തെലുങ്ക് അയ്യപ്പനും കോശിയിലും പവർ കല്യാൺ പാട്ട് പാടും...
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഈ വർഷം പുറത്തിറങ്ങിയത്. 2020 ൽ തിയേറ്ററുകളിൽ ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും മുഖാമുഖം എത്തിയ ചിത്രം പ്രേക്ഷകർ തിയേറ്ററുകളിൽ ആഘോഷമാക്കുകയായിരുന്നു. ഫെബ്രുവരി 7 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കേരളത്തിന് പുറത്തും സച്ചിയുടെ അയ്യപ്പനും കോശിയും ചർച്ച വിഷയമായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം റീമേക്കിന് ഒരുങ്ങുന്നുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനെ കുറിച്ചാണ്. പവർ സ്റ്റാർ പവൻ കല്യാൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ താരം അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് ചെറിയ മാറ്റത്തോടെയാണ് തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. ചിത്രത്തിലെ പാട്ടിനെ കുറിച്ചാണ് പുതിയ റിപ്പോർട്ട് പ്രചരിക്കുന്നത്.
മലയാളം പതിപ്പിലെ പോലെ ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലിപിക്കുന്നത് പവൻ കല്യാൺ ആണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. സംഗീത സംവിധായകൻ തമിയാണ് സിനിമയ്ക്കായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. മലയാളത്തിൽ ടൈറ്റിൽ ഗാനം പൃഥ്വിരാജും ബിജു മേനോനും ചേർന്നാണ് ആലപിച്ചത്. അതുപോലെ തെലുങ്കിലും പവൻ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് സംഗീത സംവിധായകൻ ആലോചിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
സാഗർ ചന്ദ്രയാണ് തെലുങ്ക് അയ്യപ്പനും കോശിയും സംവിധാനം ചെയ്യുന്നത്. അതേ സമയം മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നായികയായി മംമ്ത മോഹൻദാസ്, സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരുടെ പേര് പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പകർപ്പ് അവകാശം നടൻ ജോൺ എബ്രഹാമാണ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











