ഞാൻ സന്തോഷവാനാണ്, ഇപ്പോഴത്തെ എന്റെ ജീവിതം, ആരോഗ്യകരമായ പ്രണയമാണ് വേണ്ടത്: നാഗ ചൈതന്യ
സ്വകാര്യ ജീവിതം ഇഷ്ടപ്പെടുന്ന നടനാണ് നാഗ ചൈതന്യ. സിനിമകളുടെ പ്രെമോഷനും മറ്റുമല്ലാതെ അഭിമുഖങ്ങളിലോ സോഷ്യൽ മീഡിയയിലോ നാഗ ചൈതന്യയെ കാണാറില്ല. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താര വിവാഹം. വിവാഹത്തിന് പിന്നാലെ നാഗ ചൈതന്യക്ക് കേൾക്കേണ്ടി വന്നത് മുൻ ഭാര്യ നടി സമാന്തയുടെ ആരാധകരുടെ കുറ്റപ്പെടുത്തലാണ്.
കടുത്ത സൈബർ ആക്രമണമാണ് നാഗ ചൈതന്യക്കും ശോഭിതയ്ക്കും നേരിടേണ്ടി വന്നത്. സമാന്തയെ നാഗ ചൈതന്യ ചതിച്ചെന്നും വിവാഹ ബന്ധം തകരാൻ കാരണം ശോഭിതയാണെന്നുമായിരുന്നു ആക്ഷേപം. എന്നാൽ സമാന്തയുമായി പിരിഞ്ഞതിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. നാഗ ചെെതന്യയ പോലെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നയാളാണ് ശോഭിതയും.

കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടും ഇതേക്കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാൻ ശോഭിത തയ്യാറായിട്ടില്ല. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നാഗ ചൈതന്യ. പ്രണയം എല്ലാമാണ്. ആരോഗ്യകരമായ പ്രണയം ഉണ്ടാകണമെന്ന് ഞാൻ വിശ്വസിക്കുന്നു. അതെങ്ങനെ പറയണം എന്നറിയില്ല. നിങ്ങളെ സന്തോഷവാനും ആരോഗ്യവാനും ആയി കാത്ത് സൂക്ഷിക്കുന്ന സ്വാധീനം ജീവിതത്തിലുണ്ടാകണമെന്ന് ഞാൻ കരുതുന്നു.
തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ സന്തോഷവാനാണെന്നും നാഗ ചൈതന്യ വ്യക്തമാക്കി. നേരത്തെ നൽകിയ അഭിമുഖത്തിൽ ശോഭിത നേരിടേണ്ടി വരുന്ന ആക്രമണങ്ങളെക്കുറിച്ച് നാഗ ചൈതന്യ സംസാരിച്ചിരുന്നു. ശോഭിതയുടെ കാര്യത്തിൽ വിഷമമുണ്ട്. തന്റെ കഴിഞ്ഞ കാലവുമായി ഒരു ബന്ധവും ശോഭിതയ്ക്കില്ല. ഞങ്ങളുടേത് സ്വാഭാവികമായുണ്ടായ പ്രണയമാണ്. ശോഭിത തന്റെ ജീവിതത്തിലെ യഥാർത്ഥ ഹീറോ ആണെന്നും നാഗ ചൈതന്യ പറഞ്ഞു.

സമാന്തയുമായി പിരിയേണ്ടി വന്നതിനെക്കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ വഴി തെരഞ്ഞെടുത്തു. ഏറെ ആലോചിച്ച് പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനമാണിത്. രണ്ട് പേരും ഗ്രേസ്ഫുളായി മുന്നോട്ട് നീങ്ങി. തന്നെ ക്രിമിനലിനെ പോലെ കാണുന്നതെന്തിനാണ്. തകർന്ന കുടുംബത്തിൽ വളർന്നയാളാണ് ഞാൻ. ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് ആയിരം തവണ ആലോചിക്കും. വേർപിരിയൽ ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ലെന്നും നാഗ ചെെതന്യ വ്യക്തമാക്കി.
വേർപിരിയലിനെക്കുറിച്ച് നേരത്തെ സമാന്തയും സംസാരിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിൽ 100 ശതമാനം നൽകിയിരുന്നു. എന്നാൽ അത് മുന്നോട്ട് പോയില്ലെന്ന് സമാന്ത വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് സമാന്തയിപ്പോൾ. സിതാഡെൽ ആണ് ഒടുവിൽ പുറത്തിറങ്ങിയ സീരീസ്. മറുവശത്ത് നാഗ ചൈതന്യയും കരിയറിലെ തിരക്കുകളിലാണ്. തണ്ടെൽ ആണ് നടന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. സായ് പല്ലവിയാണ് നായിക. ഇരുവരും ഒരുമിച്ചെത്തിയ രണ്ടാമത്തെ സിനിമയാണ് തണ്ടെൽ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. താരങ്ങളുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications