അല്ലു അർജുന്റെ ഭാര്യയാകേണ്ടവൾ; രണ്ട് വിവാഹ ബന്ധവും തകർന്നു; ചിരഞ്ജീവി മകളുടെ കാര്യത്തിൽ ആഗ്രഹിച്ചത്
തെലുങ്ക് സിനിമാ ലോകത്തെ പ്രബല താര കുടുംബമാണ് കൊനിഡേല കുടുംബം. സൂപ്പർ താരം ചിരഞ്ജിവിയുടെ കുടുംബം ടോളിവുഡിൽ വേരൂന്നിയിട്ട് ഏറെക്കാലമായി. സിനിമയിലും രാഷ്‌ട്രീയത്തിലും വലിയ സ്വാധീനം ഇവർക്കുണ്ട്. ചിരഞ്ജീവിയുടെ പാത പിന്തുടർന്നാണ് മകൻ രാം ചരൺ അഭിനയ രംഗത്തെത്തുന്നത്. താരത്തിന്റെ മകൾ ശ്രീജ കൊനിഡേല സിനിമാ രംഗത്തല്ലെങ്കിലും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീജയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ഇതിന് കാരണം.
രണ്ട് വിവാഹ ബന്ധങ്ങളാണ് ശ്രീജയുടെ ജീവിതത്തിലുണ്ടായത്. എന്നാൽ ഇവ രണ്ടും വേർപിരിയലിൽ കലാശിച്ചു. ഒളിച്ചോടി പോയായിരുന്നു ആദ്യ വിവാഹം. സിരിഷ് ഭരദ്വാജ് എന്നാണ് ആദ്യ ഭർത്താവിന്റെ പേര്. വീട്ടുകാർക്ക് ഈ ബന്ധത്തിന് കടുത്ത എതിർപ്പായിരുന്നു. ഒളിച്ചോടിപ്പോയ ശ്രീജയെ തിരികെയെത്തിക്കാൻ ചിരഞ്ജീവിയും ഇദ്ദേഹത്തിന്റെ സഹോദരൻ പവൻ കല്യാണും പരമാവധി ശ്രമിച്ചു. തങ്ങളുടെ സ്വാധീനമെല്ലാം ഇതിന് ഉപയോഗിച്ചു.

മകളെ സ്വന്തം ഇഷ്ടപ്രകാരം വിടാതെ പിന്തുടരുന്നതിൽ ചിരഞ്ജീവിക്കെതിരെ അന്ന് വ്യാപക വിമർശനം വന്നു. ഒടുവിൽ മകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം ഇദ്ദേഹം ഉപേക്ഷിച്ചു. എന്നാൽ ശ്രീജയുടെയും സിരിഷിന്റെയും ബന്ധം സുഖകരമായി മുന്നോട്ട് പോയില്ല. സിരിഷ് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ശ്രീജ ഉന്നയിച്ചു. 2014 ൽ ഇവർ വിവാഹ മോചനം നേടി. സിരിഷിൽ പിറന്ന മകളുമായി ശ്രീജ തന്റെ വീട്ടിലേക്ക് തിരിച്ചെത്തി.
പിന്നീട് വീട്ടുകാരുടെ ഇഷ്ടപ്രകാരം നടൻ കല്യാൺ ദേവിനെ വിവാഹം ചെയ്തു. ഇരുവർക്കും മകളും പിറന്നു. എന്നാൽ ഈ ബന്ധത്തിലും പ്രശ്നങ്ങളുണ്ടായി. ഔദ്യോഗികമായി പിരിഞ്ഞോ എന്ന് വ്യക്തമല്ലെങ്കിലും രണ്ട് പേരും ഇപ്പോൾ ഒരുമിച്ചല്ല. രണ്ട് പെൺമക്കൾക്കൊപ്പം കഴിയുകയാണ് ശ്രീജയിന്ന്. ശ്രീജയെക്കുറിച്ചുള്ള ഒരു വിവരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ശ്രീജയെ നടൻ അല്ലു അർജുനെക്കൊണ്ട് വിവാഹം ചെയ്യിക്കണമെന്ന് ചിരഞ്ജീവിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സൂചനകൾ. ചിരഞ്ജീവിയുടെ ഭാര്യ സുരേഖയുടെ സഹോദരൻ അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അർജുൻ. അല്ലു അർജുന്റെ മുറപ്പെണ്ണാണ് ശ്രീജ. അല്ലു അർജുൻ സിനിമാ ലോകത്ത് വളരുമെന്ന് ചിരഞ്ജീവിക്ക് അറിയാമായിരുന്നു. രണ്ട് കുടുംബങ്ങൾക്കും ഈ ബന്ധത്തിന് താൽപര്യമുണ്ടായിരുന്നെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരുപക്ഷെ അല്ലുവിനെ വിവാഹം ചെയ്തിരുന്നെങ്കിൽ താരപത്നിയായി ശ്രീജ കഴിഞ്ഞേനെ. സ്നേഹ റെഡ്ഡിയെന്നാണ് അല്ലു അർജുന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അല്ലു- കൊനിഡേല കുടുംബങ്ങൾ തമ്മിൽ മത്സരമുണ്ടെന്ന് സിനിമാ ലോകത്ത് പലപ്പോഴും സംസാരമുണ്ടായിട്ടുണ്ട്. താരങ്ങളുടെ ആരാധകരാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കാറ്. എന്നാൽ അല്ലു അർജുന്റെയും രാം ചരണിന്റെയും കുടുംബങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ട്. ആഘോഷങ്ങൾക്കെല്ലാം ഇവർ ഒത്തു ചേരാറുമുണ്ട്.


Click it and Unblock the Notifications