അബദ്ധമായിപ്പോയെന്ന് പിന്നീട് തോന്നി; ആ ഓർമ്മയും മായ്ച്ച് സമാന്ത; 'രണ്ട് പേരും ആ സത്യം മനസിലാക്കി'
വിവാഹമോചനം നേടിയിട്ട് നാളുകളായെങ്കിലും സമാന്തയും നാഗ ചൈതന്യയും ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. തെലുങ്ക് സിനിമാ ലോകം ആഘോഷിച്ച താര ദമ്പതികളായിരുന്നു ഇരുവരും. ഇവർ തമ്മിലുള്ള ചേർച്ച ഏവരും എടുത്ത് പറയാറുണ്ടായിരുന്നു. യെ മായ ചെസവ, മജിലി തുടങ്ങിയ ഹിറ്റ് സിനിമകളിൽ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏവരും സന്തോഷിച്ചു.
രണ്ട് കുടുംബങ്ങളുടെയും സമ്മത പ്രകാരമാണ് വിവാഹം നടന്നത്. 2017 ലായിരുന്നു വിവാഹം. എന്നാൽ നാല് വർഷം മാത്രമേ ബന്ധം നീണ്ട് നിന്നുള്ളൂ. വിവാഹമോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും പുറത്ത് വന്നു. സമാന്തയ്ക്ക് കരിയറിൽ തിരക്കേറിയത് ബന്ധത്തെ ബാധിച്ചെന്നാണ് പ്രചരിച്ച ഗോസിപ്പുകളിൽ ഒന്ന്. എന്നാൽ പിരിഞ്ഞതിന് കാരണം എന്തെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല. വിഷമഘട്ടത്തെ മറി കടന്ന് രണ്ട് പേരും സിനിമകളിലേക്ക് ശ്രദ്ധ നൽകി. വിവാഹമോചനത്തിന് ശേഷം സമാന്ത തുടരെ സിനിമകൾ ചെയ്തു.

ഇപ്പോഴിതാ നടിയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. പ്രണയത്തിലായിരുന്ന സമയത്ത് നാഗ ചൈതന്യയുടെ പേര് സമാന്ത ടാറ്റൂ ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷവും ടാറ്റൂ മായ്ക്കാൻ നടി തയ്യാറായില്ല. വയറിന്റെ ഒരു വശത്താണ് ചായ് എന്ന് നടി ടാറ്റൂ ചെയ്തത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഇവന്റിന് പങ്കെടുത്തപ്പോഴും ഈ ടാറ്റൂ കാണാമായിരുന്നു. എന്നാൽ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ടാറ്റൂ കാണാനില്ല. ഇതാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
ടാറ്റൂ ചെയ്തത് തെറ്റായിപ്പോയെന്ന് മുമ്പൊരിക്കൽ സമാന്ത തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നാണ് തന്റെ ചെറുപ്പകാലത്തിലെ തന്നോട് ഇപ്പോൾ പറയാനാഗ്രഹിക്കുന്നതെന്നും സമാന്ത അന്ന് വ്യക്തമാക്കി. വിവാഹമോചനമുണ്ടാക്കിയ മനപ്രയാസം മറകടന്ന് വരികെയാണ് മറ്റൊരു പ്രതിസന്ധി നടിയെ വലച്ചത്. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്ത കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ ചികിത്സയിലാണ്.

സമാന്തയും നാഗ ചൈതന്യയും വീണ്ടും ഒരുമിക്കാൻ പോകുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. നാഗ ചൈതന്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇതിന് കാരണമായത്. സമാന്തയുടെ ഹാഷ് എന്ന വളർത്തു നായക്കൊപ്പമുള്ള ഫോട്ടോയാണ് നാഗ ചൈതന്യ പങ്കുവെച്ചത്. ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ഇരുവരും ഒരുമിച്ചാണ് ഈ നായയെ നോക്കിയിരുന്നത്. വിവാഹമോചനത്തിന് ശേഷം സമാന്തയ്ക്കൊപ്പമാണ് ഹാഷ് ഉണ്ടായിരുന്നത്. ഇപ്പോൾ നാഗ ചൈതന്യക്കൊപ്പം ഹാഷിനെ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
എന്നാൽ താരങ്ങളുടെ അടുത്ത വൃത്തങ്ങൾ അഭ്യൂഹങ്ങളെ തള്ളി. ഒരുമിച്ച് ജീവിക്കുന്ന കാലത്താണ് ഹാഷിനെ ഇരുവരും വാങ്ങുന്നത്. വേർപിരിഞ്ഞ ശേഷം രണ്ട് പേരും വളർത്തു നായയെ കോ പാരന്റിംഗ് ചെയ്യുകയാണ്. സമാന്ത യാത്രകളിലായതിനാൽ ഹാഷ് ഇപ്പോൾ നാഗ ചൈതന്യക്കൊപ്പമാണുള്ളതെന്ന് ഇവർ വ്യക്തമാക്കി.
രണ്ട് പേരും ജീവിതത്തിൽ മുന്നോട്ട് നീങ്ങി. ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന സത്യം അവർ മനസിലാക്കുന്നു. അതിനാൽ തന്നെ വീണ്ടും ഒരുമിക്കാൻ ഒരു സാധ്യതയുമില്ലെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഡിവോഴ്സിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലായെന്നാണ് വിവരം.


Click it and Unblock the Notifications