വേർപിരിഞ്ഞ് ഒന്നര വർഷത്തിന് ശേഷം സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗചൈതന്യ, പഴയ ദിവസങ്ങളെ കുറിച്ച് നടിയും!
യേ മായു ചേസാവെയുടെ പതിമൂന്നാം വാർഷികത്തിൽ സാമന്തയും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു
ഒന്നര വർഷം മുമ്പ് സിനിമാ പ്രേമികളെ എല്ലാവരേയും സങ്കടത്തിലാക്കിയ വാർത്തയായിരുന്നു നായഗചൈതന്യ-സാമന്ത വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായവർ വേർപിരിഞ്ഞുവെന്നത് ആരാധകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇരുവരും സിനിമയോടുള്ള പ്രണയം കൊണ്ട് അഭിനയത്തിലേക്ക് എത്തിയവരാണ്. അവർ അവിടെ വെച്ച് തന്നെ തങ്ങളുടെ ജീവിത പങ്കാളികളേയും കണ്ടെത്തുകയായിരുന്നു. 2017ൽ ആയിരുന്നു ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം ഇരുവരുടേയും വിവാഹം.
തെന്നിന്ത്യൻ സിനിമാ ലോകത്തേയും ആരാധകരേയും സാക്ഷിയാക്കി നടന്നത്. ഇരുവരും എന്തിനാണ് വേർപിരിഞ്ഞത് എന്നത് വ്യക്തമല്ല. വിവാഹമോചനം ഇരുവരും പ്രഖ്യാപിച്ച സമയത്ത് നിരവധി ഗോസിപ്പുകൾ ഇരുവരുടേയും ജീവിതത്തെ സംബന്ധിച്ച് വന്നിരുന്നു.
സാമന്തയും നാഗചൈതന്യയും ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രബലമായ രണ്ട് പേരുകളായി മാറി കഴിഞ്ഞു. നാഗചൈതന്യയുമായി പിരിഞ്ഞ ശേഷം കരിയറിന് പ്രാധാന്യം നൽകിയാണ് സാമന്ത മുന്നോട്ട് പോകുന്നത്. നാഗചൈതന്യയും സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

അതേസമയം ഇപ്പോഴിത സാമന്തയുമായി വേർപിരിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോൾ ആദ്യമായി നാഗചൈതന്യയുടെ സോഷ്യൽമീഡിയയിൽ സാമന്തയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച് സിനിമ യേ മായു ചേസാവെ എന്ന ഗൗതം വാസുദേവ് മേനോൻ സിനിമയുടെ പതിമൂന്നാം വാർഷികമായിരുന്നു. വിണ്ണയ് താണ്ടി വരുവായ എന്ന തമിഴിലെ എവർഗ്രീൻ സൂപ്പർഹിറ്റ് പ്രണയ ചിത്രത്തിന്റെ റീമേക്കായ സിനിമ റിലീസ് ചെയ്തിട്ട് പതിമൂന്ന് വർഷം പിന്നിടുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് സാമന്തയെ ചേർത്ത് പിടിച്ച് നിൽക്കുന്ന യേ മായു ചേസാവെ സിനിമയുടെ പോസ്റ്റർ നാഗചൈതന്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും പകർത്തിയ ചില ഫോട്ടോകളും നാഗചൈതന്യ പങ്കുവെച്ചു. സോഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ലാത്ത നടനാണ് നാഗചൈതന്യ.
അതിനാൽ തന്നെ യേ മായു ചേസാവെയുടെ ഓർമകൾ പങ്കുവെച്ച് നാഗചൈതന്യ എത്തിയത് ആരാധകരേയും സന്തോഷിപ്പിച്ചു. യേ മായു ചേസാവെയുടെ സെറ്റിൽ വെച്ചാണ് നാഗൈതന്യയും സാമന്തയും ആദ്യമായി പരിചയപ്പെട്ടതും ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറിയതും.

യേ മായു ചേസാവെയുടെ പതിമൂന്നാം വാർഷികത്തിൽ സാമന്തയും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് എത്തിയിരുന്നു. 'എനിക്ക് പ്രായമാകുന്തോറും... ഞാൻ മുന്നോട്ട് പോകും... എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും... ഓരോ പുതിയ ദിവസത്തിനും അത് നൽകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്.'
'എന്നെ ബാധിച്ചിരുന്ന പല കാര്യങ്ങളും... ഇനി വേണ്ട. എല്ലാ ദിവസവും സ്‌നേഹത്തിന്റെയും നന്ദിയുടെയും തരംഗം മാത്രം. നന്ദി' എന്നാണ് സാമന്ത കുറിച്ചത്. സാമന്തയുടെ വരികൾ വായിക്കുമ്പോൾ എവിടെയൊക്കയോ നാഗചൈതന്യയോടുള്ള സ്നേഹം ഒളിഞ്ഞിരിക്കുന്നതായാണ് തോന്നുന്നതെന്നാണ് ആരാധകർ പറയുന്നത്.

ഒന്നുമല്ലാതിരുന്നിടത്ത് നിന്ന് യാതൊരു സിനിമ പാരമ്പര്യവും അവകാശപ്പെടാനില്ലാത്തിടത്ത് നിന്ന് സ്വന്തം കഴിവ് കൊണ്ട് നടന്ന് കയറി വന്ന നടിയാണ് സാമന്ത. നായകന്റെ പിന്നാലെ വെറുതെ നടക്കുന്ന നായികയിൽ നിന്ന് സ്വന്തമായി സ്റ്റാർഡം നേടിയെടുത്ത് ഇന്നിപ്പോൾ സ്വന്തം ടൈറ്റിലിൽ തന്നെ സിനിമ വിജയപ്പിക്കാനുള്ള കഴിവുണ്ട് സമാന്തയ്ക്ക്.
വ്യക്തി ജീവിതത്തിൽ പ്രതിസന്ധികളോരോന്നായി വന്നപ്പോഴും സമാന്തയുടെ കാലുകൾ അൽപ്പം പോലും ഇടറിയില്ല. പൂർവാധികം ശക്തിയോടെ തന്നെ സാമന്ത തന്റെ ജീവിതത്തെ തിരികെ പിടിച്ചു.

അടുത്തിടെയാണ് സമാന്ത തന്റെ അസുഖത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. മയോസൈറ്റിസ് എന്ന അപൂർവ രോഗത്തോട് താൻ മല്ലിടുകയാണെന്ന താരത്തിന്റെ വാക്കുകൾ അൽപ്പം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അവർ രോഗമുക്തി നേടി.
പതിവുപോലെ ഷൂട്ടിങ്ങിലേക്കും സെറ്റുകളിലേക്കും മടങ്ങിയെത്തി. സമാന്ത തന്നെ ടൈറ്റിൽ റോളിലെത്തിയ യശോദയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. ഇനി ശാകുന്തളം, ഖുഷി, സിറ്റാഡൽ എന്നീ ചിത്രങ്ങളും താരത്തിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.


Click it and Unblock the Notifications