'സൂപ്പർസ്റ്റാറായ ഭർത്താവിനെക്കാൾ റിച്ചാണ് ഭാര്യ'; കോടികൾ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയായ ഉപാസന!
തെന്നിന്ത്യയിൽ അടുത്തിടെ മാതാപിതാക്കളായ താരദമ്പതികളാണ് തെലുങ്ക് സൂപ്പർ താരം രാംചരണും ഭാര്യ ഉപാസന കാമിനേനിയും. പതിനൊന്ന് വർഷം മുമ്പ് 2012ലാണ് ഇരുവരും വിവാഹിതരായത്. അന്ന് മുതൽ എല്ലാവരും കാത്തിരിക്കുന്നത് ഇരുവർക്കും കുഞ്ഞ് പിറക്കുന്ന നിമിഷത്തിന് വേണ്ടിയാണ്. എന്നാൽ സിനിമാ, ബിസിനസ് തിരക്കുകളായതിനാൽ തന്നെ ഇരുവരും ഉടൻ തന്നെ കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു.
സാമ്പത്തികഭദ്രതയില്ലാതെ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടുന്നതിനോട് താൽപര്യമില്ലെന്നാണ് അടുത്തിടെ ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് വിവാഹം കഴിഞ്ഞ ഉടൻ അണ്ഡം ശീതികരിച്ച് സൂക്ഷിച്ചതും.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉപാസന ഗർഭിണിയാണെന്നും അധികം വൈകാതെ ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്നും താരകുടുംബം പുറം ലോകത്തെ അറിയിച്ചത്. ജൂൺ 20നാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. കൊച്ചുമകളെ മെഗാ പ്രിൻസസ് എന്നാണ് ചിരഞ്ജീവി വിശേഷിപ്പിച്ചത്.
രാംചരണിന് ഒരു കുഞ്ഞ് പിറന്ന് കാണണമെന്നത് തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നുവെന്നും ഒട്ടനവധി സൗഭാഗ്യങ്ങളും കൊണ്ടാണ് കുഞ്ഞ് തങ്ങളുടെ കുടുംബത്തിലേക്ക് വന്നതെന്നും ചിരഞ്ജീവി പറയുന്നു.

തെലുങ്കിലെ ഏറ്റവും സമ്പന്നമായ താരകുടുംബമാണ് രാംചരണിന്റേത്. അപ്പനപ്പൂപ്പന്മരായി സമ്പാദിച്ചത് അടക്കം എല്ലാം ചേർക്കുമ്പോൾ ഏഴ് തലമുറയ്ക്ക് സുഖമായി കഴിയാനുള്ളതുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലും സാമ്പത്തിക ഭദ്രത കൈവന്ന ശേഷമെ കുഞ്ഞിനെ പ്രസവിക്കുന്നുള്ളൂവെന്ന് താരദമ്പതികൾ തീരുമാനിച്ചത് എന്തിനായിരുന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
അതുപോലെ തന്നെ രാംചരണിനെക്കാൾ ആസ്തിയുടെ കാര്യത്തിൽ മുന്നിലാണ് ഭാര്യ ഉപാസന കാമിനേനിയും കുടുംബവും. സിനിമകൾ ലഭിക്കാതെ വീട്ടിലിരുന്നാലും ആഢംബരം കുറയാതെ ജീവിക്കാൻ വേണ്ടത് ഉപാസനയുടെ പേരിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 1370 കോടി രൂപയാണ് നടൻ രാംചരണിന്റെ ആസ്തി. ഒരു സിനിമയ്ക്ക് ശരാശരി പതിനഞ്ചുകോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. സിനിമയുടെ മൊത്തം ലാഭത്തിന്റെ ഒരു വിഹിതവും നടന് ലഭിക്കാറുണ്ട്. ആർആർആർ ഹിറ്റായശേഷം രാംചരണിന് പാൻ ഇന്ത്യൻ തലത്തിൽ സ്വീകാര്യതയും താരമൂല്യവും വർധിച്ചിട്ടുണ്ട്. ഒരു ബ്രാൻഡിന്റെ പരസ്യത്തിന് രണ്ടുകോടിയാണ് പ്രതിഫലം.
ഇതുവരെ മുപ്പതിൽ അധികം കമ്പനികളുടെ ബ്രാൻഡ് അംബാസിഡറാണ് താരം. ഇന്ത്യൻ സിനിമ തന്നെ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന നടനും രാംചരണാണ്. കൂടാതെ ചില ബിസിനസുകളും താരകുടുംബത്തിനുണ്ട്. കൊനിഡെല പ്രൊഡക്ഷൻസ് എന്ന പേരിലുള്ള നിർമ്മാണകമ്പനിയാണ് അതിലൊന്ന്.
അച്ഛൻ ചിരഞ്ജീവിയുടെ സിനിമാ ജീവിതത്തിലെ 150-ാമത്തെ സിനിമ നിർമിച്ചത് കൊനിഡെല പ്രൊഡക്ഷൻസായിരുന്നു. പ്രതിദിനം എട്ട് സർവീസുകൾ വരെ നടത്തുന്ന ട്രൂ ജെറ്റ് എന്ന എയർലൈൻ കമ്പനിയും താരത്തിനുണ്ട്.

എന്നാൽ രാംചരണിനെക്കാൾ ആസ്തിയുടെ കാര്യത്തിൽ ഉപാസന അമ്പരപ്പിക്കും. താരം ഒരു ബിസിനസ് വുമണാണെന്ന് ആരാധകർക്ക് അറിയാമെങ്കിലും കോടീശ്വരിയാണെന്നത് തെലുങ്ക് സിനിമ മേഖല പിന്തുടരാത്തവർക്ക് അറിയില്ല. റിപ്പോർട്ടുകൾ പ്രകാരം ഉപസാനയുടെ ആസ്തി ഏകദേശം 1100 കോടിയാണ്. കൂടാതെ എഴുപതിനായിരം കോടി രൂപ മൂല്യമുള്ള ഒരു കുടുംബ ബിസിനസിന്റെ ഒരു അവകാശിയുമാണ്.
അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ പ്രതാപ്.സി.റെഡ്ഡിയാണ് ഉപാസനയുടെ മുത്തച്ഛൻ. ഉപാസന കാമിനേനി അപ്പോളോ ഹോസ്പിറ്റൽസിന്റെ വൈസ് പ്രസിഡന്റും ഫാമിലി ഹെൽത്ത് പ്ലാൻ ഇൻഷുറൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ്.
റിപ്പോർട്ടുകൾ പ്രകാരം ഫാമിലി ബിസിനസിൽ ചേരുന്നതിന് മുമ്പ് ഉപാസന കാമിനേനി ഒരു ഫാഷൻ ഡിസൈനറാകാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിൽ ജനറൽ മാനേജരായി ചേർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപാസന സജീവമാണ്.


Click it and Unblock the Notifications