അച്ഛൻ നാല് തവണ കെട്ടി, 60 വയസിലും വിവാഹം; 40 കാരനായ മകൻ വിവാഹം കഴിക്കുന്നില്ല; കാരണം തുറന്ന് പറഞ്ഞ് നവീൻ
വിവാഹ മോചനവും പുനർവിവാഹവും സിനിമാ ലോകത്ത് എപ്പോഴും കേൾക്കുന്ന വാർത്തയാണെങ്കിലും തെലുങ്ക് നടൻ നരേഷിന്റെ വിവാഹം കുറച്ചധികം ചർച്ചയായി. നാല് തവണയാണ് ഇദ്ദേഹം വിവാഹിതനായത്. ആദ്യം മൂന്ന് ബന്ധങ്ങളും പിരിഞ്ഞ ശേഷം നടി പവിത്ര ലോകേഷ് നരേഷിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. മൂന്നാം വിവാഹ ബന്ധം നിലനിൽക്കെ തന്നെ പവിത്രയുമായി നരേഷിന് ബന്ധമുണ്ട്. മൂന്നാം ഭാര്യ രമ്യ രഘുപതി ഇതറിഞ്ഞിട്ടും വിവാഹ മോചനം നൽകാൻ തയ്യാറായിരുന്നില്ല.
തന്റെ മകന്റെ ഭാവിക്ക് വേണ്ടിയാണ് ബന്ധത്തിൽ തുടരുന്നതെന്ന് രമ്യ അന്ന് വ്യക്തമാക്കി. എന്നാൽ ഒരു ഘട്ടത്തിൽ ഇരുവരും വിവാഹ ബന്ധം പിരിഞ്ഞു. ഇതിന് ശേഷമാണ് താനും പവിത്രയും ഒരുമിച്ചാണെന്ന് നരേഷ് സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുന്നത്. ട്രോളുകളും വിമർശനവും വന്നെങ്കിലും ഇരുവരും ഇതൊന്നും കാര്യമാക്കിയില്ല. ഇപ്പോഴിതാ നരേഷിന്റെ മൂത്ത മകൻ നവീൻ വിജയ കൃഷ്ണൻ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നരേഷിന്റെ ആദ്യ ഭാര്യ ശ്രീനുവിൽ ജനിച്ച മകനാണ് നവീൻ. 40 കാരനായ നവീൻ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. ഇതേക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോൾ വരാറുണ്ട്. അച്ഛൻ നാല് തവണ വിവാഹം ചെയ്തു. പക്ഷെ മകന് ഒരു വിവാഹം നടന്നില്ലെന്നാണ് വരാറുള്ള കമന്റുകൾ. ഇതേക്കുറിച്ചാണ് നവീൻ പ്രതികരിച്ചത്. താനിത് കാര്യമാക്കുന്നില്ല. ആവശ്യമില്ലാത്ത സ്ഥലത്ത് ഞാൻ എന്റെ ഊർജം പാഴാക്കാറില്ല. ആളുകൾക്ക് മറ്റുള്ളവരെക്കുറിച്ച് പറയുന്നത് ഇഷ്‌ടമാണ്.
ആരെയും തടയാൻ പറ്റില്ല. ഞാനും ട്രോളാറുണ്ട്. പക്ഷെ സെൻസിറ്റീവായ കാര്യങ്ങൾ തമാശയാക്കരുതെന്നാണ് എന്റെ പോളിസി. വിമർശിക്കുന്നവർ എപ്പോഴും വിമർശിച്ച് കൊണ്ടിരിക്കും. ഈ ആളുകളൊന്നും എനിക്ക് സാമ്പത്തികമായോ വ്യക്തിപരമായോ പ്രശ്നങ്ങളുള്ളപ്പോൾ സഹായിക്കില്ല. അവൻ വലിയ കുടുംബത്തിൽ നിന്നാണെന്ന് പറയുന്ന ആളുകൾ ഒരിക്കലും അവരുടെ പ്രതിസന്ധികൾ മനസിലാക്കില്ല.

നരേഷിന്റെ വ്യക്തി ജീവിതം അദ്ദേഹത്തിന്റേതാണ്. പറയുന്നവർ പറയട്ടെ. പറയുന്നവർ സ്വന്തം ജീവിതം നന്നാക്കിയാൽ നല്ലതാണെന്നും നവീൻ തുറന്നടിച്ചു. അവിവാഹിതനായി തുടരുന്നതിനെക്കുറിച്ചും നവീൻ സംസാരിച്ചു. എങ്ങോട്ടാണ് എന്റെ കരിയർ പോകുന്നതെന്ന് എനിക്കറിയില്ല. ഇപ്പോൾ ക്ലാരിറ്റിയുണ്ട്. വിവാഹം ചെയ്യണമെന്ന് തോന്നിയാൽ ചെയ്യുക. ചെയ്തേ പറ്റൂ എന്നത് കൊണ്ട് വിവാഹിതനാകരുത്.
വിവാഹ മോചനം നേടുന്നതിനേക്കാൾ നല്ലത് ഉചിതമായ സമയത്ത് വിവാഹം ചെയ്യുന്നതാണ്. വിവാഹം എപ്പോൾ വേണമെങ്കിലും ചെയ്യാം. ഇപ്പോൾ താൻ സിംഗിളാണെന്നും നവീൻ വ്യക്തമാക്കി. ചില സിനിമകളിൽ നായകനായി നവീൻ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.നവീന്റെ അമ്മ ശ്രീനുവുമായി വേർപിരിഞ്ഞ ശേഷം രേഖ സുപ്രിയയെ വിവാഹം ചെയ്തു.
ഈ ബന്ധവും പിരിഞ്ഞ ശേഷം രമ്യ രഘുപതിയെ വിവാഹം ചെയ്തു. രമ്യ രഘുപതിയെ ഒഴിവാക്കുക നരേഷിന് എളുപ്പമായിരുന്നില്ല. പവിത്രയുമായുള്ള ബന്ധം അറിഞ്ഞ ശേഷം രൂക്ഷമായ പ്രതികരണമാണ് രമ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഒരിക്കൽ നരേഷിനെയും പവിത്രയെയും ഹോട്ടൽ മുറിയിൽ നിന്ന് കൈയോടെ പിടികൂടിയിരുന്നെന്ന് വാർത്ത വന്നിരുന്നു.


Click it and Unblock the Notifications











