ഭാര്യയെ മറികടന്ന് നാലാമതും വിവാഹിതനായി നടന്‍ നരേഷ് ബാബു; അറുപതാം വയസിലെ വിവാഹം പ്രശസ്ത നടിയുമായിട്ട്
തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടനായ നരേഷ് ബാബുവിന്റെ നാലാം വിവാഹത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നടി പവിത്ര ലോകേഷുമായി പ്രണയത്തിലായിരുന്ന താരം നടിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഇതോടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.
ഒടുവില്‍ ന്യൂയര്‍ ദിനത്തിലാണ് പ്രണയം സത്യമാണെന്നും വൈകാതെ വിവാഹിതരാവുമെന്നും താരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് പവിത്രയും നരേഷും എത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെ വിവാഹ ചടങ്ങുകളുടെ ചെറിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നരേഷ് ബാബു. 'ഞങ്ങളുടെ ഈ പുതിയ യാത്രയില്‍ സമാധാനവും സന്തോഷവും ജീവിതകാലം മുഴുവന്‍ ഉണ്ടാവാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ നരേഷ് സൂചിപ്പിച്ചിരിക്കുന്നത്.

ഹിന്ദു ആചാരപ്രകാരം നടത്തിയ താരവിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹവീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും. ഇതോടെ നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുകയാണ് ആരാധകര്‍. ഒപ്പം അറുപത് വയസുകാരന്റെ നാലാം വിവാഹത്തെ കളിയാക്കുന്നവരുമുണ്ട്.
തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ സഹോദരനാണ് നടന്‍ കൂടിയായ നരേഷ് ബാബു. താരകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന നരേഷ് മുന്‍പ് മൂന്ന് തവണ വിവാഹിതനായിരുന്നു. ഈ ബന്ധങ്ങളെല്ലാം പകുതി വഴിയില്‍ അവസാനിപ്പിക്കുകയും പുതിയ റിലേഷനിലേക്ക് പോവുകയും ചെയ്യുന്നതാണ് പതിവ്. ഏറ്റവുമൊടുവിലാണ് നടന്‍ പവിത്ര ലോകേഷുമായി അടുപ്പത്തിലാവുന്നത്.
2007 ല്‍ സുരേന്ദര്‍ പ്രസാദിനെ വിവാഹം കഴിച്ച പവിത്ര ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ നടിയ്ക്ക് ഒരു മകനുമുണ്ട്. കുറേ കാലം സിംഗിളായി കഴിഞ്ഞിരുന്ന 44 വയസ്സുള്ള നടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നരേഷ് ബാബുവുമായി ഡേറ്റിംഗിലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നതും. ഇതോടെയാണ് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

3 തവണ വിവാഹം കഴിച്ച് വിവാഹമോചിതനായ 60 കാരനായ ഒരു നടന്‍ ഇപ്പോള്‍ നാലാമതും ഒരു പ്രശസ്ത നടിയെ വിവാഹം കഴിച്ചിരിക്കുകയാണ്. ആദ്യ വിവാഹങ്ങളില്‍ മക്കളുള്ള നരേഷിന്റെ ഈ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലൂടെ ആരാധകര്‍ പറയുന്നത്.
സീനിയല്‍ ഡാന്‍സ് മാസ്റ്റര്‍ ശ്രീനുവിന്റെ മകളാണ് നരേഷ് ബാബുവിന്റെ ആദ്യഭാര്യ. ഈ ബന്ധം അവസാനിപ്പിച്ചതിന് ശേഷം രേഖ സുപ്രിയയെ നടന്‍ വിവാഹം കഴിച്ചു. ഈ ബന്ധവും പെട്ടെന്ന് തന്നെ ഉപേക്ഷിച്ചിട്ടാണ് രമ്യ രഘുപതിയുമായി മൂന്നാമതും വിവാഹിതനാവുന്നത്. രമ്യയുമായിട്ടുള്ള റിലേഷനും പാതി വഴിയില്‍ അവസാനിപ്പിച്ച നരേഷ് പവിത്രയുമായി ഇഷ്ടത്തിലാവുകയായിരുന്നു.

എന്നാല്‍ തന്റെ ഭര്‍ത്താവായ നരേഷിനെ കൊണ്ട് നാലാമതും വിവാഹം കഴിപ്പിക്കില്ലെന്ന് പറഞ്ഞ് രമ്യ രഘുപതി രംഗത്ത് വന്നത് വലിയ വാര്‍ത്തയായി. രമ്യയും നരേഷും നിയമപരമായി വിവാഹമോചിതരല്ല. അതുകൊണ്ട് നരേഷിനെ കൊണ്ട് വീണ്ടുമൊരു വിവാഹം കഴിപ്പിക്കില്ലെന്നും താരപത്‌നി ആരോപിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ നരേഷും പവിത്രയും വിവാഹിതരായത് എങ്ങനെയാണെന്ന് വ്യക്തമല്ല.
'മൂന്ന് തവണ വിവാഹിതനാവുകയും അതിലെല്ലാം ഓരോ കുട്ടികള്‍ വീതമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ സാധിക്കുന്നത്', അറുപത് വയസ് കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ ഇത്തരം നീചമായ പ്രവൃത്തിയെ കുറിച്ച് രമ്യ ചോദിച്ചത് ഇങ്ങനെയായിരുന്നു. മുന്‍കാല നടി വിജയ നിര്‍മലയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് നരേഷ് ബാബു. നടനായും രാഷ്ട്രീയക്കാരനായിട്ടുമൊക്കെ തിളങ്ങിയ നരേഷ് തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications