'ഓടുന്ന ട്രെയിൻ വരെ ഒറ്റ കൈ കൊണ്ട് സിനിമയിൽ തടുത്ത് നിർത്തും'; മാസ് ഹീറോ ബാലയ്യയുടെ ഇപ്പോഴത്തെ തലവേദന മക്കൾ?
ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയെപോലെ മലയാളം സോഷ്യൽ മീഡിയയുടെ പരിഹാസത്തിനും ട്രോളിനും വിധേയനായ മറ്റൊരു നടൻ ഉണ്ടാവാൻ സാധ്യതയില്ല. പലപ്പോഴും മുഴുവനായി ഒരു സിനിമ കണ്ടിട്ടൊന്നുമല്ല അങ്ങിങ്ങായി കിട്ടിയ കണ്ടവും തുണ്ടവും ഒക്കെ കണ്ടാണ് മലയാളികൾ അദ്ദേഹത്തെ എയറിൽ കയറ്റുന്നത്. മൂപ്പരുടെ ചില ഓഫ്സ്‌ക്രീൻ വിളയാട്ടങ്ങളും അതിന് ആക്കം കൂട്ടുന്നു.
പിന്നെ റിയലിസ്റ്റിക്ക് സിനിമകൾക്ക് സ്വീകാര്യത കൂടി വരുന്ന കാലത്ത് പറന്നുള്ള അടിക്കൊന്നും കാഴ്ചക്കാരെയും കിട്ടാനില്ല. സിനിമ ഏതായാലും മാസ് സീനും വെറൈറ്റി അടിയും ബാലയ്യയ്ക്ക് മസ്റ്റാണ്. എന്താണെന്നറിയില്ല... എന്തുതരം സിനിമയാണേലും ഇദ്ദേഹത്തിന്റെ ഒരു ടാർഗറ്റഡ് ഓഡിയൻസിന് ഇതൊക്കെ അത്യാവശ്യമാണ്. അതാണ് ബാലയ്യയുടെ വിജയവും.

റിയൽ ലൈഫിലും മാസ് ആണെന്ന തോന്നലിൽ നിന്ന് ഇറങ്ങി വരാത്ത നടൻ കൂടിയാണ് ബാലയ്യ. 1974 മുതൽ നടനായും 1984 മുതൽ നായകനായും ബാലയ്യ തെലുങ്കിൽ സജീവമാണ്. നടൻ എൻ.ടി രാമറാവുവിൻ്റെ മകനാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണ. ടോളിവുഡ് ലോകത്തെ മുൻനിര നായകന്മാരിൽ ഒരാളായ അദ്ദേഹം ജനിച്ചതും വളർന്നതും മദ്രാസിലാണ്.
ബാലകൃഷ്ണ തൻ്റെ സിനിമാ ജീവിതത്തിൽ ഒരു മെഗാ ഹീറോയാണെങ്കിലും അദ്ദേഹത്തിൻ്റെ വീടിൻ്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. രണ്ട് പെൺമക്കളാണ് ബാലയ്യയുടെ ഇപ്പോഴത്തെ പ്രധാന തലവേദനയെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ബാലയ്യ ഇപ്പോൾ മകനെ സിനിമാരംഗത്തേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിൻ്റെ ആരാധകരും ഇത് ഏറെ പ്രതീക്ഷിച്ചിരുന്നു.
ബാലയ്യയുടെ 30 കാരനായ മകൻ മോക്ഷാഗന ഉടൻ സിനിമാ രംഗത്തേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ്. 1991ൽ പുറത്തിറങ്ങിയ ബാലയ്യയുടെ ആദിത്യ 369 എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മകനെ താരം ഒരുക്കുന്നതായാണ് റിപ്പോർട്ട്. ബാലയ്യയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ ആ ഒരു ചിത്രം നിർമ്മിക്കാനായി നിർമ്മാതാക്കൾ തീർച്ചയായും ഓടിയെത്തുമെന്ന് എല്ലാവർക്കും അറിയാം.
എന്നാൽ മോക്ഷാഗനയുടെ സിനിമ നിർമ്മിക്കാൻ താരത്തിന്റെ വീട്ടിനുള്ളിൽ ഉള്ളവർ തമ്മിൽ തന്നെ അടിയാണ്. കാരണം അടുത്തിടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച രണ്ടാമത്തെ മകൾ തേജസ്വിനി തൻ്റെ സഹോദരൻ്റെ ആദ്യ ചിത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞു.

എന്നാൽ അതേ സമയം ബാലയ്യയുടെ മൂത്ത മകളും നിർമ്മാതാവുമായ നരാ ബ്രാഹ്മണി സഹോദരന്റെ സിനിമ നിർമ്മിക്കാൻ കച്ചകെട്ടി നിൽക്കുകയാണ്. ഇരുവരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്നും ഇത് ബാലയ്യയ്ക്ക് വലിയ തലവേദനയാണെന്നും പറയപ്പെടുന്നു. ഓടുന്ന ട്രെയിൻ വരെ ഒറ്റ കൈ കൊണ്ട് സിനിമയിൽ തടുത്ത് നിർത്തുന്ന മാസ് ഹീറോ ബാലയ്യയ്ക്ക് മക്കളുടെ നിസാര തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലേയെന്ന സംശയമാണ് ആരാധകർക്ക്.
അടുത്തിടെ ഗ്യാങ്‌സ്റ്റര്‍ ഓഫ് ഗോധാവരി എന്ന ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റിൽ വെച്ച് നടി അഞ്ജലിയെ ബാലയ്യ പിടിച്ച് തള്ളിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ചടങ്ങിലെ സ്‌പെഷ്യല്‍ ഗസ്റ്റ് ആയിട്ടാണ് നന്ദമൂരി ബാലകൃഷ്ണ എത്തിയത്. വേദിയില്‍ ഫോട്ടോ എടുക്കുന്നതിന്റെയും മറ്റുമൊക്കെ തിരക്കിലായിരുന്നു എല്ലാവരും.
അഞ്ജലിയോട് ആദ്യം ഒന്ന് മാറി നില്‍ക്കാനായി നന്ദമൂരി ആവശ്യപ്പെടുന്നത് കാണാം. അതുപോലെ തന്നെ അഞ്ജലി മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി നന്ദമൂരി അഞ്ജലിയെ ഒറ്റ തള്ള് തള്ളുകയായിരുന്നു. ഒരു നിമിഷം ഞെട്ടി പിന്നോട്ട് പോയ നടി, ആ സിറ്റുവേഷന്‍ ചിരിച്ചുകൊണ്ട് ഹാന്റില്‍ ചെയ്തു.


Click it and Unblock the Notifications











