സൂപ്പർസ്റ്റാർ ആകേണ്ട സുമനെ ജയിലിലാക്കി; വൻ ചതി; ചിരഞ്ജീവിക്കും പങ്കോ? നടന് സംഭവിച്ചത്
തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തുടരെ കാണുന്ന നടനാണ് സുമൻ. കൂടുതലായും തമിഴ്, തെലുങ്ക് സിനിമകളിലാണ് ഇദ്ദേഹത്തെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. മലയാളത്തിൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നെഗറ്റീവ് കഥാപാത്രങ്ങൾക്ക് അപ്പുറം ഒരു കാലത്ത് തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ മുൻനിര നായക നടനായിരുന്നു ഇദ്ദേഹം. എൺപതുകളിൽ സുമൻ നായകനായെത്തിയ നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപ അക്കാലത്ത് ഒരു സിനിമയ്ക്ക് പ്രതിഫലം കൈ പറ്റുന്ന നായക നടനാണ് സുമൻ. ഒരുപക്ഷെ ഇന്നും സൂപ്പർസ്റ്റാറായി അറിയപ്പെടേണ്ടിയിരുന്ന താരം. പക്ഷെ ചില അപ്രതീക്ഷിത സംഭവങ്ങൾ നടന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. അക്കാലത്ത് സുമനെതിരെ വന്ന ഒരു കേസാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. സുമന്റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് വീട്ടിൽ നിന്നും നീലച്ചിത്രങ്ങളുടെ വീഡിയോ ടേപ്പുകൾ പിടിച്ചെടുത്തു.

സുമൻ തങ്ങളെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ചെന്നും നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് മൂന്ന് സ്ത്രീകൾ പരാതി നൽകി. ഇതോടെ നടൻ അറസ്റ്റിലായി. നിയമക്കുരുക്കുകൾ സുമന് മേലെ വന്നു. നടൻ ജയിലിലുമായി. ആറ് മാസമാണ് സുമൻ ജയിലിൽ കിടന്നത്.
കേസുകൾക്കും വിവാദത്തിനുമിടെ സുമന്റെ കരിയറിൽ തകർച്ച സംഭവിച്ചു. നായക നിരയിലെ സ്ഥാനം സുമന് നഷ്ടപ്പെട്ടു. സുമന്റെ കരിയർ തകർക്കാൻ വേണ്ടി തെലുങ്കിലെ സൂപ്പർസ്റ്റാർ ചിരഞ്ജീവി ചെയ്ത ചതിയാണിതെന്ന് അക്കാലത്ത് പ്രചരണമുണ്ടായിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ സുമൻ അംഗീകരിച്ചിട്ടില്ല.
സുമനെ കുടുക്കിയതാണെന്ന് ആരോപിച്ച് അന്തരിച്ച സംവിധായകൻ സാഗർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എംജിആർ ആണ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി. അന്നത്തെ ഡിജിപി, മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മദ്യവ്യവസായി എന്നിവരാണ് നടനെ ചതിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഡിജിപിയുടെ മകൾക്ക് സുമനോട് കടുത്ത ഇഷ്ടം തോന്നി.
സുമന്റെ ഷൂട്ടിംഗുള്ള സ്ഥലങ്ങളിൽ എല്ലാം മകൾ എത്താൻ തുടങ്ങി. ഇവർ വിവാഹിതയുമാണ്. എന്നാൽ സുമന് ഈ പെൺകുട്ടിയുമായി അടുപ്പമില്ലായിരുന്നു. പക്ഷെ സുമൻ തന്റെ മകളെ വശീകരിച്ച് കുടുംബം തകർക്കുന്നു എന്ന് കരുതിയ ഡിജിപിക്ക് നടനോട് ശത്രുതയായി. ഇതിനിടെയാണ് മദ്യ വ്യവസായിയുടെ കടന്ന് വരവ്.

ഈ വ്യവസായിയുടെ മകൾ സുമന്റെ സുഹൃത്ത് ദിവാകറിനൊപ്പം ഒളിച്ചോടി. ഇതിന് പിന്നിൽ സുമനും ഉൾപ്പെട്ടുണ്ടെന്ന് മനസ്സിലാക്കിയ മദ്യ വ്യവസായിക്കും നടനോട് ശത്രുതയായി. രണ്ട് പേരും മുഖ്യമന്ത്രിയെ സ്വാധീനിച്ച് സുമനെ കള്ളക്കേസിൽ കുടുക്കി എന്നാണ് സാഗർ ആരോപിച്ചത്. ആറ് മാസമേ ജയിലിൽ കിടന്നുള്ളൂ എങ്കിലും സുമന്റെ പ്രതിച്ഛായയെ ഇത് കാര്യമായി ബാധിച്ചു. നടന്റെ നിരവധി പ്രോപ്പർട്ടികളും നഷ്ടമായെന്നും സാഗർ ചൂണ്ടിക്കാട്ടി.
തമിഴ്നാട് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ കഴിയുന്ന മദ്യ വ്യവസായിയാണ് തന്നെ കുടുക്കിയതെന്ന് സുമനും കേസ് നടക്കവെ ആരോപിച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ 2007 ലാണ് സുമൻ കരിയറിൽ വീണ്ടും സജീവമാകുന്നത്. ശിവാശി എന്ന രജിനികാന്ത് ചിത്രത്തിൽ വില്ലൻ വേഷം ചെയ്തായിരുന്നു നടന്റെ മടങ്ങി വരവ്.
വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ബാലയ്യ, ചിരഞ്ജീവി ഉൾപ്പെടെയുള്ള മുതിർന്ന നടൻമാരെ പോലെ സൂപ്പർതാര പദവി സുമനുണ്ടായേനെ. 63 കാരനായ സുമൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. സിരിഷ എന്നാണ് നടന്റെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്.


Click it and Unblock the Notifications