അനിയത്തിക്കുട്ടിയാകാൻ ഇനി കീർത്തി മടിക്കും; ചിരഞ്ജീവിയും കടുത്ത നിരാശയിൽ; നഷ്ടക്കണക്ക്
തെന്നിന്ത്യൻ നായിക നിരയിൽ ഇന്ന് ശ്രദ്ധേയയാണ് കീർത്തി സുരേഷ്. കൈ നിറയെ അവസരങ്ങളുമായി കരിയറിൽ മുന്നേറുന്ന കീർത്തിക്കുള്ള ആരാധകവൃന്ദം ചെറുതല്ല. പ്രത്യേകിച്ചും തമിഴകമാണ് നടിയെ ഇരു കൈയും നീട്ടി സ്വീകരിച്ചത്. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നതെങ്കിലും താരത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് തമിഴകമാണ്.
മലയാളത്തിൽ ചുരുക്കം സിനിമകളിലേ കീർത്തി അഭിനയിച്ചിട്ടുള്ളൂ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടാൻ താരത്തിന് കഴിഞ്ഞ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. നടിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2019. ദേശീയ പുരസ്കാരം ബോക്സ് ഹിറ്റുകളും താരത്തിനുണ്ടായി. എന്നാൽ പിന്നീട് ചില താഴ്ചകൾ കീർത്തിക്കുണ്ടായി. മഹാനടിക്ക് ശേഷം തനിക്ക് നല്ല അവസരങ്ങൾ അധികം വന്നില്ലെന്ന് നടി തുറന്ന് പറയുകയും ചെയ്തു.

ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ പുറത്തിറങ്ങിയ മാമന്നൻ എന്ന തമിഴ് ചിത്രം കീർത്തിയെ തുണച്ചു. മികച്ച വിജയമാണ് സിനിമ നേടിയത്. എന്നാൽ തെലുങ്കിൽ നടിക്ക് പരാജയം നേരിടേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭോല ശങ്കർ എന്ന ചിത്രം പരാജയപ്പെട്ടു. ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ കീർത്തി ചെയ്തത്. തമിഴിൽ ഹിറ്റായ വേതാളം എന്ന സിനിമയുടെ റീമേക്കാണ് ഭോല ശങ്കർ.
വലിയ പ്രതിഫലം നൽകിയാണ് കീർത്തിയെക്കൊണ്ട് ഈ ചിത്രത്തിൽ അനിയത്തി വേഷം ചെയ്യിച്ചത്. എന്നാൽ ചിരഞ്ജീവിക്ക് കടുത്ത നിരാശ നൽകിക്കൊണ്ട് ഭോലാ ശങ്കർ പരാജയപ്പെട്ടു. നടി സഹോദരീ വേഷം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. നേരത്തെ രജിനികാന്തിന്റെ സഹോദരിയായി അണ്ണാത്തെ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയും പരാജയപ്പെടുകയായിരുന്നു. വൻ ഹൈപ്പോടെ വന്ന സിനിമ പരാജപ്പെട്ടതിൽ ട്രോളുകളും വരുന്നുണ്ട്. അതേസമയം ഭോല ശങ്കറിന്റെ പരാജയം ഏറ്റവും കൂടുതൽ ബാധിച്ചത് നടൻ ചിരഞ്ജീവിയെയാണ്.

റീമേക്ക് ഹീറോ എന്ന് വിമർശകർ കുറ്റപ്പെടുന്നതിനിടെയാണ് ഭോല ശങ്കറും പരാജയപ്പെട്ടത്. നേരത്തെ ലൂസിഫർ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കായ ഗോഡ്ഫാദർ പരാജയപ്പെട്ടപ്പോഴും നടന് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു.
തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം റീമേക്കുകൾ വിജയിക്കാത്ത സാഹചര്യം ചിരഞ്ജീവിയും ഗൗരവത്തിലെടുത്തിട്ടുണ്ട്. മലയാള ചിത്രം ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്കാണ് അടുത്തതായി ചിരഞ്ജീവി ചെയ്യാനിരുന്ന സിനിമ.
എന്നാൽ നിലവിൽ ഈ ചിത്രം റീമേക്ക് ചെയ്യേണ്ട എന്ന തീരുമാനത്തിൽ ചിരഞ്ജീവി എത്തിയെന്നാണ് സൂചന. സംവിധായകൻ കല്യാൺ കൃഷ്ണയാണ് ബ്രോ ഡാഡിയുടെ റീമേക്ക് ഒരുക്കാൻ തയ്യാറായത്. എന്നാൽ ഇദ്ദേഹത്തെ വെച്ച് മറ്റൊരു സിനിമ ചെയ്യാനാണ് ചിരഞ്ജീവി തീരുമാനിച്ചിരിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഭോലാ ശങ്കറിന് കലക്ഷൻ കുറവാണ്. വൻ ബജറ്റിൽ നിർമ്മിച്ച സിനിമയ്ക്ക് 27 കോടി രൂപ മാത്രമാണ് ഇതുവരെ കലക്ട് ചെയ്യാൻ കഴിഞ്ഞത്. 2019 ൽ പുറത്തിറങ്ങിയ ആചാര്യ എന്ന തെലുങ്ക് ചിത്രത്തിന്റെ അതേ അവസ്ഥ ഭോല ശങ്കറിനും നേരിടേണ്ടി വരുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 250 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ആചാര്യ ബോക്സ് ഓഫീസിൽ കൂപ്പുകുത്തുകയായിരുന്നു.


Click it and Unblock the Notifications