സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ തുറന്ന് ചോദിച്ചു; വിവാഹമോചനമല്ല വേദനിപ്പിച്ചത്; പവനിന്റെ മുൻ ഭാര്യ
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായ പവൻ കല്യാണിന്റെ വ്യക്തി ജീവിതം മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. മൂന്ന് വിവാഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. റഷ്യൻ വനിതയായ അന്ന ലെസ്നവയാണ് നടന്റെ ഇപ്പോഴത്തെ ഭാര്യ. 2013 ലാണ് ഇരുവരും വിവാഹിതരായത്. ഇതിന് മുമ്പ് നടി രേണു ദേശായിയായിരുന്നു പവനിന്റെ ഭാര്യ. 2009 ൽ വിവാഹിതരായ ഇരുവരും 2012 ൽ വേർപിരിഞ്ഞു. രണ്ട് മക്കളും ഇവർക്കുണ്ട്.
ടോളിവുഡിൽ വലിയ ചർച്ചയായതാണ് പവൻ-രേണു ദേശായി ബന്ധം. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിംഗ് ടുഗെദറിൽ ആയിരുന്നു. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് പവൻ കല്യാൺ രേണുവുമായി അടുത്തത്. ബന്ധമറിഞ്ഞാണ് നടന്റെ ആദ്യ ഭാര്യ സംഗീത വേർപിരിഞ്ഞതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

പരസ്പരം അടുത്തറിഞ്ഞ ശേഷം വിവാഹിതരായ പവനും രേണുവും പിന്നീട് എന്തിനാണ് വേർപിരിഞ്ഞതെന്ന് വ്യക്തമായ വിവരമില്ല. വിവാഹമോചനത്തിന് ശേഷം പവനിന്റെ ആരാധകർ രേണുവിനെ കുറ്റപ്പെടുത്തിയ സാഹചര്യങ്ങളും ഉണ്ടായി. എന്നാൽ വിവാഹമോചനത്തിനപ്പുറം തന്റെ ജീവിതത്തിൽ മറ്റ് വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രേണു ദേശായ്. ഒരു തെലുങ്ക് മാധ്യമവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായികുന്നു നടി.
കുട്ടിക്കാലം മുതൽ താൻ നേരിട്ട അവഗണനയെക്കുറിച്ചാണ് രേണു ദേശായ് സംസാരിച്ചത്. എന്നെ ഗർഭിണിയായപ്പോൾ അച്ഛനും അമ്മയും ആഗ്രഹിച്ചത് ഒരു ആൺകുഞ്ഞിനെയാണ്. എന്നാൽ പെൺകുഞ്ഞ് പിറന്നതിൽ അവർ നിരാശരായി. വീട്ടിൽ താൻ ലിംഗവിവേചനം നേരിട്ടു. വിവാഹവും വേർപിരിയലുമൊക്കെയാണ് എന്നെക്കുറിച്ച് ആളുകൾ സംസാരിക്കുന്ന വിഷയം. അതിനപ്പുറം ഇത്തരം പ്രതിസന്ധികൾ താൻ നേരിട്ടിട്ടുണ്ട്.

ഞാൻ ജനിച്ച ശേഷം മൂന്ന് ദിവസം അച്ഛന്റെ എന്റെ മുഖം നോക്കിയത് പോലുമില്ല. അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ആ വേദന ഇപ്പോഴും മനസിലുണ്ട്. തനിക്ക് അനുജൻ ജനിച്ചപ്പോൾ അവനെ രാജകുമാരനെ പോലെയാണ് വളർത്തിയത്. ഏത് സാഹചര്യത്തിലാണ് താൻ വളർന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം.
അമ്മയുണ്ടായിട്ടും അമ്മയുടെ സ്നേഹം തനിക്ക് ലഭിച്ചില്ല. വിവാഹമോചനത്തേക്കാളും ഇതാണ് തന്നെ വേദനിപ്പിച്ചത്. ഇത്തരം മാതാപിതാക്കൾ അപൂർവമാണ്. തനിക്ക് പതിനെട്ട് വയസായപ്പോൾ പോലും ഈ തരംതിരിവ് പ്രകടമായിരുന്നു. വീട്ടിലെ ജോലിക്കാരാണ് തന്റെ കാര്യങ്ങൾ നോക്കിയത്. അച്ഛന്റെയും അമ്മയുടെയും സ്നേഹം ലഭിക്കാൻ താൻ സ്കൂളിൽ നന്നായി പഠിച്ചു.
അവഗണനയുടെ വേദന സഹിക്കാൻ പറ്റതായപ്പോൾ പത്തൊൻപതുകാരിയായ താൻ അമ്മയോട് ഇതേക്കുറിച്ച് തുറന്ന് ചോദിച്ചു. എന്തുകൊണ്ട് നിങ്ങളെന്നെ സ്നേഹിക്കുന്നില്ല, എനിക്ക് നിങ്ങളുടെ സ്നേഹം വേണം എന്ന് പറഞ്ഞപ്പോൾ അമ്മ മറുപടിയൊന്നും പറഞ്ഞില്ല. ഈ അനുഭവങ്ങൾ കൊണ്ടാണ് തന്റെ മക്കൾക്ക് താൻ ഇരട്ടി സ്നേഹം നൽകുന്നത്. ശക്തിയേക്കാളും സ്നേഹമാണ് ഞാൻ മക്കൾക്ക് പകർന്ന് നൽകുന്നത്.
രണ്ട് മക്കളും എന്നെ സംബന്ധിച്ച് തുല്യരാണ്. അവർക്ക് വേണ്ടി എന്ത് കഷ്ടതയും താൻ സഹിക്കുമെന്നും രേണു ദേശായ വികാരഭരിതയായി പറഞ്ഞു. അകിര എന്നാണ് രേണുവിന്റെ മകന്റെ പേര്. ആദ്യ എന്നാണ് മകളുടെ പേര്. ടൈഗർ നാഗേശ്വര റാവു എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് രേണു ദേശായി. രവി തേജ നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നാണ് രേണുവിന് ലഭിച്ചത്.


Click it and Unblock the Notifications