അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്? അന്നെത്ര സുന്ദരിയായിരുന്നു; പുതിയ ചിത്രം കണ്ട് ആരാധകർ
തെന്നിന്ത്യൻ സിനിമകളിൽ വൻ താരമൂല്യമുളള നടിയാണ് അനുഷ്ക ഷെട്ടി, കർണാടകക്കാരിയായ അനുഷ്ക തെലുങ്ക് സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്. യോഗ പരിശീലകയായി പ്രവർത്തിക്കവെയാണ് അനുഷ്ക സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. സൂപ്പർ താരങ്ങൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന സ്ക്രീൻ പ്രസൻസാണ് അനുഷ്കയെ വ്യത്യസ്തയാക്കിയത്.
തുടക്ക കാലത്ത് അതീവ ഗ്ലാമറസായി അഭിനയിക്കാനും അനുഷ്ക മടി കാണിച്ചില്ല. ഗാന രംഗങ്ങളിലൂടെ അനുഷ്ക ഷെട്ടി ഒരുകാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. വിജയ്, രജിനികാന്ത്, സൂര്യ, വിക്രം തുടങ്ങിയ താരങ്ങൾക്കൊപ്പം അനുഷ്ക അഭിനയിച്ചു.

തെലുങ്കിൽ നിന്നാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നടിക്ക് ലഭിച്ചത്. കരിയറിൽ ആദ്യ വഴിത്തിരാവാകുന്ന അരുദ്ധതി, പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ബാഹുബലി എന്നീ ഹിറ്റുകൾ അനുഷ്കയ്ക്ക് നൽകിയത് തെലുങ്ക് സിനിമാ ലോകമാണ്.
തമിഴിൽ നയൻതാരയ്ക്കുള്ള താരമൂല്യം തെലുങ്കിൽ അനുഷ്ക ഷെട്ടിക്കുണ്ട്. ബാഹുബലി എന്ന സിനിമയാണ് അനുഷ്കയുടെ താരമൂല്യം കുത്തനെയുയരാൻ കാരണമായത്. ഇതിന് ശേഷം ബാഗ്ദമതി എന്ന സിനിമയും ഹിറ്റായി.

രാജകീയ വേഷങ്ങളിൽ മറ്റാരേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക. ബാഹുബലിക്ക് ശേഷം ഒപ്പമഭിനയിച്ച പല താരങ്ങളും തുടരെ സിനിമകൾ ചെയ്തെങ്കിലും അനുഷ്കയെ പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ല. നടിയുടെ കരിയറിൽ എന്താണ് സംഭവിച്ചതെന്ന് പലപ്പോഴും ചോദ്യം വരാറുണ്ട്.
ചിലർ നടി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതാണെന്ന് പറയുമ്പോൾ ചിലരാവട്ടെ നടിയുടെ വണ്ണമാണ് കരിയറിൽ വില്ലനാവുന്നതെന്ന് പറയുന്നു.
സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അനുഷ്ക ഷെട്ടി ശരീര ഭാരം കൂട്ടിയത്. കേന്ദ്ര കഥാപാത്രമായ ഈ സിനിമയിൽ നടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

അതിനാലാണ് കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന സമയത്ത് നടി വണ്ണം കൂട്ടിയത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മാത്രവുമല്ല പഴയ മെലിഞ്ഞ ശരീരത്തിലേക്ക് പോവാൻ അനുഷ്കയ്ക്ക് കഴിഞ്ഞതുമില്ലത്രെ.
ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മഹാശിവരാത്രിക്ക് കുടുംബത്തോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അനുഷ്ക ഷെട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി വല്ലാതെ തടി വെച്ചെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. വണ്ണം കുറച്ച് പഴയ പോലെ സിനിമകളിൽ സജീവമാവൂയെന്നും ചിലർ കുറിച്ചു.

നടിയുടെ പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നു. എന്നാൽ നടിയെ പിന്തുണച്ച് കൊണ്ട് ആരാധകരെത്തി. തടി വെച്ചെങ്കിലും നടി സുന്ദരിയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള ബോഡി ഷെയ്മിംഗ് അവസാനിപ്പിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
നാളുകളായി ഇത്തരത്തിലുള്ള കമന്റുകൾ വരാറുണ്ടെങ്കിലും അനുഷ്ക ഇതൊന്നും കാര്യമാക്കാറില്ല. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന അനുഷ്ക സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല.

അടുത്തിടെയായിരുന്നു നടിയുടെ 40ാം പിറന്നാൾ. നേരത്തെ പലതവണ ഗോസിപ്പുകൾ വന്നെങ്കിലും അനുഷ്ക ഷെട്ടി ഇതുവരെ വിവാഹത്തിന് തയ്യാറായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് നടി പ്രതികരിക്കാറുമില്ല. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത പുതിയ ചിത്രത്തിൽ ഒരു ഷെഫ് ആയാണ് അനുഷ്ക അഭിനയിക്കുന്നത്.


Click it and Unblock the Notifications