ബാലയ്യ വീട്ടിലും ദേഷ്യക്കാരൻ? ഭർത്താവിന്റെ പെരുമാറ്റത്തെ ന്യായീകരിച്ച് വസുന്ധര; നടന്റെ കുടുംബജീവിതം
തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ച് ആരാധ്യ പുരുഷനാണ് നടൻ ബാലയ്യ. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടന് രാഷ്ട്രീയത്തിലും സ്വാധീനമുണ്ട്. മലയാളികൾ വ്യാപകമായി ട്രോളിയിരുന്ന ബാലയ്യ പക്ഷെ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പ്രശംസിക്കപ്പെട്ടു. 2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന സിനിമയിലെ രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സിനിമയയിലെ ബാലയ്യയുടെ പ്രകടനം ഏവരെയും അമ്പരപ്പിച്ചു. ഇത്രയും നല്ല നടനായിരുന്നോ ബാലയ്യ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചോദ്യം.
അതേസമയം ഓഫ് സ്ക്രീനിൽ ബാലയ്യയെ ഭയക്കുന്നവർ ഏറെയാണ്. സിനിമാ രംഗത്തുള്ളവർ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ് ബാലയ്യ. പൊതുവേദിയിൽ ആയാലും തന്റെ ദേഷ്യം നടൻ പ്രകടിപ്പിക്കും. ബാലയ്യുടെ ദേഷ്യം കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ബാലയ്യയുടെ കുടുംബജീവിതവും ആരാധക ശ്രദ്ധ നേടാറുണ്ട്. 63 കാരനായ ബാലയ്യ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. വസുന്ധര ദേവി എന്നാണ് നടന്റെ ഭാര്യയുടെ പേര്. 1982 ലായിരുന്നു വസുന്ധരയുടെയും ബാലയ്യയുടെയും വിവാഹം. 22ാം വയസ്സിലാണ് ബാലയ്യ വിവാഹിതനാകുന്നത്. നര ബ്രഹ്മനി, തേജസ്വിനി എന്നീ രണ്ട് പെൺമക്കളും നന്ദമുരി മോക്ഷാഗ്ന തരക രാമ തേജ എന്ന മകനും ഇവർക്കുണ്ട്.
ഭാര്യ വസുന്ധര ദേവിയെക്കുറിച്ച് പൊതുവേദികളിൽ അപൂർവമായേ നടൻ സംസാരിച്ചിട്ടുള്ളൂ. മുമ്പൊരിക്കൽ ബാലയ്യയുടെ വിവാഹ ജീവിതത്തെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ദേഷ്യക്കാരനായ ബാലയ്യയെ പലർക്കും പേടിയാണെങ്കിലും ഭാര്യക്ക് പേടിയില്ല. ബാലയ്യയുടെ ദേഷ്യമാണ് ഇവരെ ആകർഷിച്ചതും. ഒരു വിവാഹച്ചടങ്ങിൽ വെച്ചാണ് ബാലയ്യയെ വസുന്ധര ആദ്യമായി കാണുന്നത്. പരിചയപ്പെട്ട് കുറച്ച് സമയത്തിനുള്ളിൽ തന്നെ ബാലയ്യയോട് ഇവർക്ക് ഇഷ്ടം തോന്നി. വിവാഹ ആലോചന വന്നപ്പോൾ ഉടൻ തന്നെ വസുന്ധര സമ്മതം അറിയിക്കുകയും ചെയ്തു.

ബാലയ്യയുടെ ദേഷ്യത്തെ മുമ്പൊരിക്കൽ വസുന്ധര ദേവി ന്യായീകരിച്ചിട്ടുമുണ്ട്. 2019 ൽ ഇലക്ഷനിൽ മത്സരിച്ചപ്പോൾ ബാലയ്യ അണികളോടും ആരാധകരോടും ദേഷ്യപ്പെട്ട വീഡിയോകൾ വൈറലായി. ഹിന്ദുപുർ മണ്ഡലത്തിൽ നിന്നും എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ച ബാലയ്യയുടെ വോട്ട് കുറയാൻ ഇത് കാരണമാകുമെന്ന സംസാരം വന്നു. ഈ സാഹചര്യത്തിലാണ് ഭർത്താവിന്റെ ദേഷ്യത്തെക്കുറിച്ച് വസുന്ധര സംസാരിച്ചത്. ആരാധകരുടെ പെരുമാറ്റമാണ് ബാലയ്യെ ദേഷ്യം പിടിപ്പിക്കുന്നത്. ആരാധകരെ അദ്ദേഹം സ്വന്തം ആളുകളായാണ് കാണുന്നത്.
അത് കൊണ്ടാണ് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യം എടുക്കുന്നത്. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് അത് പ്രശ്നമല്ല. എതിരാളികളാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്ന് വസുന്ധര പറഞ്ഞു. ബാലയ്യയുടെ സഹായ മനസ്കതയെക്കുറിച്ചും അന്ന് ഭാര്യ സംസാരിച്ചു. പാവപ്പെട്ടവർ കഷ്ടപ്പെടുന്നത് അദ്ദേഹം സഹിക്കില്ല. തന്റെ ആശുപത്രിയിലേക്ക് ആര് വന്നാലും അവരുടെ ചികിത്സ അദ്ദേഹം നടത്തും. രോഗികൾക്ക് ചികിത്സിക്കാൻ പണം ഇല്ലെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിന്റെ സഹായത്തോടെയോ അതില്ലാതെയോ അദ്ദേഹം ചികിത്സ ഉറപ്പാക്കുമെന്നും അന്ന് വസുന്ധര പറഞ്ഞു. രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ബാലയ്യയുടെ കുടുംബത്തിനും ഉണ്ട്.
നടന്റെ മരുമകൻ നര ലോകേഷ് രാഷ്ട്രീയ നേതാവാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന്റെ മകനാണ് നര ലോകേഷ്. രണ്ടാമത്തെ മരുമകൻ ശ്രീഭാരത് അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവ് എംഎവിവിഎസ് മൂർത്തിയുടെ കൊച്ചുമകനാണ്. വീരസിംഹ റെഡ്ഡിയാണ് ബാലയ്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











