അമലയെ പിന്നിൽ നിർത്തി നാഗാർജുന മുൻ ഭാര്യക്കൊപ്പം സംസാരിച്ചിരിക്കുകയാണോ; യഥാർത്ഥത്തിൽ നടന്നത്
തെലുങ്ക് സിനിമാ ലോകത്ത് ഇന്നും സൂപ്പർതാര പദവിയിൽ തുടരുന്ന നടനാണ് നാഗാർജുന. നടന്റെ സ്ഥാനത്തേക്ക് ഉയരാൻ കരിയറിൽ മക്കൾക്ക് പോലും കഴിഞ്ഞിട്ടില്ല. ആക്ഷൻ, റൊമാന്റിക് ഹീറോയായി ശ്രദ്ധ നേടിയ നാഗാർജുന ഇന്ന് ബിഗ് ബോസ് തെലുങ്ക് അവതാരകനുമാണ്. ടോളിവുഡിലെ ഏറ്റവും ധനികനായ താരങ്ങളിൽ ഒരാളായ നാഗാർജുനയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാഹമാണ് താരത്തിന്റെ ജീവിതത്തിൽ നടന്നത്.
പ്രമുഖ നിർമാതാവ് ഡി രാമനായ്ഡുവിന്റെ മകൾ ലക്ഷ്മി ദഗുബതിയാണ് ആദ്യ ഭാര്യ. വിവാഹിതനാകുമ്പോൾ നാഗാർജുന കരിയറിൽ തുടക്കം കുറിക്കുന്നതേയുള്ളൂ. ഭർത്താവ് സിനിമ കരിയറാക്കുന്നതിനോട് ലക്ഷ്മിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങൾ കാരണമാണ് ഇവർ പിരിഞ്ഞത്. നടൻ നാഗ ചെെതന്യ ഇവർക്ക് പിറന്ന മകനാണ്. അച്ഛന്റെ പാത പിന്തുടർന്ന് നാഗ ചൈതന്യയും സിനിമാ രംഗത്തേക്ക് വന്നു.

ലക്ഷ്മി ദഗുബതിയുമായി പിരിഞ്ഞ ശേഷമാണ് നടി അമല അക്കിനേനിയെ നാഗാർജുന വിവാഹം ചെയ്യുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയായിരുന്നു ഇവർ. വിവാഹ ശേഷം അമല സിനിമാ രംഗം വിട്ടു. അഖിൽ അക്കിനേനി എന്നാണ് ഇവരുടെ മകന്റെ പേര്. അഖിൽ ഇന്ന് ടോളിവുഡിലെ യുവതാരമാണ്.
നാഗാർജുനയെയും മുൻ ഭാര്യ ലക്ഷ്മി ദഗുബതിയെയും കുറിച്ചുള്ള ചില ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാഗാർജുനയുടെ പിതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെ പേരിലുള്ള അവാർഡ് ദാന ചടങ്ങ് നടന്നത്. അമിതാഭ് ബച്ചനുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ചടങ്ങിൽ വെച്ച് കുടുംബ സമേതം നാഗാർജുന ഫോട്ടോയെടുത്തു. നാഗാർജുനയും മക്കളും ഭാര്യയും ഭാവി മരുമകൾ ശോഭിതയും മറ്റ് ബന്ധുക്കളും ഉൾപ്പെടുന്ന ഫോട്ടോയാണിത്.
അമല അക്കിനേനിയെ പിന്നിലെ നിരയിലാണ് ഫോട്ടോയിൽ കാണുന്നത്. നാഗാർജുനയുടെ തൊട്ടടുത്തിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. ഇവർ നാഗാർജുനയോട് സംസാരിക്കുന്നുമുണ്ട്. ഇത് ലക്ഷ്മി ദഗുബതിയാണെന്ന് പലരും കമന്റ് ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ഇത് ലക്ഷ്മി ദഗുബതി അല്ല. നാഗാർജുനയുടെ ജേഷ്ഠൻ അക്കിനേനി വെങ്കട്ടിന്റെ ഭാര്യയാണ്. ലക്ഷ്മി ദഗുബതിയാണിതെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു.
വിവാഹ മോചനത്തിന് ശേഷം നാഗാർജുനയും ലക്ഷ്മി ദഗുബതിയും സൗഹൃദത്തിലാണോ എന്ന് വ്യക്തമല്ല. അതേസമയം മകൻ നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിൽ ഇരുവരും എത്തി. ഒരുമിച്ച് ബന്ധുക്കളോടൊപ്പം ഫോട്ടോയും എടുത്തു, നാഗ ചെെതന്യയുടെ ആദ്യ വിവാഹത്തിനും ലക്ഷ്മിയും നാഗാർജുനയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടുണ്ട്.


Click it and Unblock the Notifications