'ചിരഞ്ജീവിയെയും ആ നടിമാരെയും ചേർത്ത് ഗോസിപ്പ്; മകൻ രാം ചരണിന്റെ കാര്യത്തിൽ അതുണ്ടായില്ല'
തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കുടുംബം. അച്ഛന്റെ പാത പിന്തുടർന്ന് മകൻ രാം ചരണും ഇന്ന് സൂപ്പർ താരമായി മാറിയിരിക്കുകയാണ്. ആർആർആർ എന്ന സിനിമയ്ക്ക് ശേഷം ഇന്ത്യയൊട്ടുക്കും വൻ ആരാധക വൃന്ദമാണ് രാം ചരണിനുള്ളത്. രാജമൗലി ചിത്രത്തിൽ അവിസ്മരണീയ പ്രകടനമാണ് രാം ചരൺ കാഴ്ച വെച്ചത്. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും രാം ചരണിനിത് സന്തോഷങ്ങളുടെ കാലമാണ്. അടുത്തിടെയാണ് താരത്തിനും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.
വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഉപാസനയും രാം ചരണും അച്ഛനമ്മാരാകുന്നത്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനത്തിലായിരുന്നു ദമ്പതികൾ. ക്ലിൻ കാര കൊനിഡേല എന്നാണ് രാം ചരണിന്റെ കുഞ്ഞിന്റെ പേര്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാൻ കരിയറിലെ തിരക്കുകൾ കുറച്ച് നാളത്തേക്ക് രാം ചരൺ മാറ്റി വെക്കുകയും ചെയ്തു.

രാം ചരണിനെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. കരിയറിലെ പ്രശസ്തിയിലും വിനയത്തോടെ പെരുമാറുന്നതാണ് രാം ചരണിനെ തുണയ്ക്കുന്നതെന്ന് ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. തമിഴ് സിനിമാ രംഗത്തും നിരവധി താരപുത്രൻമാരുണ്ട്. ഗൗതം കാർത്തിക്, അഥർവ, ഹരീഷ് കല്യാൺ തുടങ്ങിയവരെല്ലാം സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. നല്ല നടൻമാരുമാണ്. പക്ഷെ ഇവർ തമിഴ് സിനിമകൾ കാണുന്നുണ്ടോ, നല്ല കഥകൾ കേൾക്കാറുണ്ടോ എന്നൊന്നും അറിയില്ലെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.
ഇൻഡസ്ട്രിയിൽ രാം ചരണിന് നല്ല പേരാണ്. സമയത്ത് ഷൂട്ടിനെത്തും. രാവിലെ ഏഴ് മണിക്കാണ് ഷൂട്ടെങ്കിൽ 6. 45 ന് മേക്കപ്പോടെ എത്തും. ചിരഞ്ജീവിയാണ് ഇത് പറഞ്ഞ് കൊടുത്തതെന്ന് കരുതുന്നു. രശ്മിക മന്ദാനയ്ക്ക് ഒരു കാരവാനുണ്ട്. അതിൽ മാത്രമേ നടി ഷൂട്ടിനെത്തൂ. എല്ലാ സൗകര്യങ്ങളും കാരവാനിലുണ്ട്. പക്ഷെ രാം ചരൺ സാധാരണക്കാരെ പോലെ ഷൂട്ടിംഗ് സെറ്റിൽ നിൽക്കുമെന്നും ചെയ്യാറു ബാലു പറയുന്നു.

ഒരു തെലുങ്ക് റിപ്പോർട്ടറോട് ഞാൻ സംസാരിച്ചിരുന്നു. ആഡംബരം കാണിക്കാത്ത നടനാണ് രാം ചരണെന്ന് അവർ എന്നോട് പറഞ്ഞു. ഷൂട്ടിംഗ് സ്പോട്ടിലേക്ക് ആൾട്ടോ കാറിൽ പോലും വരും. വളരെ ഡൗൺ ടു എർത്ത് ആണ്. സിനിമാ ലോകത്തെ വിജയ പരാജയങ്ങളെക്കുറിച്ച് താരം മനസിലാക്കിയിട്ടുണ്ട്.
രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയെക്കുറിച്ച് ഒരു കാലത്ത് തുടരെ ഗോസിപ്പുകൾ വന്നിരുന്നു. തമിഴിലെ രണ്ട് നടിമാരുമായി ചേർത്താണ് ഗോസിപ്പുകൾ വന്നത്. എൺപതുകളിൽ അത് സർവ സാധാരണമാണ്. രാം ചരണിനെക്കുറിച്ച് അത്തരം ഗോസിപ്പുകൾ വരാതിരിക്കാൻ ശ്രദ്ധിച്ചെന്നും ചെയ്യാറു ബാലു പറയുന്നു.
ആർആർആറിന് ശേഷം രാം ചരണിന്റെ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. ഗെയിം ചേഞ്ചർ ആണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ. ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. സിനിമ പ്രഖ്യാപിക്കപ്പെട്ടിട്ട് ഏറെ നാളായെങ്കിലും റിലീസ് നീണ്ട് പോകുകയാണ്. സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 100 കോടിയാണ് സിനിമയ്ക്ക് നടൻ വാങ്ങുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.
മറുവശത്ത് പിതാവ് ചിരഞ്ജീവിയും കരിയറിന്റെ തിരക്കുകളിലാണ്. ഭോല ശങ്കറാണ് ചിരഞ്ജീവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കായ ഭോല ശങ്കർ പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കീർത്തി സുരേഷ്, തമന്ന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications