എന്തായാലും നിന്നെ ആരും നോക്കാൻ പോകുന്നില്ല; മേക്കപ്പ് ചെയ്യുന്ന നയൻതാരയോട് ജൂനിയർ എൻടിആർ പറഞ്ഞത്
തെന്നിന്ത്യൻ സിനിമാ രംഗത്തെ താരറാണിയായ നയൻതാര ഇന്ന് കൂടുതലും തമിഴകത്താണ് ശ്രദ്ധ നൽകുന്നത്. വല്ലപ്പോഴുമേ നടിയെ മലയാളം, തെലുങ്ക് സിനിമകളിൽ കാണാറുള്ളൂ. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചെങ്കിലും അവിടെയും നടി സജീവമായില്ല. നയൻതാരയെ ഇന്നത്തെ താരമാക്കി മാറ്റിയത് തമിഴകമാണ്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴകത്തേക്ക് കടന്നതോടെയാണ് നടിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. തുടക്ക കാലത്ത് തെലുങ്ക് സിനിമാ രംഗത്ത് നയൻതാര സജീവമായിരുന്നു.
തെലുങ്കിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കുമാെപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ ജൂനിയർ എൻടിആറിനെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രിയപ്പെട്ട സഹ താരങ്ങളിൽ ഒരാളാണ് ജൂനിയർ എൻടിആറെന്ന് നയൻതാര പറഞ്ഞു.
ഒരു ദിവസം ഞാൻ ടച്ച് അപ്പ് ചെയ്യുകയായിരുന്നു. അദ്ദേഹം എന്നെത്തന്നെ നോക്കി. എന്തുപറ്റി, എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഞാൻ ചോദിച്ചു.

ഇല്ല, എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത്, എന്തായാലും നിന്നെ ആരും നോക്കാൻ പോകുന്നില്ല, എന്നെയാണ് നോക്കുക പിന്നെ എന്തിന് മേക്കപ്പെന്ന് ജൂനിയർ എൻടിആർ. അദ്ദേഹം വളരെ ക്യൂട്ട് ആണ്. ജൂനിയർ എൻടിആറിന്റെ ഡാൻസ് എന്നെ അത്ഭതപ്പെടുത്തിയിട്ടുണ്ട്. ഒരു റിഹേഴ്സലും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാവരും റിഹേഴ്സൽ ചെയ്യില്ലെന്ന് പറയും. പക്ഷെ അവർ ചെയ്യുന്നുണ്ടാകും. എന്നാൽ ജൂനിയർ എൻടിആർ റിഹേഴ്സൽ ചെയ്യില്ല.
ഒരുപക്ഷെ ഇന്ന് ചെയ്യുന്നുണ്ടാവും. പക്ഷെ തന്നോടൊപ്പം അഭിനയിച്ച കാലത്ത് റിഹേഴ്സൽ ഇല്ലായിരുന്നെന്നും നയൻതാര വ്യക്തമാക്കി. പ്രഭാസിനെക്കുറിച്ചും അന്ന് നയൻതാര സംസാരിച്ചു. പ്രഭാസ് കുട്ടിയെ പോലെയാണ്. എന്നോടൊപ്പം അഭിനയിച്ച കാലത്തെ പോലെയാണോ ഇപ്പോഴെന്ന് അറിയില്ല. അന്ന് ചാടുകയും തമാശ പറയുകയും ചെയ്യും. എപ്പോഴും തമാശക്കാരനായിരുന്നു. എന്നാൽ ഇപ്പോൾ വലിയ താരമായിരിക്കുന്നു. അതിൽ സന്തോഷമുണ്ടെന്നും നയൻതാര പറഞ്ഞു.

രവിതേജയെക്കുറിച്ചും നയൻതാര സംസാരിച്ചു. രവിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്. പക്ഷെ കാണാറോ സംസാരിക്കാറോ ഇല്ല. രണ്ട് പേർക്കും തിരക്കുകളാണ്. ഞങ്ങൾ സെറ്റിൽ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. രവി തേജയ്ക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും നയൻതാര ചൂണ്ടിക്കാട്ടി.
തെലുങ്കിലെ താരങ്ങൾക്കൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്തിട്ടുണ്ട്. അതിനാൽ അവർ തനിക്ക് കുടുംബം പോലെയാണെന്നും നയൻതാര പറഞ്ഞു. മുമ്പൊരിക്കൽ കണക്ട് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നയൻതാര തെലുങ്ക് താരങ്ങളെക്കുറിച്ച് സംസാരിച്ചത്. ഗോഡ്ഫാദർ ആണ് നയൻതാര അവസാനമായി ചെയ്ത തെലുങ്ക് ചിത്രം.
ചിരഞ്ജീവി നായകനായ സിനിമ മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു. ലൂസിഫറിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് ഗോഡ്ഫാദറിൽ നയൻതാര ചെയ്തത്. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിയർ സ്റ്റുഡന്റ്സ് എന്ന മലയാള സിനിമയും ഇതിലുൾപ്പെടുന്നു. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ.


Click it and Unblock the Notifications











