'താരത്തിളക്കം പോയപ്പോൾ പ്രൊഡക്ഷൻ ബോയ് പോലും ഗൗനിച്ചില്ല; സെറ്റിൽ ഭക്ഷണമില്ലാതെ ഇരുന്നപ്പോൾ'
സിനിമാ ലോകത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് സാവിത്രി. അഭിനയ മികവ് കൊണ്ട് തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച സാവിത്രി വർഷങ്ങൾക്കിപ്പുറവും തെലുങ്ക്, തമിഴ് സിനിമാ ലോകത്തിന് മറക്കാൻ സാധിക്കാത്ത പ്രതിഭയാണ്. അത്രയേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് സാവിത്രി ജീവൻ നൽകി. 50 കളിലും അറുപതുകളിലും സാവിത്രിയെ പോലെ തിളങ്ങിയ മറ്റാെരു നടി ഇല്ല. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ 250 ലേറെ സിനിമകളിൽ സാവിത്രി അഭിനയിച്ചു.
1952 ൽ പുറത്തിറങ്ങിയ പെല്ലി ചെസി ചൂടു എന്ന സിനിമയിലൂടെയാണ് സിനിമാ ലോകത്ത് സാവിത്രി ശ്രദ്ധ നേടുന്നത്. പിന്നീട് കൈ നിറയെ സിനിമകൾ സാവിത്രിയെ തേടിയെത്തി. ദേവദാസു, ദൊങ്ക രമുഡു, മായാബസാർ, നർത്തനശാല, മിസാമ, അർധങ്കി, മംഗല്യ ബാലം, ആരാധന തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം സാവിത്രി കാഴ്ച വെച്ചു. സാവിത്രിയുടെ കോൾഷീറ്റിനായി ഫിലിം മേക്കർമാർ കാത്തിരുന്ന കാലമായിരുന്നു അത്. ചുഴി എന്ന ഒറ്റ മലയാളം സിനിമയിൽ മാത്രമേ സാവിത്രി അഭിനിയിച്ചിട്ടുള്ളൂ.

മഹാനടിയെന്ന് സിനിമാലോകം വാഴ്ത്തിയ സാവിത്രിയുടെ ജീവിതം പലപ്പോഴും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെ അഭിമുഖീകരിച്ചു. ജെമിനി ഗണേശനുമായുള്ള പ്രണയവും വിവാഹവുമാണ് സാവിത്രിയുടെ ജീവിതം തകർന്ന് പോയതിന് പ്രധാന കാരണമെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായാണ് സാവിത്രി നടന്റെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. ഇരുവർക്കും രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു.
എന്നാൽ പിന്നീട് സാവിത്രിയും ജെമിനി ഗണേശനും തമ്മിൽ അകന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങൾക്കിടെ സാവിത്രിയുടെ ജീവിതം താളം തെറ്റിത്തുടങ്ങി. മദ്യത്തിന് അടിമപ്പെട്ടു. ജെമിനി ഗണേശനിൽ നിന്നാണ് സാവിത്രി മദ്യപാന ശീലം തുടങ്ങിയതെന്നും സംസാരമുണ്ട്. ജെമിനി ഗണേശൻ അകന്നതോടെ മാനസികമായി തകർന്ന സാവിത്രിക്ക് മദ്യം ആശ്രയമായി. സിനിമാ സെറ്റുകളിൽ പോലും മദ്യപിച്ചാണ് സാവിത്രി എത്തിയിരുന്നതെന്ന് സഹപ്രവർത്തകർ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

കാലക്രമേണ സാവിത്രിയുടെ കരിയറിലെ താരത്തിളക്കം നഷ്ടപ്പെട്ട് തുടങ്ങി. സാവിത്രിയുടെ കരിയറിലെ മോശം സമയത്തെക്കുറിച്ച് അന്തരിച്ച നടൻ ഗുമ്മഡി വെങ്കിടേശ്വര റാവു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നായികയായുള്ള അവസരങ്ങൾ സാവിത്രിക്ക് കുറഞ്ഞ് തുടങ്ങി. ക്യാരക്ടർ റോളുകളിൽ നടി അഭിനയിച്ചു. ഒരു സിനിമയിൽ അമ്മ വേഷത്തിൽ സാവിത്രിയെ പരിഗണിച്ചു.
അക്കാലത്ത് എല്ലാവരും ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ട് വരും. ഭക്ഷണം കൊണ്ട് വരാത്തവർക്ക് പ്രൊഡക്ഷൻ ബോയ് ഭക്ഷണം നൽകണം. എനിക്കും ഭക്ഷണമെത്തി. എന്നാൽ സാവിത്രിക്ക് ഭക്ഷണം വന്നില്ല. അവർക്ക് വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് വരാൻ ആരും ഉണ്ടായിരുന്നില്ല. ഞാൻ നടിയോട് ചോദിച്ചപ്പോൾ വിശക്കുന്നില്ല എന്നാണ് പറഞ്ഞത്. തന്റെയൊപ്പം ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞെങ്കിലും സാവിത്രി സമ്മതിച്ചില്ല. ഞാനും കഴിക്കില്ല എന്ന് പറഞ്ഞതോടെ കണ്ണ് നിറഞ്ഞ സാവിത്രി തന്റെയൊപ്പം ഭക്ഷണം കഴിച്ചെന്ന് ഗുമ്മഡി വെങ്കിടേശ്വര റാവു ഓർത്തു.
താരമൂല്യം പോയപ്പോൾ പ്രൊഡക്ഷൻ ബോയ്സ് പോലും സാവിത്രിയെ ഗൗനിച്ചില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സാവിത്രിയെ പോലെയാെരു കലാകാരി പിറക്കൂ. അവരുടെ സമ്പാദ്യം ഇന്നുണ്ടായിരുന്നെങ്കിൽ കോടികൾ വിലയുണ്ടായേനെ. പക്ഷെ എല്ലാം നഷ്ടപ്പെട്ടു. എല്ലാവരും അവരെ പറ്റിക്കുകയായിരുന്നെന്നും ഗുമ്മഡി വെങ്കിടേശ്വര റാവു പറഞ്ഞു.


Click it and Unblock the Notifications