പ്രശ്നങ്ങൾ മാറ്റിവെച്ച് വീണ്ടും ഒന്നിക്കുന്നതിന്റെ സൂചന; ഡിവോഴ്സിന് ശേഷമുള്ള കോ പാരന്റിംഗ് ആണെന്നും വാദം
തെന്നിന്ത്യൻ സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായതാണ് സമാന്തയും നാഗ ചൈതന്യയും വിവാഹമോചനം നേടിയ സംഭവം. പിരിഞ്ഞ് ഏറെ നാളുകളായെങ്കിലും താരങ്ങളുടെ ആരാധകരെ സംബന്ധിച്ച് ഈ വേർപിരിയിൽ ഇന്നും നിരാശയായി തുടരുന്നു. തെലുങ്ക് സിനിമാ ലോകത്ത് അത്രമാത്രം ആഘോഷിക്കപ്പെട്ട താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും. യെ മ ചെസവ, മജിലി തുടങ്ങിയ സിനിമകളിലൂടെ ജനപ്രിയ ജോഡിയായി മാറിയ താരങ്ങൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ സിനിമാ ലോകത്ത് വലിയ ആഘോഷമായി.
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും കുടുംബങ്ങളുമെല്ലാം ഒത്തുചേർന്ന ആഘോഷദിനമായിരുന്നു സമാന്ത-നാഗ ചൈതന്യ വിവാഹം. എന്നാൽ നാല് വർഷം മാത്രമേ ഈ വിവാഹബന്ധത്തിന് ആയുസുണ്ടായുള്ളൂ. പ്രശ്നങ്ങൾ ഉടലെടുത്തതോടെ രണ്ട് പേരും പിരിഞ്ഞു. വിവാഹത്തിന് ശേഷം സമാന്തയ്ക്ക് കരിയറിലെ പ്രശസ്തി കുതിച്ചുയർന്നിരുന്നു. ഓ ബേബി, ഫാമിലി മാൻ തുടങ്ങിയ പ്രൊജക്ടുകൾ താരത്തിന് ലഭിക്കുന്നത് വിവാഹത്തിന് ശേഷമാണ്.

സമാന്ത കരിയറിലേക്ക് മാത്രം ശ്രദ്ധ കൊടുത്തതാണ് വേർപിരിയലിന് കാരണമായതെന്ന് അഭ്യൂഹങ്ങൾ വന്നു. എന്നാൽ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം എന്തെന്ന് ഇന്നും വ്യക്തമല്ല. ഇതേക്കുറിച്ച് താരങ്ങൾ തുറന്ന് സംസാരിച്ചിട്ടുമില്ല. ഇപ്പോഴിതാ സമാന്തയും നാഗ ചൈതന്യയും വീണ്ടും ഒരുമിക്കുകയാണെന്ന സംശയങ്ങളാണ് ആരാധകർക്ക്. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇതിന് കാരണമായത്.
വളർത്തു നായയായ ഹാഷിനൊപ്പമുള്ള ഫോട്ടോയാണ് നാഗചൈതന്യ പങ്കുവെച്ചത്. സമാന്തയും നാഗ ചൈതന്യയും ഒരുമിച്ച് ജീവിക്കുന്ന കാലത്താണ് ഈ നായയെ വാങ്ങുന്നത്. വേർപിരിയലിന് ശേഷം സമാന്തയാണ് ഈ നായയെ വളർത്തിയത്. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മിക്കപ്പോഴും ഹാഷിനെ കാണാമായിരുന്നു. ഹാഷിനെ ഇപ്പോൾ നാഗ ചൈതന്യക്കൊപ്പം കണ്ടതോടെയാണ് ആരാധകർക്ക് സംശയം തോന്നിയിരിക്കുന്നത്.

വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം വേർപിരിയലിന് ശേഷം രണ്ട് പേരും സൗഹൃദം തുടർന്നിരിക്കാമെന്നും ഡിവോഴ്സിന് ശേഷം വളർത്ത് നായയെ രണ്ട് പേരും കോ പാരന്റിംഗ് ചെയ്യുന്നതാണെന്നും അഭിപ്രായങ്ങൾ വന്നു.
അടുത്തിടെ സമാന്ത ആഴ്ചകൾ നീണ്ട വിദേശ യാത്രയ്ക്ക് പോയിരുന്നു. ഒരുപക്ഷെ ആ സമയത്ത് നടി ഹാഷിനെ നാഗ ചൈതന്യയുടെ പക്കൽ ഏൽപ്പിച്ചതായിരിക്കാം എന്നും ഊഹാപോഹങ്ങൾ വരുന്നുണ്ട്. ഡിവോഴ്സിന് ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. മറുവശത്ത് സമാന്തയ്ക്ക് ഡിവോഴ്സിന് ശേഷം പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. കടുത്ത സൈബർ അധിക്ഷേപങ്ങളാണ് നടിക്ക് നേരെ വന്നത്.
എന്നാൽ സമാന്ത ഇതൊന്നും കാര്യമാക്കിയില്ല. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിച്ചു. ഒരു വർഷത്തോളമായി ഇതിന്റെ ചികിത്സയിലാണ് നടി. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്ന സമാന്തയ്ക്ക് പിന്തുണയുമായി ആരാധകർ ഒപ്പമുണ്ട്. ഖുശിയാണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ചിത്രത്തിൽ വിജയ് ദേവരെകാണ്ടയാണ് നായകനായെത്തിയത്. മികച്ച വിജയം നേടിയ ഖുശിയിൽ രണ്ട് പേരുടെയും പ്രകടനം പ്രേക്ഷക പ്രശംസ നേടി. സമാന്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications