അടുത്ത കുഞ്ഞിനായി തയ്യാറാണ്; മകൾ പിറന്ന് മാസങ്ങൾക്കുള്ളിൽ ഉപാസന; കാരണം എന്തെന്നും താരപത്നി
ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് രാം ചരണും ഉപാസന കാമിനേനിയും. തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമാണ് രാം ചരണെങ്കിൽ ഉപാസന അപ്പോളോ ഹോസ്പിറ്റൽസിന്റെ തലപ്പത്തിരിക്കുന്നവരിൽ ഒരാളാണ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞും ഉപാസന കരിയറിലേക്ക് വലിയ ശ്രദ്ധ നൽകി. കുഞ്ഞ് പിന്നീട് മതിയെന്ന് തീരുമാനിച്ചതും ഇക്കാരണത്താലാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഉപാസനയ്ക്ക് കുഞ്ഞ് പിറന്നത്.
ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. എന്തുകാെണ്ടാണ് കുഞ്ഞുണ്ടാകാൻ വൈകിയതെന്ന ചോദ്യത്തിന് ഉപാസനയ്ക്ക് മറുപടിയുണ്ട്. താൻ അമ്മയാകാൻ മാനസികമായി തയ്യാറെടുത്ത ശേഷമാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് ഉപാസന പറയാറ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചോദ്യങ്ങൾ അവഗണിച്ച് തന്റെ തീരുമാനവുമായി മുന്നോട്ട് പോകാൻ ഉപാസനയ്ക്ക് കഴിഞ്ഞു. 33ാം വയസിലാണ് ഉപാസന അമ്മയായത്. കുഞ്ഞ് പിറന്ന ശേഷവും കരിയറിൽ ഉപാസന സജീവമാണ്.

കുഞ്ഞിനെ നോക്കാൻ ഏർപ്പാടാക്കിയ ആയക്ക് വലിയ തുകയാണ് ഉപാസനയും രാം ചരണും നൽകുന്നത്. താര ദമ്പതികളെക്കുറിച്ചുള്ള പുതിയൊരു റിപ്പോർട്ടാണിപ്പോൾ പുറത്ത് വരുന്നത്. രണ്ടാമതും അമ്മയാകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉപാസന. 'നമ്മുടെ ആരോഗ്യവും പ്രധാനമാണ്. നമ്മൾ നമ്മൾക്ക് പ്രാഥമിക പരിഗണന നൽകണം. നമ്മളെ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ആരും നമ്മളെ ശ്രദ്ധിക്കില്ല. പരിഹാരങ്ങളുള്ളപ്പോൾ സ്ത്രീകൾ സഹിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല'
'ജീവിതത്തിൽ എപ്പോൾ എന്ത് വേണമെന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം. ജീവിതത്തിൽ കുഞ്ഞ് വൈകി മതിയെന്ന തീരുമാനം ഞാനെടുത്തു. അതിലെനിക്ക് പശ്ചാത്താപമില്ല. രണ്ടാം റൗണ്ടിനായി എപ്പോൾ എന്റെ ഡോക്ടർ റെഡിയാണോ അപ്പോൾ ഞാനും റെഡിയാണ്. എന്റെ ആരോഗ്യവും എന്റെ ചോയ്സുമാണ്,' ഉപാസന പറഞ്ഞതിങ്ങനെ.

രണ്ടാമതും അമ്മയാകാൻ തയ്യാറാണെന്ന് ഉപാസന വ്യക്തമാക്കിയത് ഇതിനകം വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. കുഞ്ഞുണ്ടാകാൻ വൈകിയപ്പോൾ അമ്മയാകാൻ ഉപാസന തയ്യാറല്ലെന്ന പ്രചരണം വരെ ഒരു ഘട്ടത്തിൽ സിനിമാ ലോകത്തുണ്ടായിട്ടുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് ഉപാസന തുറന്ന് സംസാരിക്കുകയുമുണ്ടായി.
തനിക്ക് നേരെ പരിഹാസങ്ങൾ പോലും വന്നിട്ടുണ്ട്. ഞങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യവും വന്നു. എന്നാൽ തങ്ങൾക്ക് മാനസികമായും ശാരീരികമായും കുഞ്ഞിനൊപ്പമുണ്ടാകാനുള്ള സമയവും കരിയറിലെ വിജയം വേണമായിരുന്നു. കുഞ്ഞുണ്ടാകുന്നത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എനിക്കത് ഇരട്ടി സന്തോഷമുള്ള കാര്യമാകാൻ താൻ ശാക്തീകരിക്കപ്പെട്ട അമ്മയാണ്.
കരിയറിനും കുഞ്ഞിനും തുല്യപ്രാധാന്യം നൽകാൻ കഴിഞ്ഞെന്നും ഉപാസന വ്യക്തമാക്കി. മകൾ ക്ലിൻ കാര അച്ഛൻ രാം ചരണിനോട് കൂടുതൽ അടുപ്പം കാണിക്കുന്നതിനെക്കുറിച്ചും അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. അച്ഛന്റെ മുഖം കാണുമ്പോഴേക്കും മകളുടെ മുഖം തെളിയും. ഇത് കാണുമ്പോൾ തനിക്ക് അസൂയ തോന്നാറുണ്ടെന്നും ഉപാസന ചിരിയോടെ പറഞ്ഞു.
കുഞ്ഞിന്റെ കാര്യങ്ങൾ രണ്ട് പേരും കൂടിയാണ് നോക്കുന്നത്. തനിക്ക് തിരക്കുള്ളപ്പോൾ രാം ചരൺ കുഞ്ഞിനെ നോക്കും. മകളുടെ പരിപാലനത്തിൽ രണ്ട് പേരും തുല്യ പങ്കാളിത്തം വഹിക്കുന്നെന്നും ഉപാസന കാമിനേനി വ്യക്തമാക്കി. വിവാഹ ജീവിതത്തിലെ ആദ്യ നാളുകളിൽ രാം ചരൺ നടിമാർക്കൊപ്പം അഭിനയിക്കുന്നതിൽ പ്രശ്നം തോന്നിയിരുന്നു. എന്നാൽ പിന്നീട് രാം ചരൺ തന്നെ പറഞ്ഞ് മനസിലാക്കിയെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.


Click it and Unblock the Notifications