുന്നത്. യുവതി മരിച്ചെന്ന് കേട്ടപ്പോൾ സിനിമ ഹിറ്റാകുമെന്ന് നടൻ ചിരിയോടെ പറഞ്ഞെന്ന് താനറിഞ്ഞതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം ആരോപിച്ചു. എന്നാൽ ആരോപണം അല്ലു അർജുൻ നിഷേധിച്ചു.


Click it and Unblock the Notifications











