ശ്രീദേവിയുടെ നായകനായില്ല; കാരണം അച്ഛന്റെ നിബന്ധന; ഇന്ന് മകളുടെ പ്രായമുള്ള നടിമാർക്കൊപ്പം ബാലകൃഷ്ണ
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നടൻ രാഷ്ട്രീയത്തിലും പ്രബല സാന്നിധ്യമായിരുന്നു. ആരാധകരുടെ വലിയൊരു നിര തന്നെ ഉണ്ടെങ്കിലും അതോടൊപ്പം തന്നെ വിമർശകരും ബാലകൃഷ്ണയ്ക്കുണ്ട്. അടുത്തിടെ നടി അഞ്ജലിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയതിൽ ബാലകൃഷ്ണയ്ക്ക് നേരെ വ്യാപക വിമർശനം വന്നു. നടിയുടെ സിനിമയുടെ ഇവന്റിന് എത്തിയ ബാലകൃഷ്ണ അഞ്ജലിയെ പിടിച്ച് തള്ളുകയായിരുന്നു.
വ്യാപപക വിമർശനം വന്നെങ്കിലും ഇതേക്കുറിച്ച് വിശദീകരണം നൽകാൻ പോലും ബാലകൃഷ്ണ തയ്യാറായില്ല. ഇതാദ്യമായല്ല ബാലകൃഷ്ണ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, ആരാധകരെ തല്ലിയത്, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് തുടങ്ങിയ സംഭവങ്ങളെല്ലാം ബാലകൃഷ്ണയ്ക്ക് നേരെ ട്രോളുകളും വിമർശനങ്ങളും വരാൻ കാരണമായി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനത്താൽ മിക്കവരും നടന് നേരെ പ്രതികരിക്കാറില്ല.

മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. 80 കളിൽ ബാലകൃഷ്ണ ടോളിവുഡിൽ തരംഗം സൃഷ്ടിച്ചു. ആന്ധ്രയിലെയും തെലുങ്കാനയിലെയും പ്രമുഖ താരം ആണെങ്കിലും ഈ സംസ്ഥാനങ്ങൾക്ക് പുറത്ത് ബാലകൃഷ്ണയ്ക്ക് കൂടുതലും ഹേറ്റേഴ്സാണ്. 64 കാരനായ ബാലകൃഷ്ണ ഇന്നും ചെറുപ്പക്കാരായ നായികമാർക്കൊപ്പമാണ് അഭിനയിക്കാറുള്ളത്. നടന്റെ ഡാൻസിനെ പരിഹസിക്കുന്നവരും ഏറെയാണ്.
80 കളിലെ മുൻനിര നായികമാർക്കൊപ്പമെല്ലാം ബാലകൃഷ്ണ നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടി ശ്രീദേവിക്കൊപ്പം ബാലകൃഷ്ണ നായകനായി അഭിനയിച്ചിട്ടില്ല. അക്കാലത്ത് ചിരഞ്ജീവി അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം ശ്രീദേവി തുടരെ അഭിനയിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്. ബാലകൃഷ്ണ തന്റെ പിതാവ് എൻടി രാമറാവുവിന് നൽകിയ വാക്കാണ് ഇതിന് കാരണം. എൻടി രാമറാവുവിന്റെ നായികയായി നിരവധി സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

ശ്രീദേവി-എൻടിആർ ജോഡി പ്രേക്ഷകർ ആഘോഷമാക്കി. പിന്നീട് അടുത്ത തലമുറയിലെ സൂപ്പർതാരങ്ങളുടെ നായികയായും ശ്രീദേവി അഭിനയിച്ചു. ചിരഞ്ജീവി, നാഗാർജുന, വെങ്കടേശ് തുടങ്ങിയവർക്കൊപ്പമെല്ലാം ഹിറ്റ് സിനിമകൾ ശ്രീദേവി ചെയ്തു. എന്നാൽ ശ്രീദേവി തന്റെ മകന്റെ നായികയാവരുതെന്ന് എൻടിആർ ആഗ്രഹിച്ചു. തന്റെ സിനിമകളിൽ അഭിനയിച്ചതിനാൽ ശ്രീദേവി മകന് അമ്മയെ പോലെയാണ്. അതിനാലാണ് ഇങ്ങനെയൊരു നിബന്ധന എൻടിആർ ബാലകൃഷ്ണയ്ക്ക് മുന്നിൽ വെച്ചത്.
അക്കാലത്ത് ശ്രീദേവിയുടെ നായകനായി അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത സൂപ്പർതാരങ്ങൾ ചുരുക്കമാണ്. ജയപ്രദ, ശ്രീദേവി, ജയസുധ എന്നിവരായിരുന്നു ഒരു കാലഘട്ടത്തിൽ തെലുങ്കിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാർ. ശ്രീദേവി പിന്നീട് ഇവരേക്കാളും വലിയ താരറാണിയായി മാറി. ഹിന്ദി സിനിമകളിൽ മികച്ച അവസരങ്ങൾ ശ്രീദേവിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ നായകരോട് ഒപ്പത്തിനൊപ്പം നിൽക്കാനുള്ള താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർതാരമായാണ് ശ്രീദേവി അറിയപ്പെട്ടത്. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ ഞെട്ടിച്ചു.


Click it and Unblock the Notifications











