പിരിഞ്ഞ ശേഷം സൗഹൃദത്തിനില്ല; ചുംബിച്ചവരുടെ എണ്ണം എനിക്കറിയില്ല; തുറന്ന് പറഞ്ഞ നാഗ ചൈതന്യ
നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ സിനിമാ ലോകത്ത് വ്യാപക ചർച്ചയാണ് നടക്കുന്നത്. നാഗ ചൈതന്യക്ക് നടി സമാന്തയുമായുണ്ടായിരുന്ന ബന്ധമാണ് പ്രധാന ചർച്ചാ വിഷയം. 2017 ൽ വിവാഹിതരായ സമാന്തയും നാഗ ചൈതന്യയും 2021 ൽ വേർപിരിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സമാന്ത നാഗ ചൈതന്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹ ജീവിതത്തിലേക്ക് കടന്ന് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.
എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ രണ്ട് പേരും തയ്യാറായിട്ടില്ല. വേർപിരിയലിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ നാഗ ചൈതന്യ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു. എന്നാൽ സമാന്തയ്ക്ക് ഇതിന് ശേഷം ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടായി. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച നടി ഏറെ നാൾ ഇതിന്റെ ചികിത്സയിലായിരുന്നു.

തന്റെ റിലേഷൻഷിപ്പുകളെക്കുറിച്ച് മുമ്പൊരിക്കൽ നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രേക്കപ്പുകൾക്ക് ശേഷം മുൻ കാമുകിമാരുമായി സൗഹൃദത്തിൽ തുടരുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് നാഗചൈതന്യ വ്യക്തമാക്കി. മുൻകാമുകിമാരുമായി സൗഹൃദം തുടരുന്നത് തന്നെ ഇറിറ്റേറ്റ് ചെയ്യും. ഒരാളുമായി പിരിഞ്ഞാൽ അവരോട് സുഹൃത്തുക്കളായി തുടരാൻ താൻ പറയാറില്ലെന്നും നാഗ ചൈതന്യ അന്ന് വ്യക്തമാക്കി.
എത്ര സ്ത്രീകളെ ചുംബിച്ചിട്ടുണ്ടെന്ന ചോദ്യത്തിനും നാഗ ചൈതന്യ അന്ന് മറുപടി നൽകി. എത്രയെന്ന് തനിക്കറിയില്ലെന്ന് താരം തുറന്ന് പറഞ്ഞു. എന്റെ സിനിമളിൽ ഒരുപാട് ചുംബന രംഗങ്ങളുള്ളതിനാൽ എങ്ങനെ എനിക്ക് എണ്ണാൻ കഴിയും. ഇത് എല്ലാവർക്കും അറിയാം. രഹസ്യമല്ല. ഈ അഭിമുഖം പുറത്ത് വരുമ്പോൾ താൻ വിവാദത്തിലാകുമെന്നും നാഗ ചൈതന്യ അന്ന് പറഞ്ഞു.

താൻ ഒരേസമയം രണ്ട് പേരെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഒരിക്കൽ നാഗ ചൈതന്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ എല്ലാം അനുഭവിക്കണം. എന്നാൽ മാത്രമേ ഒരു വ്യക്തി വളരുകയും തനിക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി സെറ്റിൽഡ് ആകൂയെന്നും നാഗ ചൈതന്യ അന്ന് അഭിപ്രായപ്പെട്ടു. സമാന്തയെ നാഗ ചൈതന്യ വഞ്ചിക്കുകയായിരുന്നു എന്ന ആരോപണം ഇതിനോടകം വന്നിട്ടുണ്ട്.
എന്നാൽ സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുത്തതെന്നാണ് വിവരം. രണ്ട് വർഷം മുമ്പാണ് നാഗ ചൈതന്യ ശോഭിതയെ പരിചയപ്പെടുന്നതെന്നാണ് നടന്റെ പിതാവ് നാഗാർജുന കഴിഞ്ഞ ദിവസം പറഞ്ഞത്. സമാന്തയുമായി പിരിഞ്ഞത് നാഗ ചെെതന്യയെ ഏറെ ബാധിച്ചിരുന്നെന്നും നാഗാർജുന അന്ന് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ ശോഭിതയ്ക്കെതിരെ വ്യാപക സൈബർ ആക്രമണം വരുന്നുണ്ട്. സമാന്തയുടെ വിവാഹ ജീവിതം തകർത്തത് ശോഭിതയാണെന്നാണ് ആരോപണം. എന്നാൽ ഈ വാദം തെറ്റാണെന്ന് നാഗാർജുനയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.


Click it and Unblock the Notifications