നയൻതാരയെ വെച്ച് ആ സിനിമ ചെയ്യരുതായിരുന്നു; തിടുക്കം കാണിച്ചു; ഒടുവിൽ ചിത്രത്തിന് സംഭവിച്ചത്; സംവിധായകൻ
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയ്ക്ക് നിരവധി ഹിറ്റുകൾ കരിയറിലുണ്ട്. പ്രതിസന്ധികളും വിവാദങ്ങളും ഒന്നിന് പിറകെ ഒന്നായി വന്നപ്പോഴും ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ നയൻതാരയ്ക്ക് സാധിച്ചു. നയൻതാരയ്ക്കൊപ്പം കരിയറിലേക്ക് വന്ന നായിക നടിമാരിൽ ഭൂരിഭാഗം പേർക്കും ഒരു ഘട്ടത്തിൽ താരമൂല്യം നഷ്ടപ്പെട്ടു. എന്നാൽ നയൻതാരയ്ക്ക് ലേഡി സൂപ്പർസ്റ്റാറായി വളരാൻ സാധിച്ചു. അന്നും ഇന്നും നയൻതാരയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്.
അതേസമയം അടുത്ത കാലത്തായി നടിയുടെ ഗ്രാഫിൽ വന്ന താഴ്ച ആരാധകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രം ഒഴിച്ച് നിർത്തിയാൽ നടിയുടേതായി അടുത്ത കാലത്തിറങ്ങിയ എല്ലാ സിനിമകളും പരാജയപ്പെട്ടു. എന്തുകൊണ്ടാണ് നടി സ്ക്രിപ്റ്റിൽ ശ്രദ്ധ കൊടുക്കാത്തതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഒരേ തരത്തിലുള്ള കഥകളാണ് നടിയെ തേടി തുടരെ വരുന്നത്.

നാനും റൗഡി താൻ, മായ എന്നീ സിനിമകളുടെ വിജയത്തിന് ശേഷമാണ് നയൻതാര സ്ത്രീ കേന്ദ്രീകൃത സിനിമകൾ കൂടുതലായി ചെയ്യാൻ തുടങ്ങിയത്. അതിന് മുമ്പ് നടി ചെയ്ത ചുരുക്കം നായികാ കേന്ദ്രീകൃത സിനിമകളിലൊന്നാണ് 2014 ൽ പുറത്തിറങ്ങിയ അനാമിക എന്ന തെലുങ്ക് ചിത്രം. ബോളിവുഡ് ചിത്രം കഹാനിയുടെ തെലുങ്ക് റീമേക്കാണ് അനാമിക. കഹാനിയിൽ വിദ്യ ബാലൻ ചെയ്ത വേഷമാണ് അനാമികയിൽ നയൻതാര ചെയ്തത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശേഖർ കമ്മില. അനാമിക എന്ന സിനിമ തനിക്ക് പറ്റിയ തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. അന്ന് നിർഭയ സംഭവം വലിയ ചർച്ചയായിരുന്നു. ഒരു നായികാ പ്രാധാന്യമുള്ള സിനിമ ചെയ്യണമെന്ന് അന്ന് തോന്നി. അങ്ങനെ ചെയ്ത സിനിമയാണ് അനാമികയെന്ന് ശേഖർ പറയുന്നു.

കഥയില്ലാത്തതിനാൽ റീമേക്ക് ചെയ്തു. നയൻതാരയെ പോലൊരു താരം വന്നാൽ നന്നാക്കുമെന്ന് തോന്നി. അങ്ങനെ അവരെ നായികയാക്കി. പക്ഷെ നയൻതാരയെ പോലൊരു താരത്തെ വെച്ച് അത് പോലൊരു സിനിമ ചെയ്യരുതായിരുന്നു. നിർഭയം സംഭവം ചർച്ചയാകുന്നതിനിടെ തിടുക്കപ്പെട്ടാണ് തീരുമാനങ്ങൾ എടുത്തതെന്നും സംവിധായകൻ പറയുന്നു. ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു അനാമിക.
അക്കാലത്ത് അനാമികയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നയൻതാര ചില തെലുങ്ക് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാൻ പൊതുവെ തനിക്ക് താൽപര്യമില്ലെന്നും എല്ലാ ഭാരവും തന്റെ തലയിലായിരിക്കുെമന്നും നയൻതാര അന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ നയൻതാരയെ തേടി തുടരെയെത്തി.
അനാമിക പരാജയപ്പെട്ടെങ്കിലും ബോളിവുഡിൽ കഹാനി വൻ വിജയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വിദ്യ ബാലന് ലഭിച്ചു. തെലുങ്കിൽ ഏറെക്കാലമായ നയൻതാര സജീവമല്ല. വലിയ ഇടവേളയ്ക്ക് ശേശം 2022 ൽ ഗോഡ്ഫാദർ എന്ന ചിരഞ്ജീവി സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. അതേസമയം തുടർന്നും നടി തമിഴ് സിനിമകൾക്കാണ് പ്രാധാന്യം കൊടുത്തത്.


Click it and Unblock the Notifications