ചേട്ടൻ പറഞ്ഞയാളെയാണ് സൗന്ദര്യ വിവാഹം ചെയ്തത്; ജഗപതി ബാബുവുമായി സൗന്ദര്യ പ്രണയത്തിലായോ?; സുഹൃത്ത്
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായിരുന്നു ഒരു കാലത്ത് സൗന്ദര്യ. സൗന്ദര്യയുടെ സിനിമകൾ പ്രേക്ഷകർ ആഘോഷിച്ച കാലം. നടി സാവിത്രിക്ക് ശേഷം തെലുങ്ക് സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകി ആരാധിച്ച നടിയുമാണ് സൗന്ദര്യ. പേര് പോലെ തന്നെ വശ്യമായ സൗന്ദര്യമായിരുന്നു നടിക്ക്. തെലുങ്കിന് പുറമെ തമിഴകത്തും സജീവ സാന്നിധ്യമായി സൗന്ദര്യ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ വൻ ഹിറ്റായി. ഇന്നും ഈ സിനിമയിലൂടെയാണ് സൗന്ദര്യയെ പ്രേക്ഷകർ ഓർക്കുന്നത്.
ഓൺസ്ക്രീനിലെ പ്രകടനത്തിനപ്പുറം ഓഫ് സ്ക്രീനിലെ സൗന്ദര്യയും ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൗന്ദര്യ നടത്തി. കരിയറിലെ താരത്തിളക്കമുള്ള സമയത്ത് മറ്റ് പല നടിമാരെ പോലെയും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ സൗന്ദര്യക്ക് കഴിഞ്ഞു. എന്നാൽ ഒരു ഘട്ടത്തിൽ സൗന്ദര്യയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്.

തെലുങ്ക് താരം ജഗപതി ബാബുവുമായി സൗന്ദര്യ പ്രണയത്തിലാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. അക്കാലത്തെ ഹിറ്റ് ജോഡിയായിരുന്നു സൗന്ദര്യയും ജഗപതി ബാബുവും. സൗന്ദര്യക്ക് അഭിനേത്രിയെന്ന നിലയിൽ തിളങ്ങാൻ കഴിഞ്ഞ നിരവധി സിനിമകളിലെ നായകൻ ജഗപതി ബാബുവായിരുന്നു. അക്കാലത്താണ് സൗന്ദര്യ ജഗപതി ബാബുവുമായി പ്രണയത്തിലാണെന്ന വാർത്ത പരന്നത്.
അന്ന് ജഗപതി ബാബു വിവാഹിതനാണ്. നടന്റെ വിവാഹേതര ബന്ധമന്ന തരത്തിൽ സിനിമാ ലോകത്ത് കഥകൾ പ്രചരിച്ചു. ഇപ്പോഴിതാ അന്നുണ്ടായ ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സൗന്ദര്യയുടെ അടുത്ത സുഹൃത്തായിരുന്ന നടി അമാനി. ജഗപതി ബാബുവും സൗന്ദര്യയും തമ്മിൽ പ്രണയ ബന്ധം ഉണ്ടായിരുന്നില്ലെന്ന് അമാനി പറയുന്നു. ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തതിന് പിന്നാലെയാണ് ഗോസിപ്പ് വന്നത്.

സൗന്ദര്യയുടെ അച്ഛൻ മരിച്ചപ്പോൾ എന്നെ വിളിച്ച് കരഞ്ഞു. അച്ഛന്റെ മരണ ശേഷം ചേട്ടന്റെ വാക്കുകളാണ് സൗന്ദര്യ അനുസരിച്ചത്. ചേട്ടൻ പറഞ്ഞയാളെയാണ് സൗന്ദര്യ വിവാഹം ചെയ്തതെന്ന് അമാനി പറയുന്നു. സൗന്ദര്യയുടെ മരണ വാർത്തയറിഞ്ഞ് താൻ ഞെട്ടി. ദൈവത്തിന് സൗന്ദര്യക്ക് പകരം തന്നെ വിളിച്ചാൽ മതിയായിരുന്നെന്നും അമാനി പറഞ്ഞു. 2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് നടി മരിച്ചത്. മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമർനാഥും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു.
സോഫ്റ്റ്വെയർ എൻജിനീയറായ ജിഎസ് രഘുവായിരുന്നു ഭർത്താവ്. മരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും സൗന്ദര്യ ഇന്നും പ്രേക്ഷകരുടെ മനസിൽ അനശ്വര നായികയായി നിലനിൽക്കുന്നു. മീന, രംഭ, രമ്യ കൃഷ്ണൻ തുടങ്ങിയ നടിമാരെല്ലാം കരിയറിൽ സജീവമായിരുന്ന കാലത്താണ് സൗന്ദര്യ താര റാണിയായി തിളങ്ങിയത്. കർണാടകയിലാണ് സൗന്ദര്യ ജനിച്ചതും വളർന്നതും.
കെഎസ് സത്യനാരായണൻ, മഞ്ജുള എന്നിവരാണ് മാതാപിതാക്കൾ. കന്നഡ സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. രജിനികാന്തിനൊപ്പം അഭിനയിച്ച പടയപ്പയാണ് തമിഴകത്ത് നടിയുടെ ശ്രദ്ധേയ സിനിമ. കമൽഹാസനൊപ്പം കാതല കാതല എന്ന സിനിമയിലും അഭിനയിച്ചു.


Click it and Unblock the Notifications











