കല്യാണത്തിന്റെ പത്താം വര്‍ഷത്തില്‍ ആദ്യ കുഞ്ഞ്; കൊതിയോട് കൂടി ഈ വര്‍ഷം അവസാനിക്കുന്നുവെന്ന് ഉപാസന
ബോളിവുഡിലടക്കം താരസുന്ദരിമാരൊക്കെ അമ്മമാരായി കൊണ്ടിരിക്കുകയാണ്. 2022 അവസാനിക്കുമ്പോള്‍ ആലിയ ഭട്ട്, ബിപാഷ ബസു തുടങ്ങി മുന്‍നിര നടിമാരെല്ലാം അമ്മമാരായി മാറി എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. തെന്നിന്ത്യയിലേക്ക് വരികയാണെങ്കില്‍ കാജല്‍ അഗര്‍വാള്‍ മുതലിങ്ങോട്ട് നിരവധി നടിമാരാണ് മാതൃത്വം ആസ്വദിക്കുന്നത്.
ഏറ്റവും പുതിയതായി തെലുങ്ക് നാട്ടില്‍ നിന്നുമാണ് സമാനമായ വാര്‍ത്ത എത്തിയത്. കുഞ്ഞുങ്ങളെ വേണ്ടെന്ന തീരുമാനവുമായി ജീവിച്ചിരുന്ന നടന്‍ രം ചരണും ഭാര്യ ഉപാസനയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യം പുറംലോകത്തോട് പറഞ്ഞതിന് പിന്നാലെ രസകരമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഉപാസനയിപ്പോള്‍.

തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ രാംചരണ്‍ തന്റെ കരിയറില്‍ ഒത്തിരി മുന്നിലെത്തി കഴിഞ്ഞു. തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് രാംചരണ്‍. 2012 ല്‍ വിവാഹിതനായ നടനും ഭാര്യയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതിനെ പറ്റി തീരെ താല്‍പര്യമില്ലാത്തവരായിരുന്നു. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കുഞ്ഞിന് ജന്മം കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരെ ഉപാസന മുന്‍പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്നും രാംചരണ്‍ വൈകാതെ പിതാവ് ആയേക്കുമെന്നും ചിരഞ്ജീവിയാണ് പുറംലോകത്തോട് പറഞ്ഞത്. താനൊരു അപ്പൂപ്പനാവാന്‍ പോവുന്നതിന്റെ സന്തോഷവും ഈ വാര്‍ത്ത പങ്കുവെക്കുന്നതിലൂടെ മെഗാസ്റ്റാര്‍ അറിയിച്ചു.
അന്ന് മുതലിങ്ങോട്ട് ഉപാസനയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ താരപത്‌നി തന്നെ ഓരോ കാര്യങ്ങള്‍ പങ്കുവെച്ച് തുടങ്ങിയിരിക്കുകയാണ്.

'എനിക്കേറ്റവും കൂടുതല്‍ കൊതിയോട് കൂടിയാണ് ഈ വര്‍ഷം അവസാനിക്കാന്‍ പോകുന്നത്', എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കുന്ന പുതിയൊരു ഫോട്ടോയാണ് ഉപാസന പങ്കുവെച്ചത്. ഗര്‍ഭിണിയായതിന് ശേഷം ഭക്ഷണത്തിനോട് തോന്നുന്ന കൊതിയെ കുറിച്ചാണ് താരപത്‌നി പറഞ്ഞത്.
ഇത്തവണ സുഹൃത്തുക്കളുടെ കൂടെ ഭക്ഷണം കഴിക്കാനെത്തിയ ചിത്രങ്ങളും ഉപാസന പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല തന്നെയും കൂട്ടി ഇങ്ങനെ കഴിക്കാന്‍ നടക്കുന്നതിന് കൂട്ടുകാരികളോടുള്ള നന്ദിയും സൂചിപ്പിച്ചിരിക്കുകയാണ്.

വളരെ ചെറിയ പ്രായം മുതല്‍ പരസ്പരം അറിയാവുന്നവരായിരുന്നു രാം ചരണും ഉപാസനയും. ഇരുവരും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സുഹൃത്തുക്കളായിരുന്നു. വലുതായതിന് ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
അപ്പോളോ ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. 2012 ലായിരുന്നു ഹൈദരാബാദിലെ ഒരു അമ്പലത്തിലും അതിനോട് ചേര്‍ന്നുള്ള ഫാം ഹൗസിലുമായി രാംചരണിന്റെയും ഉപാസനയുടെയും വിവാഹം നടത്തിയത്.

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് താരദമ്പതിമാര്‍ കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. മുന്‍പ് കുഞ്ഞിനെ കുറിച്ച് ചോദിക്കുന്നവരോട് വ്യക്തമായിട്ടുള്ള മറുപടിയുമായി ഉപാസന എത്തുമായിരുന്നു. 'കുഞ്ഞിന് ജന്മം കൊടുക്കുക എന്നത് ഞങ്ങളുടെ പേഴ്‌സണല്‍ ചോയിസാണ്. അഥവാ, ഇപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞാല്‍ അത് മറ്റൊരു രീതിയില്‍ വളച്ചൊടിക്കും.

ഇനി കുഞ്ഞുങ്ങളോട് താല്‍പര്യമില്ലെന്നാണ് പറയുന്നതെങ്കില്‍ അതും വൈറലാവും. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്റെ പേഴ്‌സണല്‍ ചോയിസ് ആണതെന്നും ഉപാസന പറഞ്ഞു. ഇക്കാര്യത്തില്‍ ആരോടും മറുപടി പറയേണ്ട ആവശ്യം തനിക്കെല്ലെന്നുമാണ് അന്ന് താരപത്‌നി വ്യക്തമാക്കിയത്.


Click it and Unblock the Notifications