കോഫി വിത്ത് കരൺ ഷോയിൽ താൻ പങ്കെടുക്കില്ലെന്ന് നാനി, വാക്കുകൾ ചർച്ചയായപ്പോൾ കാരണം വ്യക്തമാക്കി താരം!
ഇരുപത് വർഷക്കാലത്തോളമായി ബോളിവുഡിന്റെ മനസ് തോട്ടറിഞ്ഞ ചാറ്റ് ഷോയാണ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ. സിനിമാ താരങ്ങളുമായുള്ള തമാശയും രസകരമായ കുശലാന്വേഷണങ്ങളും നിറഞ്ഞ് നിന്നിരുന്ന ഷോയുടെ എട്ടാം സീസൺ അടുത്തിടെയാണ് ആരംഭിച്ചത്. ദീപിക പദുകോൺ, രൺവീർ സിങ് അടക്കമുള്ളവരാണ് എട്ടാം സീസണിൽ ഷോയിൽ അതിഥികളായി എത്തിയത്.
ലോകത്തെമ്പാടുമായി ഒട്ടേറെ കാഴ്ചക്കാർ കരണിന്റെ ഈ ഷോയ്ക്കുണ്ട്. സൗത്ത് ഇന്ത്യൻ സെലിബ്രിറ്റകളായ ധനുഷ്, സാമന്ത അടക്കമുള്ള താരങ്ങളും കോഫി വിത്ത് കരണിൽ അതിഥികളായി എത്തിയിട്ടുണ്ട്. എന്നാലിപ്പോൾ ഷോയെ കുറിച്ച് തെലുങ്ക് താരം നാനി നടത്തിയ പരാമർശമാണ് ചർച്ചയാകുന്നത്. കോഫി വിത്ത് കരൺ ഷോയിൽ താൻ പങ്കെടുക്കില്ലെന്നാണ് നാനി പറഞ്ഞത്.

നടന്റെ വാക്കുകൾ ചർച്ചയായതോടെ കാരണവും താരം വിശദീകരിച്ചു. തന്റെ വ്യക്തി ജീവിതം സ്വകാര്യമായി സംരക്ഷിക്കാന്‍ ശ്രമിക്കും എന്ന തരത്തിലായിരുന്നു താരത്തിന്റെ മറുപടി. 'എല്ലാം വളച്ചൊടിക്കുന്ന കാലമാണിത്. ഞാന്‍ ആ ഷോയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. കോഫി വിത്ത് കരണ്‍ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ആ ഷോയ്ക്ക് പറ്റിയ ആളല്ല ഞാനെന്നും എനിക്കുറപ്പുണ്ട്.'
'ഞാന്‍ ഒന്നിനെ കുറിച്ചും സംസാരിക്കാത്തതിനാല്‍ എനിക്കത് വളരെ ബോറായേക്കാം. അതൊരു രസകരമായ ഷോയാണ്. കരണുമായി സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ പരിപാടിയിലെ സമ്മാനവും റാപ്പിഡ് ഫയറും ഞാന്‍ അതിന് അനുയോജ്യനല്ല', എന്നാണ് നാനി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കേരളത്തിൽ നിന്നും ഒട്ടനവധി ആരാധകർ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ ഷോയ്ക്കുണ്ട്. സെലിബ്രിറ്റികളോട് സ്വകാര്യതയിലേക്ക് കടന്നുകയറി ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ കരൺ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. 2022ലെ കോഫി വിത്ത് കരണിന്റെ സീസൺ അതുവരെയുള്ളതിൽ വെച്ച് ഏറ്റവും മോശം സീസണായാണ് പ്രേക്ഷകർ കണക്കാക്കിയത്.
ഷോയിൽ പങ്കെടുക്കാനെത്തുന്ന നടീനടന്മാർ പി ആർ സ്പീക്ക് പോലുള്ള സംവിധാനങ്ങളിലൂടെ പരിശീലനം നേടിയ ശേഷമാണ് പരിപാടിയിൽ എത്തുന്നതെന്നും. കൂടാതെ അമ്പതുകാരനായ കരണിന് തന്നെക്കാൾ പ്രായം കുറഞ്ഞ അതിഥികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനായിരുന്നു താൽപര്യമെന്നതുമായിരുന്നു കാരണം. പലരും ആ സീസണിനെ വിചിത്രമെന്നാണ് വിശേഷിപ്പിച്ചത്. സീസൺ വിരസമായതിനാൽ പ്രേക്ഷകർക്ക് ഷോയോടുള്ള താൽപര്യവും കുറഞ്ഞിരുന്നു.

നെപ്പോട്ടിസം അടക്കമുള്ള വിഷയങ്ങൾക്ക് നടി കങ്കണ റണാവത്ത് തിരികൊളുത്തിയതും ഇതേ കോഫി വിത്ത് കരണിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്. അതേസമയം നാനിയുടെ ഏറ്റവും പുതിയ റിലീസ് ഹായ് നാന എന്ന സിനിമയാണ്. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











