സായ് പല്ലവിയുടെ തകർപ്പൻ പ്രകടനം, പക്ഷെ മാറ്റങ്ങൾ നിർദ്ദേശിച്ച് അല്ലു അർജുൻ?; പുറത്ത് വരുന്ന റിപ്പോർട്ട്
കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് സായ് പല്ലവി. അമരന്റെ വിജയത്തിന് ശേഷം തെലുങ്ക് ചിത്രം തണ്ടെലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പല്ലവി. നാഗ ചൈതന്യയാണ് നായകൻ. ഇരുവരും ഒരുമിച്ച് അഭിനയിച്ച രണ്ടാമത്തെ സിനിമയാണിത്. ചന്ദൂ മണ്ടെതി ആണ് സംവിധായകൻ. കടലിലിൽ വെച്ച് പാകിസ്താന്റെ പിടിയിലാകുന്ന മത്സ്യത്തൊഴിലാളികളുടെ കഥാപശ്ചാത്തലമാണ് തണ്ടെലിലേത്. പ്രണയിതാക്കളായാണ് സായ് പല്ലവിയും നാഗ ചൈതന്യയും ചിത്രത്തിലെത്തുന്നത്.
പ്രണയ രംഗങ്ങളിൽ സായ് പല്ലവി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെന്നാണ് സൂചനകൾ. നടിക്ക് വലിയ പ്രാധാന്യമുള്ള സിനിമയാണിത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന രംഗങ്ങൾ സിനിമയുണ്ടെന്നും ശക്തമായ കഥാപാത്രമാണ് സായ് പല്ലവിയുടേതെന്നും സംസാരമുണ്ട്. അമരന്റെ വൻ വിജയത്തിന് ശേഷം എത്തുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷകൾ സായ് പല്ലവിയുടെ ആരാധകർക്കുണ്ട്.

അല്ലു അരവിന്ദാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രമുഖ റിലീസിന് മുമ്പ് തണ്ടെൽ കാണിച്ചിട്ടുണ്ട്. നടൻ അല്ലു അർജുനും ഇതിലൊരാളാണ്. അല്ലു അർജുൻ തണ്ടെൽ കണ്ടതിനെക്കുറിച്ച് വരുന്ന ചില അഭ്യൂഹങ്ങളാണ് തെലുങ്ക് മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം സിനിമ കണ്ട അല്ലു അർജുൻ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. തണ്ടെൽ വളരെ ഇമോഷണലും സീരിയസുമായ സിനിമയാണ്.
വളരെ ഡ്രെെ ആയി തോന്നുന്നു. എന്തെങ്കിലും തമാശയ്ക്കായി ചേർക്കണമെന്ന് അല്ലു അർജുൻ നിർദ്ദേശിച്ചു . ഇതോടെ ചില കോമഡി സീനുകൾ സിനിമയിൽ ഉൾപ്പെടുത്തിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇതേക്കുറിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ ആരും പ്രതികരിച്ചിട്ടില്ല. പുഷ്പ 2 ദ റൂൾ ആണ് അല്ലു അർജുന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
വൻ ഹൈപ്പിലെത്തിയ സിനിമ കോടികൾ കലക്ട് ചെയ്തു. എന്നാൽ കേരളത്തിൽ നിന്നും പുഷ്പ 2 വിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പുഷ്പ 2 പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുഷ്പ 2 റിലീസ് ചെയ്തത്.
എന്നാൽ ആദ്യ ഭാഗത്തിന്റെയത്ര നന്നായില്ലെന്ന് അഭിപ്രായം വന്നു. അതേസമയം 12000 കോടിക്ക് മുകളിലാണ് പുഷ്പ 2 നേടിയ കലക്ഷൻ. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷം ചെയ്തത്. ഫെബ്രുവരി ഏഴിനാണ് സായ് പല്ലവിയുടെ തണ്ടെൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ അല്ലു അർജുൻ മുഖ്യാതിഥിയായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടൻ എത്തിയില്ല.


Click it and Unblock the Notifications











