എന്റെ കൺമുന്നിൽ വെച്ച് വളർന്നവനാണ്; വരുണിന്റെ വിവാഹത്തിന് പോകുന്നില്ല; പവനിന്റെ മുൻ ഭാര്യ
കാത്തിരിപ്പിനൊടുവിൽ തെലുങ്ക് സിനിമാ ലോകം മറ്റൊരു വിവാഹത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങുകയാണ്. നടൻ വരുൺ തേജും ലാവണ്യ ത്രിപാദിയുമാണ് നവംബർ ഒന്നിനാണ് വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചാണ് വിവാഹം. വരുണും ലാവണ്യയും കുടുംബവുമെല്ലാം ഇറ്റലിയിലെത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം ഹൈദരാബാദിൽ വലിയ റിസപ്ഷൻ വെക്കാനാണ് സാധ്യത. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ കൊനിഡേല കുടുംബത്തിലെ ഇളമുറക്കാരനാണ് വരുൺ തേജ്.
ചിരിഞ്ജീവിയുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ തേജ്. വരുൺ തേജിന്റെ വിവാഹ നിശ്ചയത്തിന് കുടുംബാംഗങ്ങളെല്ലാം ഒത്തു ചേർന്നിരുന്നു. രാം ചരണും ഭാര്യയും ഉപാസനയുമുൾപ്പെടെയുള്ള ബന്ധുക്കൾ വിവാഹ നിശ്ചയം ആഘോഷമാക്കി. നടി നിഹാരികയുടെ സഹോദരനാണ് വരുൺ തേജ്. അടുത്തിടെയാണ് നിഹാരിക വിവാഹമോചിതയായത്. കൊനിഡേല വിവാഹാഘോഷങ്ങളിലേക്ക് കടന്നിരിക്കവെ വരുൺ തേജിനെക്കുറിച്ച് നടി രേണു ദേശായി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വരുൺ തേജിന്റെ അച്ഛന്റെ സഹോദരനായ പവൻ കല്യാണിന്റെ മുൻ ഭാര്യയാണ് രേണു ദേശായി. വരുൺ തേജിന്റെ വിവാഹത്തിന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ പോകുന്നില്ലെന്നും രേണു ദേശായി വ്യക്തമാക്കി. നിഹാരികയുടെ വിവാഹത്തിനും തനിക്ക് ക്ഷണം ലഭിച്ചതാണ്. എന്നാൽ പോയില്ല. പകരം മക്കളെ അയച്ചു. വരുൺ തേജുമായി ഇപ്പോഴും തനിക്ക് നല്ല ബന്ധമുണ്ട്. എട്ടാം വയസ് മുതൽ വരുൺ തേജിനെ കാണുന്നതാണ്. എന്റെ കൺമുമ്പിലാണ് അവൻ വളർന്നത്.
വിവാഹത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും വരുണിന് ആശംസകൾ അറിയിക്കുന്നെന്നും രേണു ദേശായി വ്യക്തമാക്കി. പവൻ കല്യാണുമായി പിരിഞ്ഞെങ്കിലും നടനുമായോ നടന്റെ കുടുംബവുമായോ അസ്വാരസ്യങ്ങളൊന്നും രേണു ദേശായിക്കില്ല. 2009 ലാണ് രേണുവും പവനും വിവാഹിതരായത്. അതിന് മുമ്പേ ഇരുവരും ലിവിംഗ് ടുഗെദറിൽ ആയിരുന്നു. 2012 ൽ രണ്ട് പേരും വേർപിരിയുകയാണുണ്ടായത്. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് രേണു ദേശായിയോ പവൻ കല്യാണോ തുറന്ന് സംസാരിച്ചിട്ടുമില്ല.

അകിര, ആദ്യ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. മക്കൾ അമ്മയ്ക്കൊപ്പമാണുള്ളത്. പിതാവ് പവൻ കല്യാണും മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. പവനിന്റെ ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് രേണു ദേശായിയുമായി അടുക്കുന്നത്. നന്ദിനി എന്നാണ് പവൻ കല്യാണിന്റെ ആദ്യ ഭാര്യയുടെ പേര്. നന്ദിനിയുമായി വേർപിരിഞ്ഞ പവൻ പിന്നീട് രേണുവിനെ വിവാഹം കഴിക്കുകയായിരുന്നു.
അഞ്ച് കോടി രൂപ പവൻ കല്യാൺ ആദ്യ ഭാര്യക്ക് ജീവനാംശമായി കൊടുത്തെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. രണ്ടാം ഭാര്യ രേണു ദേശായിയുമായി പിരിഞ്ഞ ശേഷം റഷ്യക്കാരിയായ അന്ന ലെസ്നവെയാണ് പവൻ വിവാഹം ചെയ്തത്. പവനിന്റെ ഒരു സിനിമയിൽ അന്ന അഭിനയിച്ചിരുന്നു. സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലായി. 2013 ലായിരുന്നു വിവാഹം.
അന്നയുമായും പവൻ വേർപിരിയാനൊരുങ്ങുന്നെന്ന് അടുത്തിടെ ഗോസിപ്പുകൾ വന്നു. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായ പവന് മൂന്ന് വിവാഹങ്ങൾ പലപ്പോഴും വിനയാകാറുണ്ട്. രാഷ്ട്രീയ എതിരാളികൾ പവിനെതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങളിലൊന്ന് വിവാഹങ്ങളാണ്. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പവൻ കല്യാൺ എവിടെയും സംസാരിക്കാറില്ല. അതേസമയം പവനിനെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ ആരാധകർ രംഗത്തെത്താറുണ്ട്.


Click it and Unblock the Notifications