മൂന്നാമത്തെ ഭാര്യയുമായും പ്രശ്നം; പവൻ കല്യാണും റഷ്യക്കാരി അന്നയും വിവാഹമോചിതരായെന്ന് റിപ്പോർട്ട്
തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് പവൻ കല്യാൺ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള പവൻ കല്യാണിന്റെ ആരാധക വൃന്ദം ചെറുതല്ല. സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരനാണ് ഇദ്ദേഹം. നടന്റെ വ്യക്തി ജീവിതം ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. മൂന്ന് തവണയാണ് പവൻ കല്യാൺ വിവാഹിതനായത്. ആദ്യ രണ്ട് വിവാഹമോചനങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. റഷ്യൻ മോഡലായ അന്ന ലെസ്നവെയെയാണ് പവൻ കല്യാൺ മൂന്നാമത് വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
തീൻ മാർ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അന്ന ലെസ്നവയുമായി പവൻ കല്യാൺ പ്രണയത്തിലാകുന്നത്. അധികം വൈകാതെ ഇവർ വിവാഹിതരുമായി. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മക്കളോടൊപ്പം അന്ന ദുബായിലോക്കോ സിംഗപ്പൂരിലേക്കോ താമസം മാറിയെന്ന റിപ്പോർട്ടുകളുമുണ്ട്. അടുത്തിടെയായി കുടുംബത്തിലെ വിശേഷ ദിവസങ്ങളിലൊന്നും പവൻ കല്യാണിനൊപ്പം അന്ന ഉണ്ടാകാറില്ല.

ബന്ധുവായ നടൻ വരുൺ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്നയുണ്ടായിരുന്നില്ല. മുമ്പ് ഭർത്താവിനൊപ്പം പൊതുവേദികളിൽ അന്നയെ കാണാറുണ്ടായിരുന്നു. എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളോട് പവൻ കല്യാണോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2013 ലാണ് അന്നയും പവൻ കല്യാണും വിവാഹിതരാകുന്നത്. നടന്റെ മുൻ വിവാഹമോചനങ്ങളും ഏറെ ചർച്ചയായിരുന്നു. 1997 ലാണ് പവൻ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. നന്ദിനി എന്ന സ്ത്രീയെയാണ് നടൻ വിവാഹം ചെയ്തത്. വീട്ടുകാർ മുൻകൈയെടുത്ത് നടത്തിയ വിവാഹബന്ധം പക്ഷെ കുറച്ച് വർഷങ്ങൾക്കുള്ളിൽ വേർപിരിയലിൽ അവസാനിച്ചു. രേണു ദേശായ് എന്ന നടിയുമായി പവനുള്ള ബന്ധമാണ് വിവാഹബന്ധം തകരാൻ കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

അഞ്ച് കോടി രൂപയാണ് ആദ്യ ഭാര്യക്ക് പവൻ കല്യാൺ നൽകിയ ജീവനാംശം. പിന്നീട് രേണു ദേശായിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്ന നടന് ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു. ശേഷം രേണു ദേശായിയും പവൻ കല്യാണും വിവാഹവും ചെയ്തു. രണ്ടാമതൊരു കുഞ്ഞും ഇവർക്ക് പിറന്നു. ആധ്യ കൊനിഡേല എന്നാണ് ഇളയ മകളുടെ പേര്. അകിര നന്ദൻ എന്നാണ് മകന്റെ പേര്. എന്നാൽ പിന്നീട് രേണുവും പവനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. 2012 ൽ ഇരുവരും വിവാഹമോചനവും നേടി. രേണുവിന് കോടികൾ ജീവനാംശമായി നൽകുകയും ചെയ്തു.
അടുത്തിടെ തന്റെ ചെറുപ്പകാലത്തെക്കുറിച്ച് പവൻ കല്യാൺ പറഞ്ഞ വാക്കുകൾ ആരാധക ശ്രദ്ധ നേടിയിരുന്നു. ഒറ്റപ്പെട്ട് വളർന്ന കുട്ടിയായതിനാൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നെന്ന് പവൻ കല്യാൺ തുറന്ന് പറഞ്ഞു. പതിനേഴാം വയസ്സിൽ പരീക്ഷയുടെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യാൻ പോലും തോന്നി.
ചേട്ടൻ ചിരഞ്ജീവിയുടെ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. മൂത്ത ചേട്ടൻ നാഗേന്ദ്രയും അദ്ദേഹത്തിന്റെ ഭാര്യയും കൃത്യസമയത്ത് കണ്ടത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതറിഞ്ഞ ചിരഞ്ജീവി തന്നോട് സംസാരിച്ചു. അദ്ദേഹം തന്ന പ്രചോദനത്താലാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നുമാണ് പവൻ കല്യാൺ പറഞ്ഞത്. സിനിമാരംഗത്ത് വളരെ പെട്ടെന്ന് പവൻ കല്യാൺ താരമായി. തെലുങ്ക് സിനിമയിലെ പ്രബലരാണ് ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും കുടുംബം. സിനിമാ അഭിനയത്തിന് പുറമെ നിർമാണത്തിലും താരകുടുംബം സജീവമാണ്.


Click it and Unblock the Notifications











