'ഒരു മിനിറ്റ് എനിക്ക് സംസാരിക്കാൻ അനുവാദം തരാമോ?, അനുപമയുടെ അവസ്ഥ കണ്ട് സങ്കടം തോന്നി'; വീഡിയോ വൈറൽ
എത്ര സിനിമകൾ ചെയ്താലും മലയാളികൾക്ക് എന്നും ജോർജ് സ്നേഹിച്ച മേരിയാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ താരം മലയാളത്തിനേക്കാൾ സജീവം തെലുങ്കിലാണ്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് തെലുങ്ക് റൊമാന്റിക് എന്റർടെയ്നർ തില്ലു സ്ക്വയറാണ്. ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച് കഴിഞ്ഞു. മാർച്ച് 29ന് തിയറ്ററുകളിലെത്തിയ ചിത്രം പത്ത് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. അതീവ ഗ്ലാമറസായിട്ടാണ് അനുപമ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
അത് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. സിദ്ദു ജൊന്നാലഗഢയാണ് ചിത്രത്തിൽ നായകൻ. അനുപമ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ഗ്ലാമറസ്സായ വേഷമാണ് ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിന് മേടിച്ചതും.

2022 ൽ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടർഭാഗമാണ് ഈ സിനിമ. മാലിക് റാമാണ് സംവിധാനം. സായി പ്രകാശ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. 40 കോടിയാണ് സിനിമയുടെ മുടക്ക്. ഇതിനോടകം തന്നെ ചിത്രം ബ്ലോക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ഈ സിനിമയുടെ വിജയത്തോടെ തെലുങ്കിലെ സൂപ്പർ നായികയെന്ന പട്ടം അനുപമ ഒരിക്കൽ കൂടി ഉറപ്പിച്ചു.
നടി നായികയായെത്തിയ തെലുങ്ക് സിനിമകളെല്ലാം ബോക്സ്ഓഫിസിൽ വലിയ വിജയമായിരുന്നു. സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ജൂനിയർ എൻടിആറാണ് വിജയാഘോഷ പരിപാടിയിൽ അതിഥിയായി എത്തിയവരിൽ ഒരാൾ.
എന്നാൽ സിനിമയുടെ സക്സസ് മീറ്റിൽ സംസാരിച്ച അനുപമയ്ക്ക് സദസിൽ തടിച്ച് കൂടിയ ജൂനിയർ എൻടിആർ ഫാൻസിൽ നിന്നും ഒരു മോശം അനുഭവമുണ്ടായി. അനുപമ സംസാരിക്കാൻ തുടങ്ങിയപ്പോൾ കാണികൾ ബഹളം വെക്കാനും സംസാരിക്കേണ്ടെന്നും അത് കേൾക്കാൻ താൽപര്യമില്ലെന്നും ആഗ്യം കാണിച്ച് തുടങ്ങി.
ഒരു രണ്ട് മിനിറ്റ് അനുവദിക്കുമോയെന്ന് ചോദിച്ച് പോലും കാണികൾ വേണ്ടെന്നുള്ള ആഗ്യം കാണിച്ച് അനുപമയോട് സംസാരിക്കേണ്ടെന്ന് പറഞ്ഞു. പിന്നീട് അവതാരിക ഇടപെട്ട് സദസിനെ ശാന്തമാക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായി. എന്നിട്ടും വളരെ പെട്ടന്ന് ജൂനിയർ എൻടിആറിനും സംവിധായകൻ ത്രിവിക്രമനും തില്ലു സ്ക്വയർ ടീമിനും നന്ദി പറഞ്ഞു. വീഡിയോ ഇതിനോടകം വൈറലാണ്.

അതേസമയം അനുപമയുടെ ചടങ്ങിലെ പെരുമാറ്റത്തെ അഭിനന്ദിച്ച് തെലുങ്ക് നടൻ വംശി കൃഷ്ണ പങ്കിട്ട ട്വീറ്റ് വൈറലാണ്. എനിക്ക് ശരിക്കും അനുപമയുടെ അവസ്ഥ കണ്ട് വിഷമം തോന്നി. സിനിമയുടെ വിജയത്തിൽ അനുപമയുടെ സന്തോഷം പങ്കിടാൻ തുടങ്ങിയപ്പോൾ അവൾക്കുണ്ടായ അനുഭവമാണിത്. അവിടെയുള്ള ഈ ആളുകൾ അവളെ സംസാരിക്കാൻ അനുവദിച്ചില്ല. ഇതൊക്കെയാണെങ്കിലും അനുപമ വളരെ മധുരമായി ആ സ്റ്റേജിൽ പെരുമാറി.
മാത്രമല്ല ജൂനിയർ എൻടിആറിന് നന്ദി പറയുകയും വളരെ വിനയത്തോടെയും പക്വതയോടെയും സംസാരിക്കുകയും ചെയ്തുവെന്നാണ് വംശി കൃഷ്ണ ട്വീറ്റ് ചെയ്തത്. സോഷ്യൽമീഡിയയും അനുപമയുടെ പക്വമായ പെരുമാറ്റത്തെ പ്രശംസിച്ചു. സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്കെയാണ് അനുപമ പരമേശ്വരന്റെ അടുത്ത റിലീസ്.


Click it and Unblock the Notifications











