ആ ബന്ധം എനിക്ക് മനസിലാക്കാനായില്ല, സുഹൃത്ത് പറഞ്ഞ് മനസിലാക്കി തന്നു; അച്ഛനായതിനെക്കുറിച്ച് രാം ചരൺ
തെലുങ്ക് സിനിമാ ലോകത്തെ താര രാജവാണ് രാം ചരൺ. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ ഇന്ന് ഇന്ത്യയാെട്ടുക്കും രാം ചരണിന് ആരാധകരുണ്ട്. കരിയറിനൊപ്പം രാം ചരണിന്റെ വ്യക്തി ജീവിതത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. കഴിഞ്ഞ വർഷമാണ് നടനും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കരിയറിലെ തിരക്കുകൾ കാരണമാണ് കുഞ്ഞ് പിന്നീട് മതിയെന്ന് ഇരുവരും തീരുമാനിച്ചത്.
രാം ചരൺ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഉപാസന തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോയി. അപ്പോളോ ഹോസ്പിറ്റൽസിന്റെ നേതൃസ്ഥാനത്തുള്ളവരിൽ ഒരാളാണ് ഉപാസന. കുഞ്ഞ് പിന്നീട് മതിയെന്ന് തീരുമാനിച്ചതിനാൽ താരപത്നി നേരത്തെ തന്നെ എഗ് ഫ്രീസിംഗ് ചെയ്തിരുന്നു. അമ്മയാകാൻ വൈകുന്നതെന്തെന്ന ചോദ്യം തുടരെ വന്നെങ്കിലും ഉപാസന തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു.

വിവാഹവും അമ്മയാകലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് ഉപാസന അന്ന് ചൂണ്ടിക്കാട്ടി. ഒടുവിൽ ഉപാസന ഗർഭിണിയാണെന്ന വിവരം പുറത്ത് വന്നപ്പോൾ താര കുടുംബവും ആരാധകരും ഏറെ സന്തോഷിച്ചു. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. അച്ഛനായതിന്റെ സന്തോഷത്തിലാണ് രാം ചരൺ.
കുഞ്ഞിന്റെ കാര്യത്തിൽ തന്റെ തന്നോടാെപ്പം തുല്യ പങ്കാളിത്തം രാം ചരണും കാണിക്കുന്നുണ്ടെന്ന് അടുത്തിടെ ഉപാസന പറയുകയുണ്ടായി. ഇപ്പോഴിതാ മകളോടുള്ള സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ചരൺ. പുതിയൊരു ജീവനെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്വവും സന്തോഷവും ചേർന്നുള്ള വികാരമായിരുന്നു ആദ്യം.

തന്റെ ഭാര്യയും മകളും തമ്മിലുള്ള സവിശേഷ ബന്ധം തന്നെ ബാധിച്ചിരുന്നെന്നും രാം ചരൺ തുറന്ന് പറഞ്ഞു. തുടക്കത്തിൽ തനിക്കത് മനസിലാക്കാനായില്ല. ഇത് സാധാരണയാണെന്ന് തന്റെ സുഹൃത്ത് മനസിലാക്കി തന്നു. തന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്ന് ഒരു വർഷം മുമ്പ് വരെ കുഞ്ഞുമായുള്ള ആത്മബന്ധം വളർന്നില്ലായിരുന്നെന്ന് സുഹൃത്ത് തന്നോട് പറഞ്ഞതായും രാം ചരൺ വ്യക്തമാക്കി.
അതേസമയം ഇപ്പോൾ കുഞ്ഞിന് ആളുകളെ തിരിച്ചറിയാനാവുന്നുണ്ട്. താൻ പുറത്തേക്ക് പോകുമ്പോൾ മകൾക്ക് തന്നെ മിസ് ചെയ്യുന്നു. തനിക്കും അങ്ങനെ തോന്നുന്നു. മകൾ അടുത്തില്ലാത്ത സമയത്ത് തനിക്ക് ആ അസാന്നിധ്യം വിഷമമുണ്ടാക്കുന്നു. വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന് താനിന്ന് മുൻഗണന നൽകുന്നുണ്ടെന്നും രാം ചരൺ വ്യക്തമാക്കി.
ഇന്ന് ഷൂട്ട് കഴിഞ്ഞ് ആറ് മണിക്ക് വീട്ടിലേക്ക് തിരിച്ചെത്തുക എന്ന ചട്ടവും താരത്തിനുണ്ട്. മകളുടെ മുഖം കാണുന്നത് തന്നെ സന്തോഷിപ്പിക്കുന്നു. ജോലി ഇപ്പോൾ പഴയത് പോലെ ആ സന്തോഷം നൽകുന്നില്ലെന്നും രാം ചരൺ തുറന്ന് പറഞ്ഞു. വിവാഹ ജീവിതത്തിലേക്ക് കടന്ന് ഒരു പതിറ്റാണ്ടിന് ശേഷമാണ് രാം ചരൺ അച്ഛനായത്. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്.


Click it and Unblock the Notifications