'രാത്രി സമയത്ത് അശ്ലീലത കാണിക്കുന്നു'; ബിഗ് ബോസ് തെലുങ്കിനെതിരെ പരാതി
റിയാലിറ്റി ഷോകളിൽ ഇന്ന് രാജ്യത്തൊട്ടാകെ മുൻനിരയിൽ നിൽക്കുന്ന ഷോയാണ് ബിഗ് ബോസ്. തുടക്ക കാലത്ത് ഹിന്ദിയിൽ മാത്രം തുടങ്ങിയ ഷോ ഇന്ന് മലയാളമുൾപ്പെടെയുള്ള മിക്ക തെന്നിന്ത്യൻ ഭാഷകളിലുമുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസൺ മിക്ക ഭാഷകളിലും വലിയ വിവാദവും ചർച്ചയുമാവാറുണ്ട്.
ഇതുവരെ കണ്ടു പരിചയമില്ലാത്ത തരം ഷോയായതിനാൽ തന്നെ കേരളത്തിലും ആദ്യം ബിഗ് ബോസിനെതിരെ വിമർശനം ഉയർന്നിരുന്നു. ബിഗ് ബോസിന് മുമ്പ് അതേ മാതൃകയിൽ സൂര്യ ടിവിയിൽ വന്ന മലയാളി ഹൗസ് എന്ന ഷോയാണ് കൂടുതൽ വിവാദമുണ്ടാക്കിയത്.

ഷോ കുടുംബത്തിനൊപ്പം ഇരുന്ന് കാണാൻ പറ്റിയതല്ല എന്ന് വരെ വിമർശനം ഉയർന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് ബിഗ് ബോസ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആദ്യ സീസൺ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും രണ്ടാമത്തെ സീസൺ മുതൽ ഷോ പ്രേക്ഷകർ സ്വീകരിച്ച് തുടങ്ങി. ഇന്ന് കേരളത്തിലെ നമ്പർ വൺ ടെലിവിഷൻ ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. അടുത്തിടെയാണ് നാലാം സീസൺ അവസാനിച്ചത്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ തെലുങ്കിൽ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്ന ബിഗ് ബോസിന്റെ ആറാം സീസണിനെതിരെ പരാതി ഉയർന്നിരിക്കുകയാണ്. അശ്ലീലത നിറഞ്ഞ ഷോയാണിതെന്നും അതിനാൽ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സമയം മാറ്റണമെന്നും പരാതിയിൽ പറയുന്നു. ഗൈഡ് ലൈനുകൾ പാലിക്കുന്നില്ലെങ്കിൽ ബിഗ് ബോസിന്റെ സംപ്രേഷണം നിർത്തി വെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
അഭിഭാഷകൻ കതിർറെഡി ജഗദീശ്വർ ആണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. നിലവിൽ രാത്രി 10 മണി മുതൽ 11 മണി വരെയാണ് ബിഗ് ബോസ് തെലുങ്ക് സംപ്രേഷണം ചെയ്യുന്നത്. വാരാന്ത്യത്തിൽ 9 മണി മുതലും.

ഹിന്ദിയിൽ സൽമാൻ ഖാനാണ് ബിഗ് ബോസ് അവതാരകൻ ആയെത്തുന്നത്. മറാത്തിയിൽ മഹേഷ് മജ്രേക്കറും കന്നഡയിൽ കിച്ച സുദീപുമാണ് ഷോയുടെ അവതാരകർ. ഹിന്ദിയിൽ 16ാം സീസണിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായത് ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണാണ്. ഒപ്പത്തിനൊപ്പം നിന്ന മത്സരാർത്ഥികളും സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയും ബിഗ് ബോസിന്റെ മാറ്റ് കൂട്ടി. ഡാൻസറായ ദിൽഷയാണ് ഷോയിൽ വിജയി ആയത്.

ഡോക്ടർ റോബിൻ, ജാസ്മിൻ, നിമിഷ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, റിയാസ് സലിം, ധന്യ മേരി വർഗീസ് തുടങ്ങി നിരവധി പേർ ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥികൾ ആയെത്തിയിരുന്നു. ബിഗ് ബോസിന്റെ ജനസ്വീകാര്യത ഓരോ സീസൺ കഴിയുന്തോറും കൂടി വരികയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് വൻ ആരാധക വൃന്ദവും ഉണ്ടാവുന്നുണ്ട്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











