എനിക്ക് വിശ്വാസമാണെന്ന് അമല പറഞ്ഞു; നാഗാർജുന ഉറപ്പ് കൊടുക്കാതിരുന്നപ്പോൾ...; സുഹൃത്തിന്റെ വാക്കുകൾ
ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് നാഗാർജുനയും അമല അക്കിനേനിയും. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു നാഗാർജുനയുടെ ആദ്യ ഭാര്യയിലെ മകൻ നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം. നടി ശോഭിത ധുലിപാലയെയാണ് നാഗ ചൈതന്യ വിവാഹം ചെയ്യുന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു.
നാഗാർജുനയും അമലയെ ഏറെ നാൾ പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തത്. ഇതേക്കുറിച്ച് അമലയുടെ സുഹൃത്ത് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയോട് പല നടൻമാർക്കും സ്നേഹം തോന്നി. എന്നാൽ അമല സ്നേഹിച്ചത് നാഗാർജുനയെയാണെന്ന് കുട്ടി പത്മിനി പറയുന്നു.

നാഗാർജുനയും അമലയും നാല് വർഷത്തോളം പ്രണയിച്ചു. പക്ഷെ നാഗാർജുന കമ്മിറ്റ്മെന്റ് കൊടുത്തില്ല. എന്താണിത് അമല, കല്യാണം കഴിക്കുമെന്ന് നാഗ് പറയുന്നില്ലല്ലോ നീ ചോദിക്കെന്ന് ഞാൻ പറഞ്ഞു. എനിക്ക് വിശ്വാസമുണ്ട്, നാഗ് എന്നെ കൈ വിടില്ലെന്ന് അമല മറുപടി നൽകി. നാഗാർജുനയെക്കുറിച്ച് ചില ഗോസിപ്പുകൾ കേൾക്കുമ്പോൾ എനിക്ക് ആശങ്ക തോന്നി. അമലയെ കൈ വിട്ട് വേറെയാരെയെങ്കിലും വിവാഹം ചെയ്യുമെന്ന് ഭയന്നു.
ഇങ്ങനെയിരിക്കെ ഒരു ദിവസം നാഗാർജുന അമലയെ വിവാഹത്തിന് പ്രൊപ്പോസ് ചെയ്തു. അമലയ്ക്ക് വളരെ സന്തോഷമായി. ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് പപ്പി മാ, എന്നെ അദ്ദേഹം പ്രൊപ്പോസ് ചെയ്തെന്ന് പറഞ്ഞു. ഒരു നിബന്ധന വെച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ അമല വണ്ണം വെക്കരുതെന്നാണ്. വിവാഹത്തിന് ശേഷം മെലിഞ്ഞിരിക്കണമെന്ന് ഉറപ്പ് കൊടുത്തു. ഞാൻ ആശ്ചര്യപ്പെട്ടു. നീ സമ്മതിച്ചോ എന്ന് ഞാൻ ചോദിച്ചു. അതെയെന്ന് അമല.

വിവാഹത്തിന് ശേഷം അമലയെ കാണുന്നത് നടിക്ക് കുഞ്ഞ് പിറന്ന ശേഷമാണെന്നും കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. നാഗാർജുനയുടെയും അമലയുടെയും വിവാഹ ജീവിതത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. വലിയ വീട്ടിലാണ് താര ദമ്പതികൾ കഴിയുന്നത്. ഈ വീട് എങ്ങനെ നോക്കി നടത്തുമെന്ന് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. പഴയ കാല നായിക നടിമാരിൽ നിരവധി പേരുമായി കുട്ടി പത്മിനിക്ക് സൗഹൃദമുണ്ട്. നടി ശ്രീദേവി ബാല താരമായി അഭിനയിക്കുന്ന കാലത്താണ് കുട്ടി പത്മിനിയും ബാല താരമായി തിളങ്ങുന്നത്.
പിന്നീട് സീരിയൽ നിർമാണ രംഗത്തും സാന്നിധ്യമറിയിച്ചു. നാഗാർജുനയെ വിവാഹം ചെയ്ത ശേഷമുള്ള ജീവിതത്തെക്കുറിച്ച് അമല അക്കിനേനി നേരത്തെ സംസാരിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ജീവിതം തിരക്കുള്ളതും സന്തോഷകരവുമായിരുന്നെന്ന് അമല ചൂണ്ടിക്കാട്ടി. ഹൈദരാബാദിൽ അനിമൽ വെൽഫെയർ സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു.
ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ബോറടിച്ചില്ല. സിനിമ ചെയ്യാമെന്ന് തോന്നിയില്ല. പിന്നീട് അമ്മ വേഷങ്ങൾ വന്നു. എന്നാൽ തനിക്ക് തന്റേതായ തിരക്കുകൾ ഉണ്ടായിരുന്നെന്നും അമല അക്കിനേനി ചൂണ്ടിക്കാട്ടി.
അമലയുടെ മകൻ അഖിൽ അക്കിനേനി അഭിനയ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications











