പവൻ കല്യാണിന്റെ അയ്യപ്പനും കോശിയിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി...
2020 ൽ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോൻ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. അയ്യപ്പൻ നായരായി ബിജു മേനോൻ എത്തിയപ്പോൾ കോശി കുര്യനായത് പൃഥ്വിരാജായിരുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് സച്ചി അയ്യപ്പനും കോശിയിലൂടെ പറയുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ചിത്രം ചർച്ച വിഷയമായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ നിന്നും 50 കോടി കളക്ഷനും സ്വന്തമാക്കിയിരുന്നു. രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
സിനിമ കോളങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേക്ക്. പവർ സ്റ്റാർ പവൻ കല്യാൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. പവൻ കല്യാണിന്റെ അയ്യപ്പനും കോശിയിലും മംമ്ത മോഹൻദാസും എത്തുന്നു. ടോളിവുഡ് ഡോട് നെറ്റാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. തെന്നിന്ത്യയിലും മികച്ച ആരാധകരുള്ള നടിയാണ് മംമ്ത മോഹൻദാസ്. സാഗർ ചന്ദ്രയാണ് തെലുങ്ക് അയ്യപ്പനും കോശിയും സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. കണ്ണമ്മ എന്ന കഥാപാത്രത്തിനായി സായ് പല്ലവി, ഐശ്വര്യ രാജേഷ് എന്നിവരുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരാണ് മംമ്ത, സായ്പല്ലവി, ഐശ്വര്യയ തുടങ്ങിയവർ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജോൺ എബ്രഹാമാണ്.
തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരോട് അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാനാണ് നിർദ്ദേശം. ത്രിവിക്രമാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്.


Click it and Unblock the Notifications











