കുടുംബത്തിൽ സ്വത്ത് തർക്കമോ?; വിഷയത്തിൽ പ്രതികരിച്ച് സഹോദരൻ; നാഗാർജുന മക്കൾക്കായി സമ്പാദിച്ചത്
തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് നാഗാർജുനയുടെ കുടുംബം. അക്കിനേനി കുടുംബം വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്നു. ടോളിവുഡ് ഇന്നത്തെ നിലയിലേക്ക് ഉയർന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നാഗാർജുനയുടെ പിതാവ് അക്കിനേനി നാഗേശ്വര റാവുവാണ്. അക്കാലത്ത് ചെന്നെെയിലായിരുന്നു തെലുങ്ക് സിനിമകളുടെ കേന്ദ്രം. നാഗേശ്വര റാവുവിന്റെയുൾപ്പെടെ ശ്രമഫലമായാണ് തെലുങ്ക് സിനിമകളുടെ ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് എത്തുന്നത്. നാഗേശ്വര റാവുവിന്റെ പിൻതലമുറക്കാരും സിനിമാ ലോകത്തെ പ്രബലരായി.
മകൻ നാഗാർജുന സൂപ്പർതാരമായി മാറി. നാഗാർജുനയുടെ മക്കളായ നാഗ ചൈതന്യയും അഖിൽ അക്കിനേനിയും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. അക്കിനേനി കുടുംബത്തെക്കുറിച്ച് ഇക്കാലയളവിനിടെ ചില ഗോസിപ്പുകളും വന്നു. ഇതിലൊന്നായിരുന്നു സ്വത്ത് തർക്കം. സഹോദരങ്ങളുമായി നാഗാർജുനയ്ക്ക് സ്വത്ത് തർക്കമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നാഗാർജുനയുടെ സഹോദരൻ അക്കിനേനി വെങ്കട്ട്. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അക്കിനേനി വെങ്കട്ട് വ്യക്തമാക്കി.

പണത്തിന് പിന്നാലെ പോകുന്നവരല്ല ഞങ്ങൾ. ചിലപ്പോൾ ഇത്തരം അഭ്യൂഹങ്ങൾ താനും കേൾക്കാറുണ്ട്. ഇത്തരം അഭ്യൂഹങ്ങൾക്ക് കുടുംബം പ്രാധാന്യം നൽകാറില്ലെന്നും അക്കിനേനി വെങ്ക്ട്ട് വ്യക്തമാക്കി. അക്കിനേനി വെങ്കട്ട്, സത്യവതി അക്കിനേനി, സരോജ അക്കിനേനി, നാഗ സുശീല എന്നിവരാണ് നാഗാർജുനയുടെ സഹോദരങ്ങൾ. നടി അമല അക്കിനേനിയാണ് നാഗാർജുനയുടെ ഭാര്യ. ഇവർക്ക് പിറന്ന മകനാണ് അഖിൽ അക്കിനേനി. മുൻ ഭാര്യ ലക്ഷ്മി ദഗുബതിയിൽ പിറന്ന മകനാണ് നാഗ ചൈതന്യ.
നാഗാർജുനയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശികളാണിവർ. 3000 കോടിയിലേറെയാണ് നാഗാർജുനയുടെ സ്വത്തുക്കൾ. തെലുങ്കിലെ ഏറ്റവും ധനിക നടൻമാരിൽ ഒരാളാണ് ഇദ്ദേഹം. നാഗ ചൈതന്യ സമാന്തയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞപ്പോൾ വൻ തുക ജീവനാംശമായി നൽകാൻ നാഗാർജുന തയ്യാറായതാണ്. എന്നാൽ ഒരു രൂപ പോലും വേണ്ടെന്നാണ് സമാന്ത വ്യക്തമാക്കിയത്. വേർപിരിയൽ അക്കിനേനി കുടുംബത്തിൽ ഒന്നിലേറെ തവണ നടന്നിട്ടുണ്ട്.

ലക്ഷ്മി ദഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നാഗാർജുനയുടെ ജീവിതത്തിലേക്ക് അമല കടന്ന് വരുന്നത്. ഇവർക്ക് പിറന്ന മകൻ അഖിൽ അക്കിനേനി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. നാഗാർജുനയുടെ സഹോദരങ്ങളുടെ മക്കളായ സുമന്ത്, സുപ്രിയ എന്നിവരും വിവാഹ മോചിതരാണെന്നാണ് സൂചന. നാഗ ചൈതന്യയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നാഗാർജുന തയ്യാറായിട്ടില്ല. കരിയറിലെ തിരക്കുകളിലാണ് നാഗാർജുനയും നാഗ ചൈതന്യയും.
നാഗാർജുനയുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗം വിട്ട അമല വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയെങ്കിലും പഴയത് പോലെ സജീവമല്ല. എൺപതുകളിൽ സെൻസേഷനായി മാറിയ നടിയാണ് അമല. മലയാളത്തിൽ ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, കെയർ ഓഫ് സൈറ ബാനു എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാഗാർജുനയെ പോലെ കരിയറിൽ സൂപ്പർ താര പദവിയിലേക്ക് ഉയരാൻ നാഗ ചൈതന്യക്കോ അഖിൽ അക്കിനേനിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications