ശാകുന്തളത്തിന്റെ ഫൈനൽ ഔട്ടിൽ സമാന്തയ്ക്ക് അതൃപ്തി?; പ്രതികരണവുമായി നിർമാതാവ്
സമാന്ത ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ശാകുന്തളം. നടിയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയിൽ മലയാളി നടൻ ദേവ് മോഹനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ച് ഏറെ നാളുകളായെങ്കിലും സിനിമയെ ക്കുറിച്ചുള്ള ഒരു അപ്ഡേറ്റും പുറത്തു വരുന്നുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിക്കുകയു ചെയ്തു. ശാകുന്തളത്തിന്റെ ഫൈനൽ ഔട്ട്പുട്ടിൽ സമാന്തയ്ക്ക് തൃപ്തിക്കുറവുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ശാകുന്തളത്തെക്കുറിച്ചുള്ള വിവരങ്ങളും നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശാകുന്തളത്തിന്റെ നിർമാതാവായ നീലിമ ഗുണ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണ് നിർമാതാവ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
'പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം നടന്നു വരികയാണ്. വെല്ലുവിളി നിറഞ്ഞ ഗ്രാഫിക്സ് സങ്കീർണതകൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നു. നിങ്ങൾക്ക് നിലവാരമുള്ള ഔട്ട്പുട്ട് നൽകാൻ തയ്യാറെടുക്കുകയാണ് ഞങ്ങൾ. ഈ നിർണായക ഘട്ടത്തിൽ ടീം നിങ്ങളുടെ പിന്തുണയും മനസ്സിലാക്കലും അർഹിക്കുന്നു. അത് നിങ്ങൾ നൽകുമെന്ന് എനിക്കുറപ്പുണ്ട്. കഴിയുന്നതും വേഗത്തിൽ അപ്ഡേറ്റുകൾ ഞങ്ങൾ പുറത്തു വിടും. നിങ്ങളുടെ സ്നേഹത്തിന് നന്ദി,' നിർമാതാവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ.

ശാകുന്തളത്തിന് പുറമെ യശോദ, ഖുശി എന്നിവയാണ് തെലുങ്കിൽ സമാന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ഉടൻ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നുണ്ട്. ബൈ സെക്ഷ്വൽ ആയ കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
നടി അടുത്തിടെ അഭിനയിച്ച ഫാമിലി മാൻ സീസൺ 2 വിലെ വില്ലൻ വേഷം വൻ ജനപ്രീതി നേടിയിരുന്നു. ശേഷം പുഷ്പ 2 വിൽ ചെയ്ത ഐറ്റം സോങും വൻ ഹിറ്റായി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമാന്തയെ തേടി നിരവധി ഓഫറുകൾ ബോളിവുഡിൽ നിന്നും വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications