മുൻ മരുമകളുടെ ഇന്നത്തെ അവസ്ഥയിൽ വിഷമം; മകന്റെ ഭാഗത്താണ് തെറ്റെന്ന് ലക്ഷ്മി ദഗുബതി; പുതിയ വാദം
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് നാഗ ചൈതന്യ-ശോഭിത ധുലിപാല വിവാഹനിശ്ചയം. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. നടി സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത്. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു സമാന്ത-നാഗ ചൈതന്യ വേർപിരിയൽ. 2017 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു.
അന്ന് സമാന്തയ്ക്കെതിരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വന്നു. നടി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാത്തതാണ് വേർപിരിയലിന് കാരണമെന്ന് ചിലർ ആക്ഷേപിച്ചു. സമാന്തയയുടെ താരപ്രഭ വിവാഹ ജീവിതത്തെ ബാധിച്ചെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ വേർപിരിയലിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. വേർപിരിയൽ സമാന്തയെ മാനസികമായി തകർത്തിരുന്നു. നാഗ ചൈതന്യയുടെ കുടുംബവുമായും വലിയ അടുപ്പം സമാന്തയ്ക്കുണ്ടായിരുന്നു.

പിരിഞ്ഞെങ്കിലും സമാന്തയെ മകളെ പോലെയാണ് താൻ കാണുന്നതെന്ന് നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന കഴിഞ്ഞ ദിവസം പറയുകയുണ്ടായി. നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മി ദഗുബതിക്കും പ്രിയങ്കരിയായിരുന്നു സമാന്ത. ലക്ഷ്മി ദഗുബതിയെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്ത് വരുന്നത്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിൽ ലക്ഷ്മി ദഗുബതിക്ക് താൽപര്യമില്ലെന്നാണ് സൂചന.
നാഗ ചൈതന്യയും സമാന്തയും വേർപിരിഞ്ഞതിൽ അമ്മയ്ക്ക് വിഷമമുണ്ട്. ഇക്കാര്യത്തിൽ നാഗ ചൈതന്യയോട് ദേഷ്യവുമുണ്ട്. വേർപിരിയലിന് കാരണം നാഗ ചൈതന്യയാണെന്ന് അമ്മ വിശ്വസിക്കുന്നു. സമാന്തയുമായി ലക്ഷ്മി ദഗുബതി ഇപ്പോഴും സംസാരിക്കാറുണ്ട്. സമാന്തയ്ക്ക് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് ലക്ഷ്മി ദഗുബതിയെ ഏറെ വിഷമിപ്പിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നാഗ ചൈതന്യ-സമാന്ത വേർപിരിയൽ കാരണം നടന്റെ അച്ഛന്റെ അക്കിനേനി കുടുംബവും അമ്മയുടെ ദഗുബതി കുടുംബവും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും അഭ്യൂഹം പരക്കുന്നുണ്ട്.

നാഗാർജുനയുടെ മുൻ ഭാര്യയാണ് ലക്ഷ്മി ദഗുബതി. നാഗാർജുന സിനിമകളിലേക്ക് ശ്രദ്ധ കൊടുത്തതോടെ ഇവർ അകലുകയായിരുന്നു. ഇതിന് ശേഷമാണ് നാഗാർജുന നടി അമലയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും അഖിൽ അക്കിനേനി എന്ന മകനും പിറന്നു. അച്ഛന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ തന്നെ ആദ്യ വിവാഹ ബന്ധം നാഗ ചൈതന്യക്കും പരാജയപ്പെടുകയാണുണ്ടായത്.
സമാന്തയുമായി പിരിഞ്ഞ് മാസങ്ങൾക്കുള്ളിൽ ശോഭിതയുമായി നാഗ ചൈതന്യ അടുത്തിട്ടുണ്ട്. രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ മോചനത്തിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സമാന്തയെ ബാധിച്ചു. തുടരെ തന്നെ തകർക്കുന്ന പ്രശ്നങ്ങൾ വന്നപ്പോഴും ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് സാധിക്കുന്നു. മയോസിറ്റിസിന്റെ ചികിത്സയ്ക്ക് വേണ്ടിയെടുത്ത ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. വരുൺ ധവാനാണ് സീരീസിലെ നായകൻ.


Click it and Unblock the Notifications