'എത്ര പരിശ്രമിച്ചാലും അഖിലിന് വിജയം നേടാൻ കഴിയില്ല, നടന്റെ പരാജയങ്ങൾക്ക് കാരണം അമ്മ അമലയാണ്'; ജോത്സ്യൻ!
മാതാപിതാക്കൾ സിനിമയിലുള്ളവരാണെങ്കിൽ മക്കളും സ്വാഭാവികമായി സിനിമയിലേക്ക് വരും. അത്തരത്തിൽ അഭിനയത്തിലേക്ക് എത്തിയ രണ്ട് താരപുത്രന്മാരാണ് അഖിൽ അക്കിനേനിയും നാഗചൈതന്യ അക്കിനേനിയും. അമ്മ അമലയുടേയും അച്ഛൻ നാഗാർജുനയുടേയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയതെങ്കിലും കാര്യമായി ശോഭിക്കാനോ സ്റ്റാർഡം നിലനിർത്താനോ രാംചരണിനേയോ അല്ലു അർജുനെപ്പോലെയോ തെലുങ്ക് സിനിമയുടെ മുഖമാകാനോ ഇരുവർക്കും സാധിച്ചിട്ടില്ല.
തുടരെ തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന നടനാണ് അഖിൽ. ഇതുവരെ വിരലിലെണ്ണാവുന്ന വളരെ കുറച്ച് സിനിമകൾ മാത്രമാണ് അഖിലിന്റേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ബാലതാരമായി 1995ൽ സിസിൻദ്രി എന്ന സിനിമയിലൂടെയാണ് അഖിലിന്റെ അരങ്ങേറ്റം. പിന്നീട് 2014ൽ മനം എന്ന സിനിമയിൽ കാമിയോ റോൾ ചെയ്തു.

ശേഷം 2015ൽ അഖിൽ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. അഖിലിന്റേതായി ആറ്റാടുക്കുണ്ടം രാ, ഹലോ, മിസ്റ്റർ മജ്നു, മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്നീ സിനിമകൾ തിയേറ്ററുകളിലെത്തി. ഒന്നും കാര്യമായി വിജയം നേടിയില്ല. അഖിലിന്റെ പരാജയത്തിന് കാരണം അമ്മ അമലയാണെന്നാണ് ജോത്സ്യൻ പറയുന്നത്.
ഏറ്റവും അവസാനം പുറത്തിറങ്ങിയ അഖിൽ അക്കിനേനിയുടെ ഏജന്റ് എന്ന പാൻ ഇന്ത്യൻ സിനിമയും ബോക്സ് ഓഫീസിൽ കൂപ്പുകുത്തുകയാണ്. മമ്മൂട്ടിയും പ്രധാന വേഷം ചെയ്ത സിനിമ ബിഗ് ബജറ്റിൽ ഒരുങ്ങിയതാണ്. പക്ഷെ മുതൽ മുടക്ക് പോലും കലക്ട് ചെയ്യാൻ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് അഖിലിന്റെ ഏജന്റ് സിനിമയെ കുറിച്ചും താരത്തിന്റെ സിനിമാ ഭാവിയെ കുറിച്ചും സെലിബ്രിറ്റി ജോത്സ്യൻ വേണു സ്വാമി വിവാദ പ്രസ്താവന ഇറക്കിയത്.
പണ്ടും അഖിൽ അക്കിനേനിയുടെ അവസ്ഥ നല്ലതല്ലെന്നും എത്ര ശ്രമിച്ചിട്ടും ഒരു ഫലവും കിട്ടിയില്ലെന്നും അഖിലിന്റെ ജാതകത്തിൽ നാഗദോഷമുണ്ടെന്നും ഈ ദോഷമുള്ളവർ സ്വന്തം തീരുമാനങ്ങൾ എടുക്കണമെന്നും ആരുടേയും ഉപദേശം അനുസരിക്കരുതെന്നും വേണു സ്വാമി പറഞ്ഞു. ജാതകപ്രകാരം അമ്മ ചന്ദ്രന്റെ പിതാവ് സൂര്യന്റെ പ്രതീകമാണ്.
ചന്ദ്രൻ അഖിലിന്റെ ജാതകത്തിൽ ഏറ്റവും താഴ്ന്ന സ്ഥാനത്ത് നിൽക്കുന്നതിനാൽ അഖിലിന്റെ അമ്മ അമലയുടെ ഇടപെടൽ അവന്റെ ജീവിതത്തിൽ നല്ലത് നൽകില്ല. ജാതകം നോക്കിയപ്പോൾ അഖിലിന്റെ തകർച്ചയ്ക്ക് കാരണം അമ്മയാണെന്നും വേണു സ്വാമി പറഞ്ഞു. യഥാർത്ഥത്തിൽ വേണു സ്വാമി എന്ന സെലിബ്രിറ്റി ജോത്സ്യന് സിനിമാ മേഖലയിൽ നല്ല മതിപ്പാണ്.

മുമ്പ് നടി രശ്മിക മന്ദാന അടക്കമുള്ളവർ അദ്ദേഹത്തിന്റെ അടുത്ത് ഉപദേശങ്ങളും പ്രാർഥനകളും തേടി വരുമായിരുന്നു. അദ്ദേഹം അഭിപ്രായങ്ങൾ പിന്തുടർന്നാണ് രശ്മിക ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. എത്ര പരിശ്രമിച്ചാലും അഖിലിന് വിജയം നേടാൻ കഴിയില്ലെന്നും വേണു സ്വാമി പറയുന്നു.
മാത്രമല്ല സാമന്ത-നാഗചൈതന്യ ജാതകമനുസരിച്ച് അധികനാൾ ഇരുവർക്കും ഒരുമിച്ച് നിൽക്കാൻ കഴിയില്ലെന്ന് വിവാഹ വേളയിൽ വേണു സ്വാമി പറഞ്ഞതും ഈ അടുത്ത കാലത്ത് വൈറലായിരുന്നു. നാല് വർഷത്തെ ദാമ്പത്യ ജീവിതം സാമന്തയും നാഗചൈതന്യയും 2021ലാണ് അവസാനിപ്പിച്ചത്. ഇപ്പോൾ ഇരുവരും അഭിനയത്തിൽ ശ്രദ്ധകൊടുത്ത് ജീവിക്കുകയാണ്.
അഖിൽ തന്റെ കരിയർ ഉയർത്തി കൊണ്ടുവരുന്നതിന് സഹായം തേടി വേണു സ്വാമിയെ സമീപിക്കുമോയെന്ന് കണ്ടറിയണം. സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ രചന സുരേന്ദർ റെഡ്ഡിയാണ് നിർവ്വഹിച്ചിരിക്കുന്നത്. അഖിൽ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിലിന്റേയും ആഷിഖിന്റേയും യൂലിൻ പ്രൊഡക്ഷൻസാണ് കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications