ആ സിനിമ എന്റെ കരിയർ ഇല്ലാതാക്കി, പിന്നീടിങ്ങോട്ട് സംഭവിച്ചത്; മോഹൻലാലിന്റെ ഭാര്യയായി അഭിനയിച്ച അർച്ചന പറയുന്നു
തെറ്റായ തീരുമാനങ്ങൾ മൂലം കരിയറിൽ തിരിച്ചടികൾ നേരിട്ട നടിമാർ ഏറെയാണ്. ടെെപ് കാസ്റ്റ് ചെയ്യപ്പെടുന്നതും താരമൂല്യം ഇല്ലാത്തതിനാൽ അവസസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം നിരവധി അഭിനേതാക്കൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട. സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ സിനിമകളിൽ നിന്നും മാറ്റി നിർത്തിയ സാഹചര്യത്തെക്കുറിച്ച് അടുത്തിടെ നടി സുചിത്രയും സംസാരിക്കുകയുണ്ടായി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സമാന അനുഭവം നടീ നടൻമാർക്ക് നേരിടേണ്ടി വരുന്നു.
തന്റെ കരിയറിൽ സംഭവിച്ച പിഴവുകളെക്കുറിച്ച് സംസാരിക്കുകയാണ് തെലുങ്ക് നടി അർച്ചന ശാസ്ത്രി. 2004 ൽ തപ്ന എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അർച്ചന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നെനു, ശ്രീരമദെസു, ആ ദിനഗലു തുടങ്ങിയ സിനിമകളിൽ അർച്ചന അഭിനയിച്ചു. നായിക നിരയിൽ കുറച്ച് നാൾ മാത്രമേ അർച്ചനയ്ക്ക് തുടരാൻ കഴിഞ്ഞുള്ളൂ. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അർച്ചന.

ചില സിനിമകളിൽ അഭിനയിച്ചതാണ് തന്റെ കരിയർ ഗ്രാഫിനെ ബാധിച്ചതെന്ന് അർച്ചന ശാസ്ത്രി പറയുന്നു. ആദ്യത്തെ രണ്ട് മൂന്ന് സിനിമകളിൽ നായികയായി അഭിനയിച്ച ശേഷം 'നുവുവൊസ്തന്റെ നെനൊഡന്റെ' എന്ന സിനിമയിൽ നായികയുടെ സഹോദരിയുടെ വേഷമാണ് അർച്ചന ചെയ്തത്. ഈ സിനിമ ചെയ്തതാണ് തന്റെ കരിയറിനെ തകർത്തതെന്ന് അർച്ചന പറയുന്നു. ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ നായികയായി തനിക്ക് അവസരങ്ങൾ ലഭിച്ചേനെയെന്ന് അർച്ചന ശാസ്ത്രി പറയുന്നു.
നായികാ റോളുകൾക്ക് പകരം സഹനടീ വേഷങ്ങളാണ് തനിക്ക് പിന്നീട് ലഭിച്ചതെന്നും അർച്ചന വ്യക്തമാക്കി. മൈത്രി എന്ന കന്നഡ സിനിമയിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷം അർച്ചന ചെയ്തിട്ടുണ്ട്. മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷം ചെയ്തത്. മലയാളത്തിൽ ലങ്ക എന്ന സിനിമയിലും അർച്ചന ശാസ്ത്രി അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി, മംമ്ത മോഹൻദാസ് എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷം ചെയ്തത്. 2017 ൽ ബിഗ് ബോസ് തെലുങ്കിന്റെ ഒന്നാം സീസണിൽ അർച്ചന ശാസ്ത്രി മത്സരാർത്ഥിയായെത്തിയിട്ടുണ്ട്.

അർച്ചനയെ പോലെ നായിക നിരയിൽ തുടരാൻ കഴിയാതെ പോയ നടിമാർ നിരവധിയാണ്. പ്രത്യേകിച്ചും ടോളിവുഡിലും കോളിവുഡിലുമാണ് ഈ പ്രവണത കൂടുതലെന്ന് സിനിമാ പ്രേക്ഷകർ ചൂണ്ടിക്കാട്ടാറുണ്ട്. ടോളിവുഡിൽ നായികമാരുടെ കരിയർ ഗ്രാഫിന്റെ ആയുസ് വളരെ കുറവാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സൂപ്പർതാരത്തിന്റെ അമ്മയായും ചേച്ചിയുമായി അഭിനയിക്കുന്നവർക്ക് നായകനേക്കാൾ പ്രായം കുറവാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടാറുണ്ട്.
നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി തുടങ്ങിയ ടോളിവുഡ് സൂപ്പർസ്റ്റാറുകൾ പ്രായം അറുപത് പിന്നിട്ടവരാണ്. എന്നാൽ ഇവരുടെ നായികമാർ ഇരുപതുകാരികാളും മുപ്പതുകാരികളുമാണെന്നും വിമർശനം ഉയരാറുണ്ട്. അനുഷ്ക ഷെട്ടി, സമാന്ത തുടങ്ങി ചുരുക്കം നടിമാർക്ക് മാത്രമേ ദീർഘകാലം തെലുങ്കിൽ മുൻനിര നായിക നടിയായി തുടരാൻ കഴിഞ്ഞിട്ടുള്ളൂ.വിമർശനങ്ങളെ സൂപ്പർതാരങ്ങളോ ഇവരുടെ ആരാധകരോ കാര്യമാക്കാറില്ല.


Click it and Unblock the Notifications











