റിലീസിന്റെ തലേദിവസം ഭാര്യയുടെ മുഖം കണ്ട് ഞാൻ തളർന്നു; അന്ന് ഉറങ്ങിയില്ല; ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചിരഞ്ജീവി
മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി നായകനായെത്തിയ സിനിമയിൽ നയൻതാരയാണ് നായിക. ലൂസിഫറിനേക്കാളും ആക്ഷൻ മാസ് രംഗങ്ങൾ സിനിമയിലുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലേക്ക് സിനിമയുടെ കഥയെ മാറ്റിയിട്ടുണ്ട്. അതിനാൽ തന്നെ ഗോഡ്ഫാദറിനെ ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവിയുടെ ആരാധകർ. സിനിമ വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് കൊണ്ട് നടി നയൻതാരയും ഔദ്യോഗിക പ്രസ്താവനയിറക്കി.
ചിരഞ്ജീവിയെ സംബന്ധിച്ച് കരിയറിലെ നിലവിലെ സാഹചര്യത്തിൽ അനിവാര്യമായ വിജയമാണ് ഗോഡ്ഫാദർ നൽകിയിരിക്കുന്നത്. ഇതിന് മുമ്പിറങ്ങിയ നടന്റെ സൈറ, ആചാര്യ എന്നീ രണ്ട് സിനിമകളും പരാജയം ആയിരുന്നു. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായാണ് ആചാര്യ വിലയിരുത്തപ്പെടുന്നത്.

അമിതാബ് ബച്ചനുൾപ്പെടെ വൻ താരനിര അണിനിരന്ന സൈറ പരാജയപ്പെട്ടതും നടന് തിരിച്ചടിയായി. ഇതിനിടെയാണ് നടനെ തേടി ഗോഡ്ഫാദറിലൂടെ വൻ വിജയം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ചിരഞ്ജീവി. ഗോഡ്ഫാദറിന്റെ റിലീസിന്റെ തലേ ദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്.
'തുടക്കത്തിൽ ഞാൻ വളരെ ആത്മവിശ്വാസത്തിൽ ആയിരുന്നു. പക്ഷെ റിലീസിന്റെ തലേ ദിവസം രാത്രി സുരേഖയുടെ (ഭാര്യ) മുഖം വാടിയിരുന്നു. അത് കണ്ടപ്പോൾ ഞാൻ ഉള്ളിൽ തകർന്നു. സിനിമ വിജയിക്കുമെന്ന് നേരത്തെ കരുതിയപ്പോഴെല്ലാം ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഞാൻ ഓർത്തു. അവസാന നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്ത ഒരു ഭയം ഞങ്ങളെ ചുറ്റിപറ്റി. ആ രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,' ചിരഞ്ജീവി പറഞ്ഞു.

മലയാളത്തിൽ സൂപ്പർ ഹിറ്റായ ലൂസിഫർ 2019 ലാണ് റിലീസ് ചെയ്യുന്നത്. സിനിമ അന്ന് കലക്ഷൻ റെക്കോഡുകൾ മറികടന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ലൂസിഫർ. സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സിനിമയിലൂടെ പൃഥിരാജ് മികച്ചതാക്കി. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലൂസിഫർ ആണ്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിൽ എത്തിയത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. മഞ്ജു വാര്യർ, സാനിയ ഇയപ്പൻ, ടൊവിനോ തോമസ്, വിവേക് ഒക്റോയ് തുടങ്ങി വൻതാര നിരയാണ് സിനിമയിൽ അണിനിരന്നത്.

മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രത്തെയാണ് തെലുങ്ക് റീമേക്കിൽ നയൻതാര അവതരിപ്പിക്കുന്നത്. ഗസ്റ്റ് റോളിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും ഗോഡ്ഫാദറിൽ എത്തുന്നുണ്ട്. ലൂസിഫറിൽ പൃഥിരാജ് ചെയ്ത അതിഥി വേഷമാണ് ഗേഡ്ഫാദറിൽ സൽമാൻ ഖാൻ ചെയ്തത്. മലയാളത്തിൽ തംരഗമായിരുന്നു പൃഥിയുടെ ഗസ്റ്റ് റോൾ. പൃഥിയുടെ സ്ക്രീൻ സ്പേസിനേക്കാൾ കൂടുതൽ റീമേക്കിൽ സൽമാൻ ഖാന് സമയമുണ്ട്.
തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആയ ചിരഞ്ജീവി കുറേ നാളുകളായി കരിയറിൽ പരാജയം നേരിടുകയായിരുന്നു. അതിനാൽ തന്നെ നടന് പഴയ താരത്തിളക്കത്തിലേക്കുള്ള വഴി കൂടി ആയിരിക്കുകയാണ് ഗോഡ്ഫാദറിന്റെ വിജയം. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്താണ് സൽമാൻ. നടന് വേണ്ടി പ്രതിഫലം പോലും വാങ്ങാതെയാണ് സൽമാൻഖാൻ ഗോഡ്ഫാദറിൽ അഭിനയിച്ചത്.


Click it and Unblock the Notifications