'എല്ലാം തീരുമാനിച്ച് മണ്ഡപം ഒരുക്കിയപ്പോൾ വിവാഹം മാറ്റിവെക്കേണ്ട സ്ഥിതി'; ചിരഞ്ജീവിയുടെ വിവാഹ ദിവസം സംഭവിച്ചത്
കഴിഞ്ഞ ദിവസമാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്. പിറന്നാൾ ദിനത്തിൽ കൊച്ചുമകളെ കയ്യിലെടുത്ത് ഇരിക്കുന്ന ചിരഞ്ജീവിയുടെ ഫോട്ടോ വൈറലായിരുന്നു. ഭോലാ ശങ്കറാണ് ചിരഞ്ജീവിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
അജിത് നായകനായ വേതാളത്തിന്റെ റീമേക്ക് ആയിരുന്ന ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയമായി. വസിഷ്ഠ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലറാണ് ചിരഞ്ജീവിയുടെ പുതിയ പ്രോജക്ട്. യുവി ക്രിയേഷൻസാണ് നിര്‍മാണം.
ലോകത്തെമ്പാടുമായി നിരവധി ആരാധകരുള്ള നടനാണ് ചിരഞ്ജീവി. അതുകൊണ്ട് തന്നെ താരത്തിന്റെ കരിയറിൽ എത്രയേറെ പരാജയ സിനിമകളുണ്ടായാലും ആരാധകർക്ക് താരത്തോടുള്ള ആരാധനയിൽ കുറവ് വരാറില്ല. ചില ചിത്രങ്ങൾ പരാജയപ്പെട്ടതുകൊണ്ട് താരത്തിന്റെ റേഞ്ച് കുറയില്ലെന്നും അടുത്ത ചിത്രത്തിലൂടെ വീണ്ടും തന്റെ കഴിവ് ചിരഞ്ജീവി തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തെലുങ്ക് സിനിമയിൽ ഒരു കാലത്ത് ശോഭിച്ച് നിന്ന നടനായിരുന്നു അല്ലു രാമലിംഗ. താരത്തിന്റെ മകൾ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. 1980ലായിരുന്നു തെലുങ്ക് സിനിമ ആഘോഷിച്ച താരവിവാഹം നടന്നത്. ഇരുവരുടെയും വിവാഹ ജീവിതം നാൽപ്പത്തിമൂന്ന് വർഷം പിന്നിടുമ്പോൾ ചിരഞ്ജീവിയുടെ വിവാഹദിനത്തിൽ തെലുങ്ക് സിനിമകളുടെ ക്ലൈമാക്സിനെ വെല്ലുന്ന ചില സംഭവങ്ങൾ നടന്നു.
വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞപ്പോൾ വിവാഹം മാറ്റിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ആ കഥയാണ് ഇപ്പോൾ ചിരഞ്ജീവി ആരാധകർക്കിടയിൽ വീണ്ടും വൈറലാകുന്നത്.
ചിരഞ്ജീവി നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയ കാലത്താണ് അല്ലു രാമലിംഗ തന്റെ മകളെ ചിരഞ്ജീവിക്ക് വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിക്കുന്നത്. വിവാഹം അടുത്ത സമയത്ത് നടൻ ന്യൂട്ടൺ പ്രസാദിന്റെ സിനിമയിൽ ചിരഞ്ജീവി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു.
അതിൽ വളരെ നിർണായകമായ ഒരു സീനിന്റെ ഷൂട്ടിങ് തീരുമാനിച്ചത് ചിരഞ്ജീവിയുടെ വിവാഹം നടക്കുന്ന ദിവസത്തിൽ തന്നെയായിരുന്നു. ന്യൂട്ടൺ പ്രസാദും ചിരഞ്ജീവിയും തമ്മിലുള്ള ചില നിർണായക രംഗങ്ങൾ ആയിരുന്നു അന്ന് ചിത്രീകരിക്കേണ്ടിയിരുന്നത്. കാര്യങ്ങൾ അറിഞ്ഞപ്പോൾ വിവാഹം മാറ്റിവെക്കേണ്ടി വരുമെന്ന് ചിരഞ്ജീവിക്ക് മനസിലായി.

അതിനുള്ള ഒരുക്കങ്ങൾ നടക്കവെ സിനിമയുടെ അണിയറപ്രവർത്തകർ മറ്റൊരു പോം വഴി കണ്ടെത്തി. അന്നേ ദിവസം ചിത്രീകരിച്ചില്ലെങ്കിൽ ന്യൂട്ടൺ പ്രസാദിന്റെ ഡേറ്റ് പിന്നീട് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ചിരഞ്ജീവിയുടെ വിവാഹദിവസം ഷൂട്ട് വേണമെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചത്.
ഇതെല്ലാം ശ്രദ്ധിച്ച നിർമ്മാതാവ് നൂട്ടൻ പ്രസാദിന്റെ ഡേറ്റുകൾ മുടങ്ങാതിരിക്കാനും ചിരഞ്ജീവിയുടെ വിവാഹം മുടങ്ങാതിരിക്കാനും ചിരഞ്ജീവിയുടെ വിവാഹം നടക്കുന്ന കല്യാണ മണ്ഡപത്തിന് സമീപം ചിരഞ്ജീവിയും ന്യൂട്ടൺ പ്രസാദും തമ്മിലുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി.
അതുകൊണ്ട് തന്നെ വിവാഹം മാറ്റിവെക്കേണ്ടി വന്നില്ലെന്ന് മാത്രമല്ല ഷൂട്ടും മുടങ്ങിയില്ല. ഈ ഒറ്റ സംഭവത്തിലൂടെ ചിരഞ്ജീവിക്ക് അഭിനയത്തോട് എത്രമാത്രം താൽപ്പര്യമുണ്ടെന്ന് വ്യക്തമാകുന്നു. സുരേഖയ്ക്കും ചിരഞ്ജീവിക്കും മൂന്ന് മക്കളാണുള്ളത്. അതിൽ രാംചരൺ മാത്രമാണ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത്.
ഉപാസന കാമിനേനിയെ വിവാഹം ചെയ്ത രാംചരണിന് അടുത്തിടെയാണ് ആദ്യത്തെ കൺമണി പിറന്നത്. പേരക്കുട്ടി ഉണ്ടായ സന്തോഷം അറിയിച്ചു കൊണ്ട് ചിരഞ്ജീവി അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വളരെ ആഘോഷപൂർവമാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങുകളെല്ലാം തന്നെയും നടന്നത്. ക്ലിൻ കാര എന്ന പേര് ലളിതാസഹസ്രനാമത്തിൽ നിന്നെടുത്തതാണെന്നും പ്രകൃതിയുടെ മൂർത്തീഭാവമെന്നാണ് പേരിന്റെ അര്‍ഥമെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.


Click it and Unblock the Notifications