ആദ്യ പ്രണയം അവളോടായിരുന്നു; പറയാൻ പറ്റിയില്ല; തുറന്ന് പറഞ്ഞ് ചിരഞ്ജീവി; നടന്റെ വാക്കുകൾ
തെലുങ്ക് സിനിമാ രംഗത്തെ പ്രബല സാന്നിധ്യമാണ് ചിരഞ്ജീവിയും കുടുംബവും. കുടുംബവാഴ്ച കൊടി കുത്തി വാഴുന്ന ടോളിവുഡിലെ പ്രമുഖരിൽ പലരും ചിരഞ്ജീവിയുടെ കൊനിഡേല കുടുംബവുമായി ബന്ധമുള്ളവരാണ്. നടൻ രാം ചരൺ ചിരഞ്ജീവിയുടെ മകനാണ്. ചിരഞ്ജീവിയുടെ ഭാര്യയുടെ സഹോദരന്റെ മകനാണ് അല്ലു അർജുൻ. സിനിമയിലും രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിക്കുന്ന പവൻ കല്യാൺ ചിരഞ്ജീവിയുടെ സ്വന്തം അനുജനാണ്. നിഹാരിക, വരുൺ തേജ് തുടങ്ങിയ യുവതാരങ്ങളും ചിരഞ്ജീവിയുടെ ബന്ധുക്കളാണ്.
ടോളിവുഡിലെ ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ് ചിരഞ്ജീവിയുടെ കൊനിഡേല കമ്പനി. ഒരു കാലത്ത് ചിരഞ്ജീവി തെലുങ്ക് സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഡാൻസും ആക്ഷനും നിറഞ്ഞ ചിരഞ്ജീവി ചിത്രങ്ങൾ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടി. എന്നാലിന്ന് കരിയറിൽ നടന് നല്ല കാലമല്ല. അടുത്തിടെയിറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടു.

സോഷ്യൽ മീഡിയയിൽ ട്രോളുകളും നടനെതിരെ വരുന്നു. എന്നാൽ ചിരഞ്ജീവിക്കുള്ള ആരാധക വൃന്ദവും ഖ്യാതികളും ചെറുതല്ല. ആന്ധ്രയിലെ ഏറ്റവും വലിയ സിനിമാ ബഹുമതിയായ രഘുപതി വെങ്കയ്യ അവാർഡ്, മൂന്ന് നന്ദി പുരസ്കാരങ്ങൾ, 9 ഫിലിം ഫെയർ പുരസ്കാരങ്ങൾ തുടങ്ങിയവ നടന് ലഭിച്ചിട്ടുണ്ട്. 2006 ൽ പത്മഭൂഷൺ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
നടന്റെ പിറന്നാൾ ദിനമാണ് ഇന്ന്. 68 വയസ് പൂർത്തിയായിരിക്കുകയാണ് ചിരഞ്ജീവിക്ക്. പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കുകയാണ്. നിരവധി പേരാണ് നടന് ആശംസകളറിയിക്കുന്നത്. നടന്റെ കരിയർ ഗ്രാഫും ജീവിതവുമെല്ലാം ആരാധകർ ചർച്ചയാക്കുന്നു. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് മുമ്പൊരിക്കൽ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏഴാം ക്ലാസുകാരിയോട് തനിക്ക് ഇഷ്ടം തോന്നിയിരുന്നെന്ന് നടൻ തുറന്ന് പറഞ്ഞു. സൈക്കിൾ ഓടിച്ച് പോകുന്ന ആ പെൺകുട്ടിയെ താൻ ശ്രദ്ധിച്ചു. അക്കാലത്ത് ഒരു പെൺകുട്ടി സൈക്കിളോടിക്കുന്നത് തന്റെ ഗ്രാമത്തിൽ അപൂർവമാണ്. അവളെങ്ങനെയാണ് സൈക്കിൾ ഓടിക്കുന്നതെന്ന് കൗതുകത്തിൽ ഞാൻ തിരിഞ്ഞ് നോക്കുമായിരുന്നും. മുന്നോട്ട് നോക്കാൻ അവൾ പറയും. എന്നാൽ ആ ഇഷ്ടം പറയാൻ പറ്റിയില്ല. തന്റെ മനസ്സിൽ തന്നെ കിടന്നെന്നും ചിരഞ്ജീവി പറഞ്ഞു.
സുരേഖ എന്നാണ് ചിരഞ്ജീവിയുടെ ഭാര്യയുടെ പേര്. 1980 ലാണ് ഇരുവരും വിവാഹിതരായത്. രാം ചരൺ, ശ്രീജ, സുഷ്മിത എന്നീ മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. അച്ഛന്റെ ഖ്യാതി നിലനിർത്തിക്കൊണ്ട് മകൻ രാം ചരൺ ഇന്ന് സൂപ്പർ താരമായി വളർന്നു. ആർആർആർ എന്ന സിനിമയ്ക്ക് ശേഷം ആഗോള തലത്തിൽ അറിയപ്പെടുന്ന താരമായി രാം ചരൺ വളർന്നു.

ഭോലാ ശങ്കറാണ് ചിരഞ്ജീവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ചിത്രം. തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോല ശങ്കർ. തമന്ന, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അടുത്തിടെയിറങ്ങിയതിൽ ചിരഞ്ജീവിയുടെ ഏറ്റവും വലിയ പരാജയ സിനിമയാണ് ഭോല ശങ്കർ. ഇതിന് മുമ്പ് 2019 ൽ പുറത്തിറങ്ങിയ ആചാര്യയാണ് നടന്റെ കരിയറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പരാജയ ചിത്രം.
റീമേക്കുകളിൽ തുടരെ നായകനായെത്തുന്നത് നടന്റെ ജനപ്രീതിയെയും ബാധിക്കുന്നു. മലയാള ചിത്രം ലൂസിഫറിന്റെ റീമേക്കായ ഗോഡ് ഫാദർ എന്ന സിനിമയുമായാണ് കഴിഞ്ഞ വർഷം നടൻ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ബ്രോ ഡാഡി എന്ന മലയാള സിനിമയും നടൻ റീമേക്ക് ചെയ്യുന്നുണ്ടെന്ന സൂചനയുണ്ട്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.


Click it and Unblock the Notifications