കാത്തിരിപ്പിനൊടുവിൽ പുഷ്പ രാജ് എത്തി; അല്ലു അർജുന്റെ താണ്ഡവം; പുഷ്പ 2: ദ റൂൾ ട്രെയിലർ കാണാം
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുൻ ചിത്രം പുഷ്പ 2: ദ റൂൾ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീല ഡാൻസ് നമ്പറുമായെത്തുന്നു. ഒന്നാം ഭാഗത്തിൽ സമാന്തയുടെ ഡാൻസ് നമ്പർ വൻ തരംഗമായിരുന്നു. പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത സിനിമയുടെ ബഡ്ജറ്റ് 500 കോടിക്ക് മുകളിലാണ്.
വില്ലൻ വേഷത്തിലെത്തുന്ന ഫഹദിന് രണ്ടാം ഭാഗത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് ഉണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഇരുവരുടെയും മാസ് സീനുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് വൈകുന്നത് സിനിമാ ലോകത്ത് ചർച്ചയായിരിക്കെയാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. 2021 ഡിസംബർ 17 നാണ് ആദ്യ ഭാഗം പുഷ്പ: ദ റൈസ് റിലീസ് ചെയ്തത്. ആഗോള തലത്തിൽ 390 കോടിക്ക് മുകളിൽ കലക്ഷൻ ചിത്രം നേടി. അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തിൽ ജനപ്രീതി നേടിക്കൊടുത്ത ആദ്യ സിനിമയാണിത്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും താരത്തിന് ലഭിച്ചു.
ഈ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടനെന്ന ഖ്യാതിയും അല്ലു അർജുൻ സ്വന്തമാക്കി. രണ്ടാം ഭാഗത്തിൽ താരത്തിനും ആരാധകർക്കും പ്രതീക്ഷകളേറെയാണ്. സുകുമാർ തന്നെയാണ് പുഷ്പയുടെ തിരക്കഥ ഒരുക്കിയതും. ബീഹാറിലെ പാട്നയിൽ നടന്ന ഇവന്റിലാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ബീഹാറിൽ വെച്ച് ട്രെയ്ലർ ലോഞ്ച് ചെയ്തതിന് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

പൊതുവെ മുംബൈ, ചെന്നെെ, ഹൈദരാബാദ്, ഡൽഹി, ബാഗ്ലൂർ തുടങ്ങിയ ഇടങ്ങിലാണ് പുഷ്പ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഇവന്റുകൾ നടത്തുക. എന്നാൽ പുഷ്പ 2 വിന്റെ കാര്യത്തിൽ മേക്കേർസ് വ്യത്യസ്ത കാണിച്ചു. ആദ്യ ഭാഗം പുഷ്പ: ദ റൈസ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. അല്ലു അർജുന് പാൻ ഇന്ത്യൻ തലത്തിൽ ഇന്നുള്ള സ്വീകാര്യത കൂടി കണക്കിലെടുത്താണ് പാട്നയിൽ വെച്ച് ട്രെയിലർ ലോഞ്ച് ചെയ്യാൻ മേക്കേർസ് തീരുമാനിച്ചത്. പുഷ്പ 2: ദ റൂളിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications