അവളോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ട്; ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ; സമാന്തയുടെ അസുഖത്തെക്കുറിച്ച് റാണ
കഴിഞ്ഞ വർഷമാണ് സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം സ്ഥിരീകരിച്ചത്.
തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായിക നടിയാണ് സമാന്ത. യെ മ ചെസവ എന്ന സിനിമയിൽ നായികയായി വന്നപ്പോൾ മോഡലിംഗിൽ നിന്നും സിനിമയിലേക്കെത്തിയ, കുറച്ച് കാലം മാത്രം കരിയറിൽ നിലനിൽക്കാൻ സാധ്യതയുള്ള നടിമാരിലൊരാളായാണ് പ്രേക്ഷകരും സിനിമാ ലോകവും സമാന്തയെ കണ്ടത്.
നടി ചെയ്തിരുന്ന സിനിമകളും ഇത്തരത്തിലായിരുന്നു. സൂപ്പർ സ്റ്റാർ സിനിമകളിൽ കാര്യമാെയൊന്നും ചെയ്യാനില്ലാത്ത നായികാ വേഷങ്ങളായിരുന്നു അക്കാലത്ത് സമാന്തയ്ക്ക് ലഭിച്ചത്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ സമാന്തയെ തേടി നല്ല അവസരങ്ങളെത്തി.
ഓ ബേബി, സൂപ്പർ ഡീലക്സ് തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ സമാന്ത തിളങ്ങി. ഫാമിലി മാൻ എന്ന സീരീസിലെ രണ്ടാം സീസണിൽ ചെയ്ത വില്ലൻ വേഷം സമാന്തയുടെ കരിയർ ഗ്രാഫുയർത്തി. പുഷ്പയിൽ ചെയ്ത ഡാൻസ് നമ്പറും താരമൂല്യം വർധിപ്പിച്ചു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് സമാന്തയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധി വരുന്നു.
പേശികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ അസുഖമായ മയോസിറ്റിസ് സമാന്തയ്ക്ക് ബാധിച്ചു. മാസങ്ങളായി ഇതിന്റെ ചികിത്സയിലാണ് നടി. അസുഖം സ്ഥിരീകരിച്ച ആദ്യ മാസങ്ങളിൽ സമാന്ത ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനിടെ പ്രചരിക്കുകയും ചെയ്തു.

ഒടുവിൽ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമാന്ത തുറന്ന് സംസാരിച്ചു. മാസങ്ങളായി മയോസിറ്റിസിന്റെ ചികിത്സയിലാണെന്നാണ് നടി വ്യക്തമാക്കിയത്. അതേസമയം താൻ ഗുരുതരാവസ്ഥയിലല്ലെന്നും പിന്നീടൊരു അഭിമുഖത്തിൽ നടി വ്യക്തമാക്കി.
സമാന്തയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ റാണ ദഗുബതിയിപ്പോൾ. തന്റെ അസുഖ വിവരം സമാന്ത തുറന്ന് പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. അസുഖ വിവരമറിഞ്ഞ ശേഷം സമാന്തയോട് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടെന്ന് റാണ വ്യക്തമാക്കി.

എല്ലാവർക്കും ജീവിതതതിൽ അവരുടേതായ പ്രതിസന്ധികൾ നേരിടാനുണ്ടാവുമെന്നും നടൻ ചൂണ്ടിക്കാട്ടി. ദുഃഖകരമായ കാര്യങ്ങൾ നടക്കും. പക്ഷെ തിരിച്ച് വന്ന് മുന്നോട്ട് നീങ്ങുക എന്നതിലാണ് മനോഹാരിതയെന്നും റാണ ദഗുബതി അഭിപ്രായപ്പെട്ടു.
നേരത്തെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട നടനാണ് റാണ. തന്റെ വൃക്ക തകരാറിലായിരുന്നെന്ന് നടൻ തുറന്ന് പറഞ്ഞിരുന്നു. രോഗം 30 ശതമാനം മാരകമായിരുന്നു. രക്തസ്രാവമോ പക്ഷാഘാതമോ ഉണ്ടാവാൻ 70 ശതമാനം സാധ്യത കൂടുതലാണെന്നും അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതായി നടൻ തുറന്ന് പറഞ്ഞു. എന്നാൽ ഈ ഭയത്തെ മറികടക്കാൻ കഴിഞ്ഞെന്നും ഇപ്പോൾ ആരോഗ്യത്തിന് കുഴപ്പമില്ലെന്നും റാണ അന്ന് വ്യക്തമാക്കി.
2020 ൽ സാം ജാം എന്ന സമാന്ത അവതാരകയായെത്തിയ പ്രോഗ്രാമിലാണ് റാണ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നത്.
തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്നും പിന്നീടൊരു അഭിമുഖത്തിൽ റാണ തുറന്ന് പറഞ്ഞിരുന്നു. ബാഹുബലിയിൽ ചെയ്ത വില്ലൻ വേഷത്തിലൂടെയാണ് റാണ ദഗുബതി വൻ പ്രശസ്തി നേടുന്നത്.

മറുവശത്ത് സമാന്ത മയോസിറ്റിന്റെ ചികിത്സ തുടരുന്നുണ്ട്. ആരോഗ്യ നില മെച്ചപ്പെട്ട നടി ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നു. പുതിയ സീരീസ് സിതാഡെലിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്ന ഖുശി എന്ന സിനിമയുടെ ഷൂട്ടും ഉടനെ പുനരാരംഭിക്കുമെന്നാണ് വിവരം.
ശാകുന്തളമാണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ദേവ് മോഹനാണ് നായകനായെത്തുന്നത്. യശോദയാണ് ഒടുവിലായി പുറത്തിറങ്ങിയ സമാന്തയുടെ ചിത്രം.


Click it and Unblock the Notifications











